പെരിയ (കാസർകോട്)
ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി) നടപ്പാക്കുന്നതിന് പരസ്പര സഹകരണത്തിനും യോജിച്ചുള്ള പ്രവർത്തനത്തിനും കേരള കേന്ദ്ര സർവകലാശാലയിൽ സംഘടിപ്പിച്ച വൈസ് ചാൻസലർമാരുടെയും വിദ്യാഭ്യാസ വിദഗ്ധരുടെയും റൗണ്ട് ടേബിൾ കോൺഫറൻസിൽ തീരുമാനം. സർവകലാശാലകളും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതിനായി പദ്ധതികൾ തയാറാക്കും. വിദ്യാഭ്യാസ മുന്നേറ്റത്തിനു പുതുവഴികൾ തുറന്നാണ് രണ്ടുദിവസത്തെ കോൺഫറൻസ് സമാപിച്ചത്.
എൻ.ഇ.പി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യത്തെ ഏറ്റവും വലിയ കോൺഫറൻസിനാണ് കേരള കേന്ദ്ര സർവകലാശാല വേദിയായത്. വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന ശിക്ഷാ സംസ്‌കൃതി ഉത്ഥാൻ ന്യാസുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ദേശീയ വിദ്യാഭ്യാസ നയം വിദ്യാർഥികൾക്കും വിദ്യാഭ്യാസ മേഖലയ്ക്കും അവസരങ്ങളുടെ വലിയ ലോകം തുറന്നിടുകയാണെന്നു കോൺഫറൻസ് വിലയിരുത്തി. ഫലപ്രദമായി നടപ്പാക്കുന്നതിൽ കൂടുതൽ ശ്രദ്ധ വേണം. പല മികച്ച നയങ്ങളും പ്രയോഗവൽകരിക്കുന്നതിൽ പരാജയപ്പെട്ടതിന്റെ മുൻകാല അനുഭവങ്ങളുണ്ട്. പ്രാദേശിക ഭാഷയിലുള്ള ഗവേഷണവും പഠനവും പ്രോത്സാഹിപ്പിക്കപ്പെടണം.
അധ്യാപനവും പഠനവും ആഗോള നിലവാരത്തിലേക്ക് ഉയർത്തുന്നതിന് സർവകലാശാലകൾക്ക് പ്രധാന പങ്ക് വഹിക്കാനാകും. വിദ്യാഭ്യാസം വിദ്യാർഥി സൗഹൃദമാകുന്നതിന്റെ ഉദാഹരണമാണ് അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്. എൻ.ഇ.പി നടപ്പാക്കുന്നതിനുള്ള മാതൃകകളും കോൺഫറൻസ് ചർച്ച ചെയ്തു. ഇതിലെ നിർദേശങ്ങൾ ഉൾപ്പെടുത്തി മാർഗരേഖ തയാറാക്കാനും തീരുമാനിച്ചു.
Comments are closed for this post.