
പ്രളയബാധിതര്‍ക്കു സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര ദുരിതാശ്വാസ ധനസഹായം അട്ടിമറിക്കപ്പെടുകയാണോ. പ്രളയബാധിതമായ ഓരോ കുടുംബത്തിനും പതിനായിരം രൂപയാണു സഹായധനമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതിനുവേണ്ടി വില്ലേജില്‍ അപേക്ഷ നല്കിയവരില് അധികപേരും വഞ്ചിക്കപ്പെട്ടിരിക്കുകയാണ്. അപേക്ഷകരില്‍ സര്‍ക്കാര്‍ ജീവനക്കാര്‍, അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍, പെന്ഷന് വാങ്ങുന്നവര്‍, ധനികര്‍ എന്നിങ്ങനെയുള്ളവരെ ഒഴിവാക്കി പട്ടിക ചുരുക്കണമെന്നാണു വില്ലേജ് ഓഫീസര്‍മാര്‍ക്കു കിട്ടിയ നിര്‍ദേശം.
ഈ വിവേചനമെന്തിന്? സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസത്തിലേയ്ക്ക് ഈടാക്കുന്നുണ്ട്. അപ്പോള്‍ പ്രളയബാധിതനായ സര്‍ക്കാര്‍ ജീവനക്കാരനു മറ്റുള്ളവരെപ്പോലെ ഈ സഹായധനത്തിനും അര്‍ഹതയില്ലേ. സമ്പന്നരെ ഒഴിവാക്കാനെന്ന പേരില്‍ പട്ടിക വെട്ടിച്ചുരുക്കിയപ്പോള്‍ കൂടുതല്‍ അര്‍ഹരായ പലരും ലിസ്റ്റില്‍ നിന്നു പുറത്തായി.
സര്‍ക്കാരിന്റെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കു വിശ്വാസ്യത നഷ്ടപ്പെടാന്‍ ഇതു കാരണമാകും. ഒരു വില്ലേജിനു കീഴില്‍ സഹായധനം നല്‍കിയവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു കാര്യങ്ങള്‍ സുതാര്യമാക്കണം. ദുരിതബാധിതര്‍ അനുഭവിക്കുന്ന മാനസികസംഘര്‍ഷം വലുതാണ്. കാണപ്പെടുന്ന നഷ്ടത്തേക്കാള്‍ കാണപ്പെടാത്ത നഷ്ടങ്ങള്‍ ഏറെയുണ്ട്. വീടിന്റെ കെട്ടുറപ്പു നഷ്ടപ്പെട്ടവര്‍, ദിവസങ്ങളോളം കുടിവെള്ളവും വൈദ്യുതിയും തടസപ്പെട്ടവര് തുടങ്ങി ധാരാളം പേര് കടുത്ത ബുദ്ധിമുട്ടനുഭവിച്ചവരാണ്. അവരെ സഹായിക്കാന്‍ കേരളം ഒറ്റ മനസോടെ കൈകോര്‍ത്തെങ്കില്‍ എന്ന് ആശിച്ചുപോകുന്നു.