2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ദൈവത്തിന്റെ സ്വന്തംനാട്ടില്‍ പ്രതീക്ഷയ്ക്കു വകയുണ്ട്

എ സജീവന്‍

ഈദ് ആശംസ നേരാനായി സുഹൃത്തുക്കളെ ഓരോരുത്തരെയായി ഫോണില്‍ വിളിച്ചപ്പോള്‍ സഹപ്രവര്‍ത്തകനായ ഖാലിദിനെ കിട്ടിയിരുന്നില്ല. കുറച്ചുകഴിഞ്ഞ് അദ്ദേഹം തിരികെ വിളിച്ചു, ‘ക്ഷമിക്കണം, പെരുന്നാള്‍നിസ്‌കാരം കഴിഞ്ഞു തിരിച്ചുവരുമ്പോള്‍ ചില സുഹൃത്തുക്കളെ കണ്ട് സംസാരിച്ചു നിന്നുപോയി. ഫോണെടുത്തിരുന്നില്ല.’

 

പരസ്പരം ഈദ് ആശംസനേര്‍ന്നു സംസാരിക്കുന്നതിനിടയില്‍ അദ്ദേഹം അന്നു പള്ളിയില്‍ നടന്ന പ്രബോധനപ്രഭാഷണത്തെ (ഖുത്്വബ) കുറിച്ചു പറഞ്ഞു.
‘ഇക്കൊല്ലം കേട്ട ഖുത്വ്ബ മനസ്സിനെ വല്ലാതെ സ്പര്‍ശിക്കുന്നതായിരുന്നു. സുഖകരമായ കുളിര്‍മ തോന്നി. ഇന്നത്തെ കാലത്തു നമ്മളൊക്കെ കേള്‍ക്കാന്‍ കൊതിക്കുന്ന വാക്കുകളായിരുന്നു അത്.’
ബലി പെരുന്നാളിന്റെ സന്ദേശവും ഇബ്‌റാഹീം നബിയുടെ ഉദാത്തമാതൃകയുമൊക്കെ വളരെ തന്മയത്വമായി പ്രബോധകന്‍ അവതരിപ്പിച്ചതായി ഖാലിദ് പറഞ്ഞു. പെരുന്നാള്‍ ആഘോഷമാക്കി മാറ്റുന്നതിനു മുമ്പ് അയല്‍പ്പക്കത്തുള്ളവര്‍ സാമ്പത്തികാവസ്ഥ മനസ്സിലാക്കി അവരുടെ വിശപ്പും ദുഃഖവുമകറ്റാന്‍ കൂടി ശ്രമിക്കണമെന്നു പറഞ്ഞു.

അതുകഴിഞ്ഞ്, ഖുത്വ്ബ നടത്തിയ പണ്ഡിതന്‍ പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നുവത്രേ: ‘രണ്ടുദിവസം കഴിഞ്ഞാല്‍ ഓണം വരികയാണ്. കാണം വിറ്റും ഓണമുണ്ണണമെന്നാണു ചൊല്ലെങ്കിലും വിലക്കയറ്റത്തിന്റെയും വറുതിയുടെയും ഇക്കാലത്ത് ഓണമാഘോഷിക്കാനായി എന്തെങ്കിലും വില്‍ക്കാന്‍പോലും നിവൃത്തിയില്ലാത്ത എത്രയോ ഹിന്ദുസഹോദരന്മാര്‍ നമുക്കു ചുറ്റുമുണ്ടാകാം. അവരുടെ തിരുവോണം കണ്ണീര്‍പൂക്കളത്തിലാകരുതെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വംകൂടി യഥാര്‍ഥ മുസ്‌ലിമിനുണ്ട്.
അല്ലാഹുവിന്റെ സൃഷ്ടിപ്പില്‍ ആര്‍ക്കും ദുരിതമുണ്ടാകരുത് എന്നായിരിക്കണം ഓരോ വിശ്വാസിയുടെയും പ്രാര്‍ഥന. കാരണം, അല്ലാഹു പരമകാരുണികനും കരുണാമയനുമാണ്. സമസ്ത ലോകത്തിനും കാരുണ്യമായാണ് അല്ലാഹു തന്റെ ദൂതനെ ഈ ഭൂമിയിലേയ്ക്ക് അയച്ചിട്ടുള്ളത്. ഈ പുണ്യദിനത്തില്‍ മുസ്‌ലിംകള്‍ ഓരോരുത്തരും കാരുണ്യത്തിന്റെ ആ മഹാസന്ദേശമാണു ജീവിതമാതൃകയായി ഏറ്റുവാങ്ങേണ്ടത്.’

