കൊച്ചി
നടിയെ ആക്രമിച്ച കേസിലെ അക്രമണ ദൃശ്യങ്ങൾ ചോർന്നെന്ന അന്വേഷണ സംഘത്തിൻ്റെ പരാതിയിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ വിചാരണ കോടതി അനുമതി നൽകി. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ പുറത്തായെന്ന സംശയത്തിലാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം അനുമതി തേടിയത്.
കോടതി ശിരസ്തദാറിനേയും തൊണ്ടി മുതൽ സൂക്ഷിപ്പുകാരനായ ക്ലര്‍ക്കിനേയും ചോദ്യം ചെയ്യാനാണ് കോടതി അന്വേഷണ സംഘത്തിന് അനുമതി നൽകിയത്. ദൃശ്യങ്ങൾ 2018 ഡിസംബര്‍ 13ന് കോടതിയുടെ കൈവശമായിരുന്നപ്പോൾ മെമ്മറി കാര്‍ഡിൻ്റെ ഹാഷ് വാല്യു മാറിയെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ജീവനക്കാരെ ചോദ്യം ചെയ്യുന്നത്.
അതേസമയം കോടതി രേഖകൾ ചോർന്നെന്ന പരാതിയിൽ ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന അപേക്ഷയിൽ അന്വേഷണ സംഘത്തോട് വിചാരണ കോടതി റിപ്പോർട്ട് തേടിയെങ്കിലും ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന അപേക്ഷയിൽ അനുമതി നൽകിയിട്ടില്ല.
കോടതി രേഖകൾ ദിലീപിൻ്റെ ഫോണിൽനിന്നും ലഭിച്ചിരുന്നു. ഇത് കോടതിയിൽനിന്നും ചോർന്നതാണോയെന്നറിയാനാണ് കോടതി ജീവനക്കാരെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
എന്നാൽ ഏതൊക്കെ രേഖകളാണ് ചോർന്നതെന്ന കാര്യത്തിൽ അന്വേഷണ സംഘത്തോട് കോടതി റിപോർട്ട് തേടിയിട്ടുണ്ട്. കേസിൽ തുടരന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി അനുവദിച്ച സമയ പരിധി ഇന്നലെ അവസാനിച്ചിരുന്നു.
Comments are closed for this post.