
മനാമ: ദുബൈയില്‍ നിന്നും ബഹ്റൈനിലേക്കും തിരിച്ചുമുള്ള വിമാനസർവീസുകൾ എമിറേറ്റ്സ് പുനരാരംഭിച്ചു. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് നിര്‍ത്തി വെച്ച പ്രധാന സര്‍വ്വീസുകള്‍ കഴിഞ്ഞ ദിവസം മുതല്‍ ആരംഭിച്ചതിനെ തുടര്‍ന്നാണിത്.
ദുബൈ-ബഹ്റൈന്‍ സെക്ടറില്‍ ആഴ്ചയിൽ 7 സർവീസുകളാണ് ഉണ്ടാകുക. ഇകെ 839 വിമാനം ദുബായിൽ നിന്ന് വൈകിട്ട് 4.10നു പുറപ്പെട്ട് ബഹ്റൈൻ സമയം 4.30ന് എത്തിച്ചേരും. ഇകെ 840 വിമാനം വൈകിട്ട് 5.50ന് ബഹ്റൈനിൽ നിന്നു പുറപ്പെട്ട് 8ന് ദുബായിലെത്തും.
മിഡിലീസ്റ്റിലെ ഏറ്റവും വലിയ വിമാന കമ്പനിയായ എമിറേറ്റ്സ് തിരിച്ചെത്തിയ വാര്‍ത്ത അറിഞ്ഞതോടെ നിശ്ചലമായിരുന്ന ട്രാവല്‍സുകളും സജീവമായിട്ടുണ്ട്. ട്രാവൽ ഏജസികളിലും എമിറേറ്റ്സ് വെബ്സൈറ്റിലും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. വെബ്സൈറ്റ് വിലാസം: www.emirates.com
ഗള്‍ഫ് രാജ്യങ്ങള്‍ക്കു പുറമെ, ലണ്ടൻ ഹീത്രോ, മാഞ്ചസ്റ്റർ, ഫ്രാങ്ക്ഫർട്ട്, പാരീസ്, മിലാൻ, മാഡ്രിഡ്, സൂറിച്ച്, വിയന്ന, ആംസ്റ്റർഡാം, ന്യൂയോർക്ക്, ചിക്കാഗോ, ടൊറന്റോ, സിയോൾ, കറാച്ചി എന്നിവിടങ്ങളിലേക്കും അടുത്തദിവസം മുതല്‍ സര്‍വ്വീസുകള്‍ നടക്കും. വൈകാതെ 30 നഗരങ്ങള്‍ ഉള്‍പ്പെടെ കൂടുതൽ സെക്ടറുകളിലേക്ക് സർവീസ് തുടങ്ങുമെന്നും എമിറേറ്റ്സ് അറിയിച്ചു.