ഖുത്വ്ബയിലെ കാര്യങ്ങള്‍ വിവരിച്ചശേഷം ഖാലിദ് ഇങ്ങനെ പറഞ്ഞു, ”എല്ലാവരും പരസ്പരം അംഗീകരിക്കുകയും സ്‌നേഹിക്കുകയും ബഹുമാനിക്കുകയുമൊക്കെ ചെയ്താല്‍ നമ്മുടെ നാട് ശരിക്കും ദൈവത്തിന്റെ സ്വന്തം നാടാകുമല്ലേ. ഇന്ന് എനിക്കു നേരിലും ഫോണിലും പെരുന്നാളാശംസ നേര്‍ന്നവരില്‍ നല്ലൊരു ശതമാനവും അമുസ്‌ലിംകളാണ്. അതൊക്കെ കേള്‍ക്കുമ്പോഴാണു മനസ്സില്‍ മതമൈത്രിയെക്കുറിച്ചുള്ള പ്രതീക്ഷ നിറയുന്നത്.”

ഖാലിദിന്റെ വാക്കുകള്‍ കേട്ടപ്പോഴാണു ദിവസങ്ങള്‍ക്കു മുമ്പു സോഷ്യല്‍മീഡിയയിലെ ചില പരാമര്‍ശങ്ങളും പ്രതികരണങ്ങളും ഓര്‍മവന്നത്. എന്തുമേതും വിവാദമാക്കി മനുഷ്യമനസ്സുകളില്‍ കന്മഷം നിറയ്ക്കാന്‍ വിരുതരാണല്ലോ സോഷ്യല്‍മീഡിയയിലെ ചില സ്ഥിരം അവതാരങ്ങള്‍. അത്തരത്തില്‍ വഴിവിട്ടുപോകുമായിരുന്ന ചില പരാമര്‍ശങ്ങളാണു വളരെ തന്മയത്വത്തോടുകൂടി ചില സുമനസ്സുകള്‍ നേര്‍വഴിയിലേക്കു തിരിച്ചുവിട്ടത്.

വിവാദത്തിലേക്കും പകയിലേക്കും വഴിമാറിപ്പോകാമായിരുന്ന ആ സന്ദേശപ്പെരുമഴയുടെ തുടക്കം അറഫാദിനത്തില്‍ നടക്കുന്ന ഓണാഘോഷത്തെക്കുറിച്ചുള്ള ഒരു മുന്നറിയിപ്പു സന്ദേശമായിരുന്നു. പവിത്രമായ അറഫാദിനത്തില്‍ മിക്ക മുസ്‌ലിംകളും നോമ്പനുഷ്ഠിക്കും. ശരിയായ വിശ്വാസിക്ക് ഒഴിച്ചുകൂടാനാവാത്തതാണ് ആ വ്രാതാനുഷ്ഠാനം.

ഓണാവധിക്കു വിദ്യാലയങ്ങള്‍ അടയ്ക്കുന്നതിന്റെ തലേന്നാണ് എല്ലാവര്‍ഷവും വിദ്യാലയങ്ങളില്‍ ഓണാഘോഷ പരിപാടിയും ഓണസദ്യയുമൊക്കെ ഒരുക്കുക. അതില്‍ എല്ലാ മതവിഭാഗത്തില്‍പെട്ട കുട്ടികളും അധ്യാപകരും മറ്റു ജീവനക്കാരും പങ്കെടുക്കാറുണ്ട്.

ഇത്തവണ അറഫാദിനത്തിന്റെ അന്നാണ് ഓണാവധി തുടങ്ങുന്നതിന്റെ തലേദിവസമെന്നതിനാല്‍ അന്നു നടക്കുന്ന ഓണാഘോഷത്തില്‍ മുസ്‌ലിം കുട്ടികള്‍ വ്രതംമുടക്കി പങ്കെടുക്കാന്‍ സാധ്യതയുണ്ടെന്നും അവരെ അതില്‍നിന്നു പിന്തിരിപ്പിക്കണമെന്നും ആവശ്യപ്പെടുന്ന ചില സന്ദേശങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. നോമ്പുകാരന്‍ അക്കാര്യം മറക്കരുതെന്ന സദുദ്ദേശ്യത്തോടെയായിരിക്കാം ആ സന്ദേശം പ്രചരിപ്പിച്ചതെങ്കിലും അതിലെ ചില വാക്കുകളിലെ കണിശത ‘എതിരാളി’ക്ക് ആയുധമാക്കാന്‍ സഹായകമായിരുന്നു.

