2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ദിലീപിന് കുരുക്കായി ജയിലിലെ ഫോൺവിളി പൾസർ സുനിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

സ്വന്തം ലേഖകൻ
കൊച്ചി
നടിയെ ആക്രമിച്ച കേസിൽ ദിലീപിന് കുരുക്കായി ജയിലിലെ ഫോൺവിളി. മുഖ്യപ്രതി പൾസർ സുനി എന്ന സുനിൽ കുമാർ, സാക്ഷിയായ ജിൻസനുമായി നടത്തിയ ഫോൺ സംഭാഷണമാണ് ദിലീപിനെ കൂടുതൽ കുരുക്കിലാക്കുന്നത്.
സംവിധായകൻ ബാലചന്ദ്രകുമാറിനെ മൂന്നിലേറെ തവണ കണ്ടിട്ടുണ്ടെന്ന് സുനിൽ ഫോൺ സംഭാഷണത്തിൽ പറയുന്നു. ആലുവയിലെ ദിലീപിന്റെ വീട്ടിൽവച്ചും ഹോട്ടലിൽ വച്ചും ബാലചന്ദ്രകുമാറിനെ കണ്ടു.
പിക് പോക്കറ്റ് സിനിമയുമായി ബന്ധപ്പെട്ടും കണ്ടിട്ടുണ്ടെന്ന് സുനിൽ പറയുന്നുണ്ട്. ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളെ കുറിച്ചും ജിൻസനോട് പൾസർ സുനി ചോദിച്ചതായും ഫോൺ സംഭാഷണത്തിൽ വ്യക്തമാകുന്നു.
പൾസർ സുനിയുടെ സഹതടവുകാരനായിരുന്നു സാക്ഷിയായ ജിൻസൻ. ഒരാഴ്ച മുമ്പുള്ള ഫോൺ സംഭാഷണമാണ് പുറത്തുവന്നിട്ടുള്ളത്. സംഭാഷണത്തിൽ ഇവർ അടുത്ത സുഹൃത്തുക്കളാണെന്ന് വ്യക്തമാണ്. പൾസർ സുനി പുറത്തുള്ള കാര്യങ്ങൾ എന്തൊക്കെയാണെന്ന് ജിൻസനോട് ചോദിക്കുന്നുണ്ട്. ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിനെ കുറിച്ചും പറയുന്നു. ഞാനായിട്ട് പറയേണ്ടല്ലോ എന്നു കരുതിയാണ് മിണ്ടാതിരിക്കുന്നത്. പണത്തിനു മുകളിൽ പരുന്ത് പറക്കുമോ എന്ന് കാത്തിരുന്നു കാണാമെന്നും പറഞ്ഞാണ് ഫോൺ സംഭാഷണം അവസാനിപ്പിക്കുന്നത്. ദിലീപിനൊപ്പം മുഖ്യപ്രതിയായ സുനിലിനെ നിരവധി തവണ കണ്ടിരുന്നുവെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. ഈ വെളിപ്പെടുത്തൽ ശരിവയ്ക്കുന്ന തരത്തിലാണ് ശബ്ദരേഖ.
നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് അടക്കമുള്ള പ്രതികൾ ഗൂഢാലോചന നടത്തിയ സംഭവം എറണാകുളം ക്രൈംബ്രാഞ്ച് എസ്.പി മോഹനചന്ദ്രനാണ് അന്വേഷിക്കുന്നത്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എടുത്ത കേസ് കൊച്ചി യൂനിറ്റിന് കൈമാറി ഇന്നലെ ക്രൈംബ്രാഞ്ച് മേധാവി എ.ഡി.ജി.പി എസ്. ശ്രീജിത്ത് ഉത്തരവിറക്കിയിരുന്നു.
അതേസമയം, ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ പ്രതി പൾസർ സുനിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.
ഇതിനായി അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകി. വിയ്യൂർ ജയിലിൽ കഴിയുന്ന പൾസർ സുനിയുമായി ഫോണിൽ സംസാരിച്ച ജിൻസന്റെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.