2022 May 24 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ദേശീയപാതയിലെ അപകടം ഒഴിവാക്കാനുള്ള നിര്‍മാണങ്ങള്‍ വിനയാകുന്നു

ഹരിപ്പാട്: ദേശീയപാതയിലെ അപകടങ്ങള്‍ ഒഴിവാക്കാനായി നടത്തുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വലിയ അപകടങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് ആശങ്ക. നങ്ങ്യാര്‍കുളങ്ങര, ഹരിപ്പാട് ഗവ. ആശുപത്രിക്ക് പടിഞ്ഞാറ് ബി.എസ്.എന്‍.എല്‍. ഓഫിസ് റോഡ്, കരുവാറ്റ വഴിയമ്പലം എന്നിവിടങ്ങളിലെ നിര്‍മാണങ്ങളെപ്പറ്റിയാണ് ആശങ്ക.
നങ്ങ്യാര്‍കുളങ്ങര ഗവ. യു.പി.എസിന് സമീപം നിലവിലെ റോഡിന്റെ ഇരുവശവും ടാര്‍ചെയ്ത് വീതികൂട്ടി. രണ്ട് വശത്തും ഓടയും നിര്‍മിച്ചു. ഇവിടെ ഡിവൈഡര്‍ കഴിഞ്ഞ് വരുന്ന ഭാഗത്താണ് വീതികൂട്ടിയിരിക്കുന്നത്. എന്നാല്‍, ഇപ്പോഴും റോഡിന്റെ പടിഞ്ഞാറ് ഭാഗത്ത് വലിയ താഴ്ചയാണ്. സ്ഥലപരിചയമില്ലാത്ത ഡ്രൈവര്‍മാര്‍ ഇത് ശ്രദ്ധിക്കാതെ വാഹനം ഓടിച്ചുവരുന്നതാണ് അപകടത്തിനിടയാക്കുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ കൊല്ലത്ത് നിന്നും എറണാകുളത്തേക്ക് പോയ പിക്കപ്പ് വാന്‍ ഇതേ രീതിയില്‍ അപകടത്തില്‍പ്പെട്ടു. റോഡരുകിലെ താഴ്ചയിലേക്ക് തലകീഴായാണ് പിക്കപ്പ് വാന്‍ വീണത്. ആര്‍ക്കും പരുക്കില്ല. തെക്കുഭാഗത്ത് നിന്ന് വരുന്നവര്‍ക്ക് റോഡില്‍ പുതുതായി നടത്തിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തിരിച്ചറിയാന്‍ കഴിയില്ല. മറ്റ് ഭാഗങ്ങളിലെപ്പോലെ ഇവിടെയും വീതിയുണ്ടാകുമെന്ന് തെറ്റിദ്ധരിച്ച് വരുന്നവരാണ് അപകടത്തില്‍പ്പെടുന്നത്. ഇവിടെ വീതി കൂട്ടിയെങ്കിലും പഴയ റോഡിന്റെ അതിര്‍ത്തിക്കല്ലുകള്‍ ഇപ്പോഴും റോഡിന്റെ നടുക്കാണ്. ഇതും അപകടഭീഷണിയാകുന്നു.
ഹരിപ്പാട് ഗവ. ആശുപത്രി ജങ്ഷന്് പടിഞ്ഞാറ് നിന്നും ബി.എസ്.എന്‍.എല്‍. ഓഫിസിലേക്കുള്ള റോഡിന് കഷ്ടിച്ച് നാല് മീറ്ററായിരുന്നു വീതി.
ഇപ്പോള്‍ വീതി പതിന്മടങ്ങായി വര്‍ധിപ്പിച്ചിരിക്കുന്നു. ദേശീയപാതയേക്കാള്‍ വീതികൂട്ടിയാണ് ഈ ചെറിയ റോഡ് ടാര്‍ ചെയ്്തിരിക്കുന്നത്. കുത്തനെയുള്ള കയറ്റം കയറിയാണ് ഇപ്പോള്‍ ദേശീയപാതയിലെത്തേണ്ടത്. ദേശീയപാതയ്ക്ക് കൊടുംവളവുള്ള ഭാഗമാണിത്. വേഗത്തില്‍ ദേശീയപാതയിലേക്ക്് കയറുന്ന വാഹനങ്ങള്‍ ആലപ്പുഴ ഭാഗത്ത് നിന്നും ദേശീയപാതിയിലൂടെ വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കാനുള്ള സാധ്യതയേറെയാണ്. കരുവാറ്റ വഴിയമ്പലം ഭാഗത്ത് 19 വൈദ്യുതി തൂണുകളാണ് റോഡിന് വീതികൂട്ടിയതിനെ തുടര്‍ന്ന് മാറ്റി സ്ഥാപിക്കേണ്ടിവരുന്നത്. ഇതിന് 7.5 ലക്ഷം രൂപ വൈദ്യുതി ബോര്‍ഡ് ആവശ്യപ്പെട്ടു. തുക കൂടുതലാണെന്ന് കാണിച്ച് പൊതുമരാമത്ത് വകുപ്പിന്റെ ദേശീയപാത വിഭാഗം മുഖംതിരിച്ച് നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം ഇവിടെ സ്‌കൂട്ടര്‍ യാത്രക്കാരന്‍ അപകടത്തില്‍ മരിച്ചിരുന്നു. ദേശീയപാതയിലെ അപകടമേഖലകള്‍ സുരക്ഷിതമാക്കാനുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ജില്ലയിലേക്ക് 7.5 കോടി രൂപ അനുവദിച്ചിരുന്നു. ഇത് വിനിയോഗിച്ചുള്ള നിര്‍മാണമാണ് നങ്ങ്യാര്‍കുളങ്ങര, ഹരിപ്പാട്, കരുവാറ്റ എന്നിവിടങ്ങളില്‍ നടക്കുന്നത്. ഉത്തരേന്ത്യന്‍ കമ്പനിയാണ് പദ്ധതിയുടെ രൂപരേഖ തയാറാക്കിയത്. റോഡിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ പരിഗണിക്കാതെ പദ്ധതി രേഖ തയാറാക്കിയതാണ് പ്രശ്‌നമാകുന്നതെന്ന് ബന്ധപ്പെട്ടവര്‍ സൂചിപ്പിക്കുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.