അതുതന്നെ സംഭവിച്ചു. തീപ്പൊരി വീണാല്‍ ആളിക്കത്താന്‍ പാകത്തില്‍നില്‍ക്കുന്ന ചില കുടിലബുദ്ധികള്‍ അതിനെ വര്‍ഗീയസ്പര്‍ധയുണ്ടാക്കുന്ന സന്ദേശമായി ചിത്രീകരിച്ചു. പിന്നീട് അതിനെപ്പിടിച്ചുള്ള വാദപ്രതിവാദങ്ങളായിരുന്നു കണ്ടത്. കൈവിട്ടുപോകാവുന്ന അവസ്ഥ.

ഇതിനിടയില്‍ ഒരു മുസ്‌ലിം സഹോദരന്‍ ഇങ്ങനെ ഒരു കുറിപ്പിട്ടു, ‘ഇതൊരു തര്‍ക്കവിഷയമാക്കുന്നതിനു പകരം രമ്യമായി പരിഹരിക്കാനല്ലേ ശ്രമിക്കേണ്ടത്. അറഫാദിനത്തിലല്ലാതെ മറ്റൊരു ദിവസം ഓണാഘോഷം നടത്താന്‍ അമുസ്‌ലിം സഹോദരങ്ങളോട് അഭ്യര്‍ഥിക്കുകയും ആ ദിവസം അതില്‍ പൂര്‍ണമായും പങ്കാളികളാകുകയുമല്ലേ വേണ്ടത്. അതല്ലാതെ മാറിനിന്നാല്‍, തെറ്റായ സന്ദേശമാണു പരക്കുക.’
ഇതിനെ അഭിനന്ദിച്ചുകൊണ്ടു ധാരാളം സന്ദേശങ്ങള്‍ വന്നു. അറഫാദിനം ഒഴിവാക്കിയാണു മഹാഭൂരിപക്ഷം വിദ്യാലയങ്ങളിലും ഓണാഘോഷപരിപാടി നടത്തുന്നതെന്നും അതിലുണ്ടായിരുന്നു. ഒരു പ്രശ്‌നവും പകയും വിഭാഗീയതയുമില്ലാതെ ഓണാഘോഷം എല്ലാ വിദ്യാലയങ്ങളിലും ഓഫിസുകളിലും നടന്നു. ഖാലിദ് പറഞ്ഞപോലെ സുമനസ്സുകള്‍ കേരളത്തിന്റെ മതേതര പതാകയുടെ വാഹകരായി ഉണ്ടാകുമെന്ന വിശ്വാസത്തെ ഈ സംഭവം ദൃഢീകരിക്കുന്നു.

ഇങ്ങനെയോരോന്നു ചിന്തിച്ചിരിക്കെയാണു ഫൈസലിന്റെ ഓര്‍മപ്പെടുത്തല്‍ ഫോണില്‍വരുന്നത്. ‘അല്ലാ.., മറന്നിട്ടില്ലല്ലോ. കാണാത്തതോണ്ട് വിളിച്ചതാണ്.’
ഓര്‍മപ്പെടുത്തല്‍ ആവശ്യമില്ലാത്ത ക്ഷണമാണത്. എത്രയോ വര്‍ഷമായി എന്റെ കുടുംബത്തിന്റെ പെരുന്നാളാഘോഷം അയല്‍വാസിയായിരുന്ന ആലിക്കാക്കയുടെ വീട്ടിലാണ്. ആലിക്കാക്ക മരിച്ചിട്ടുവര്‍ഷങ്ങളായി, മക്കള്‍ പലയിടത്തേയ്ക്കും താമസം മാറി. പക്ഷേ, എല്ലാ പെരുന്നാളിനും ആ സഹോദരങ്ങള്‍ അവരിലേതെങ്കിലുമൊരാളുടെ വീട്ടില്‍ ഒന്നിക്കും.

അതില്‍ ഞങ്ങളുമുണ്ടാകും.
കാരണം, മനസ്സുകൊണ്ട് ഞങ്ങള്‍ എന്നോ സഹോദരങ്ങളായിത്തീര്‍ന്നിരുന്നു.

 

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.