മതാചാരങ്ങളുമായി ബന്ധപ്പെട്ടതൊന്നും ബില്ലിലുണ്ടാകാൻ പാടില്ലെന്ന് മുഖ്യമന്ത്രിയുടെ നിർദേശം
ബില്ലിന്റെ കരട് പൊതുജന
അഭിപ്രായത്തിനായി പ്രസിദ്ധീകരിക്കും
പ്രത്യേക ലേഖകൻ
തിരുവനന്തപുരം • ദുർമന്ത്രവാദവും അന്ധവിശ്വാസവും നേരിടാൻ നിയമനിർമാണം വേഗത്തിലാക്കാൻ സർക്കാർ തീരുമാനം. അടുത്ത നിയമസഭ സമ്മേളനത്തിൽ നിയമമാക്കും. മുഖ്യമന്ത്രിയുടെ നിർേദശ പ്രകാരം ഇന്നലെ ആഭ്യന്തര സെക്രട്ടറിയും, നിയമ വകുപ്പ് സെക്രട്ടറിയും ചർച്ച നടത്തി. മതാചാരങ്ങളുമായി ബന്ധപ്പെട്ടതൊന്നും ബില്ലിലുണ്ടാവാൻ പാടില്ലെന്ന് മുഖ്യമന്ത്രി പ്രത്യേകം നിർദേശിച്ചിട്ടുണ്ട്.
ജസ്റ്റിസ് കെ.ടി തോമസ് അധ്യക്ഷനായ നിയമ പരിഷ്‌കരണ കമ്മിഷൻ തയാറാക്കിയ കേരള പ്രിവൻഷൻ ആൻഡ് ഇറാഡിക്കേഷൻ ഓഫ് ഇൻഹ്യൂമൻ ഇവിൽ പ്രാക്ടീസസ് ടോർച്ചറി ആൻഡ് ബ്ലാക്ക് മാജിക്ക് ബില്ലിന്റെ കരടിൽ മാറ്റം വരുത്തി കൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ബില്ലിന്റെ കരട് പൊതുജന അഭിപ്രായത്തിന് പ്രസിദ്ധീകരിക്കും. സംസ്ഥാനത്ത് ആഭിചാര കൊലപാതകങ്ങളും അന്ധവിശ്വാസങ്ങളും തടയാൻ പുതിയ നിയമ നിർമാണം വേണമെന്ന് സി.പി.എമ്മും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
സർക്കാർ നിർദേശപ്രകാരം അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാൻ നിയമപരിഷ്‌കരണ കമ്മിഷൻ കരട് ബിൽ തയാറാക്കി ഏറെ നാളായെങ്കിലും നിയമനിർമാണത്തിലേക്കു കടന്നിരുന്നില്ല. പത്തനംതിട്ട ഇലന്തൂരിൽ ദുർമന്ത്രവാദത്തിന്റെ ഭാഗമായി രണ്ടുസ്ത്രീകൾ കൊല്ലപ്പെട്ടതോടെയാണ് സർക്കാർ നടപടികൾക്കു വേഗം കൂടിയത്.
കരടുബില്ലിൽനിന്ന് എന്തെല്ലാം ഒഴിവാക്കണമെന്നും കൂട്ടിച്ചേർക്കണമെന്നും പ്രാഥമിക ചർച്ചയാണ് ഇന്നലെ നടന്നത്. നിയമപരിഷ്‌കരണ കമ്മിഷൻ തയാറാക്കിയ കരടുബില്ലിൽ മാറ്റങ്ങൾ വരുത്തി നിയമ മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും അഭിപ്രായം തേടിയശേഷം ബിൽ മന്ത്രിസഭയുടെ പരിഗണനയ്ക്കു വരും. മതസ്ഥാപനങ്ങളിൽ നടക്കുന്ന പരമ്പരാഗത ചടങ്ങുകളെയും ആഘോഷങ്ങളെയും ബില്ലിന്റെ പരിധിയിൽനിന്ന് ഒഴിവാക്കും.
2006 ൽ വി.എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്താണ് അന്ധവിശ്വാസ വിരുദ്ധ നിയമം നടപ്പിലാക്കുന്നതിനുള്ള ആദ്യസംരംഭം ആരംഭിച്ചത്. പിന്നീട് 2014ൽ രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കെ കൂടുതൽ ശക്തമായ ശ്രമം നടത്തി. തുടർന്ന് ഇന്റലിജൻസ് വിഭാഗം മേധാവി എ. ഹേമചന്ദ്രൻ ബില്ലിന്റെ കരട് തയാറാക്കി. ‘കേരളത്തെ അന്ധവിശ്വാസം തടയൽ നിയമം’ എന്ന പേരിലായിരുന്നു കരട് ബിൽ തയാറാക്കിയത്. ജില്ലാ പൊലിസ് മേധാവികളുമായി ചർച്ച ചെയ്താണ് അന്ന് കരട് തയാറാക്കിയത്. നിയമസഭാ സബ്ജക്ട് കമ്മിറ്റിക്ക് മുമ്പാകെയാണ് കരട് സമർപ്പിച്ചത്. എന്നാൽ പിന്നീട് അത് വെളിച്ചം കണ്ടില്ല.
2019ൽ യു.ഡി.എഫ് നിയമസഭാംഗം, അന്തരിച്ച പി.ടി തോമസ് സ്വകാര്യ ബിൽ കൊണ്ടുവന്നെങ്കിലും അന്ന് നിയമസഭയിൽ അവതരിപ്പിക്കാൻ അനുമതി നൽകേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി മറുപടി നൽകാൻ ചുമതലപ്പെടുത്തിയ മന്ത്രി എ.സി മൊയ്തീൻ നിയമസഭയിൽ അറിയിച്ചു.
2021ൽ സി.പി.എം നിയമസഭാംഗം കെ.ഡി പ്രസേനൻ അന്ധവിശ്വാസങ്ങൾ തുടച്ചുനീക്കുന്നതിനുള്ള സ്വകാര്യ ബിൽ സഭയിൽ അവതരിപ്പിക്കാൻ അനുമതി തേടി. എന്നാൽ സർക്കാർ അനുമതി നൽകിയില്ല.
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാൻ കർണാടകയും മഹാരാഷ്ട്രയും നിയമനിർമാണം നടത്തിയിരുന്നു. അതിന്റെ ചുവടുപിടിച്ചാണ് കേരളവും നിയമനിർമാണത്തിനു ശ്രമം ആരംഭിച്ചത്.
ജസ്റ്റിസ് കെ.ടി തോമസ് അധ്യക്ഷനായ നിയമ പരിഷ്‌കരണ കമ്മിഷനോട് സർക്കാർ ആവശ്യപ്പെട്ടു. ഇതേ തുടർന്ന് കരട് ബിൽ ആഭ്യന്തര വകുപ്പിന് കൈമാറിയെങ്കിലും അതും വെളിച്ചം കണ്ടിരുന്നില്ല.
Comments are closed for this post.