2021 January 15 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ദാറുസ്സലാം: വിദ്യാഭ്യാസ ജാഗരണത്തിന്റെ നാലര പതിറ്റാണ്ട്

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (പ്രസിഡന്റ്, ജാമിഅ ദാറുസ്സലാം അല്‍ ഇസ്‌ലാമിയ്യ നന്തി)

 

 

മനുഷ്യന്‍ ഭൂമിയിലെ അല്ലാഹുവിന്റെ പ്രതിനിധിയാണ്. വളരെ വ്യക്തവും കൃത്യവുമായ വ്യവസ്ഥയനുസരിച്ച് ജീവിക്കാനുള്ള ഉത്തരവാദിത്വവുമേറ്റെടുത്തു കൊണ്ടാണ് മനുഷ്യന്റെ ഇഹലോകത്തേക്കുള്ള വരവു തന്നെ. അല്ലാഹുവിനോട് ആത്മാവിന്റെ ലോകത്തുവച്ച് മനുഷ്യരേറ്റെടുത്ത കരാറിനെ സംബന്ധിച്ച് വിശുദ്ധ ഖുര്‍ആന്‍ ഉണര്‍ത്തുന്നതു കാണാം. അല്ലാഹുവിന്റെ അമാനത്ത് നിര്‍വഹണോത്തരവാദിത്വം ആകാശഭൂമികളുടെ നേരെ അല്ലാഹു ഉന്നയിച്ചപ്പോള്‍ അവ തങ്ങളുടെ ആത്മബലക്ഷയം ചൂണ്ടിക്കാണിച്ച് വിസമ്മതിക്കുകയായിരുന്നു. പക്ഷെ, മനുഷ്യന്‍ ആ ഉത്തരവാദിത്വം ഏറ്റെടുത്തു. ആ വ്യവസ്ഥയാണ് ഇസ്‌ലാം. മാനുഷികവും സാമൂഹികവുമായ നന്മകളെയും സ്വഭാവ ശീലങ്ങളെയുമാണ് ഇസ്‌ലാം നിയമാവലിയായി ചിട്ടപ്പെടുത്തിയത്. അതാണ് ശരീഅത്ത്. വ്യക്തിപരവും നൈസര്‍ഗികവുമായി മനഃസാക്ഷി വിവേചിക്കുന്ന നന്മയും തിന്മയും തന്നെയാണ് ശരീഅത്ത് വ്യവസ്ഥയും.

എല്ലാ കാലഘട്ടങ്ങളിലും അക്കാലത്തിന്റെ സ്വഭാവങ്ങള്‍ക്കനുസരിച്ചുള്ള ദുര്‍നടപ്പുകളും ദുരന്തങ്ങളും സമൂഹത്തിലുണ്ടായിരുന്നു. ഏറ്റവും മാരകമായ ദുര്‍നടപ്പ് ദൈവനിഷേധം തന്നെയാണ്. കാരണം അവിശ്വാസം എന്നാല്‍ അനുഗ്രഹങ്ങള്‍ക്കു നേരെയുള്ള നന്ദികേടും സ്വന്തം അജ്ഞത മനസിലാക്കാതെയുള്ള അഹന്തയുമാണ്. വ്യക്തിപരമായ സകല ദുരന്തങ്ങള്‍ക്കും ഹേതുവാകുന്ന ഈ കൃതഘ്‌നതയ്‌ക്കെതിരേയാണ് എക്കാലത്തും ഇസ്‌ലാമിന്റെ ശക്തമായ ബോധവല്‍ക്കരണം. സാമൂഹിക ദുരന്തങ്ങളായ കലഹം, വഞ്ചന, ആര്‍ത്തി, ദുര തുടങ്ങിയവയുടെ വിവിധ രൂപങ്ങള്‍ എന്നും എല്ലാ സമൂഹങ്ങളിലും നിലനിന്നിരുന്നു. എല്ലാ സമൂഹങ്ങളിലേക്കും നിയുക്തരായ പ്രവാചകന്മാര്‍ നിര്‍വഹിച്ച ധാര്‍മിക പോരാട്ടം ഇവകള്‍ക്കെതിരേയായിരുന്നു. പ്രവാചകന്മാരുടെ ഏറ്റവും വലിയ ആയുധം വിശ്വാസവും അതിനാവശ്യമായ ഇല്‍മും തന്നെയായിരുന്നു.
വിജ്ഞാനരംഗത്തെ മൂല്യശോഷണങ്ങളാണ് ഇക്കാലം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്ന്. അധ്യാപകന്മാരെ കല്ലെറിയുന്ന, വെടിവയ്ക്കുന്ന, കലാലയങ്ങള്‍ക്ക് തീയിടുന്ന സഹപാഠികളെ വേദനിപ്പിച്ച് കൊന്നുകളയുന്ന, പീഡനമേല്‍പ്പിച്ച് അപമാനിക്കുന്ന വാര്‍ത്തകളാണ് നിരന്തരം കേള്‍ക്കുന്നത്. വിദ്യാഭ്യാസം വര്‍ധിച്ചപ്പോഴാണ് കേരളത്തില്‍ പോലും വൃദ്ധസദനങ്ങള്‍ വര്‍ധിച്ചത്. മയക്കുമരുന്നു വ്യവസായികളുടെ വലിയ മാര്‍ക്കറ്റ് കാംപസുകളാണെന്ന വാര്‍ത്തകള്‍ നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതുണ്ട്. ബിരുദങ്ങള്‍ വളരെ കൂടുതലാണ്. പക്ഷെ, വിവരം വളരെ കുറവാണ് എന്നതാണു യാഥാര്‍ഥ്യം. ഈ സാഹചര്യത്തില്‍ കാരുണ്യബോധം ഉണരുന്ന ധാര്‍മിക വിദ്യാഭ്യാസം അവര്‍ക്കു ലഭിക്കണം. ജീവകാരുണ്യവും ധാര്‍മിക ജ്ഞാനവും ജനസേവനവുമെല്ലാം സമന്വയിപ്പിക്കുന്ന മതപഠന സംവിധാനങ്ങളെയാണു കാലം ആവശ്യപ്പെടുന്നത്.
പാരമ്പര്യത്തില്‍നിന്ന് വ്യതിചലിക്കുന്നവരാണ് ഭീകരവാദികളാകുന്നത്. തീവ്രവാദത്തിന്റെ പേരില്‍ പിടിക്കപ്പെടുന്ന മുസ്‌ലിം പ്രതികളുടെ മതപഠന കേന്ദ്രം ഇന്റര്‍നെറ്റോ ആധികാരികമല്ലാത്ത ലഘുലേഖകളോ മറ്റോ ആയിരിക്കുമെന്നതാണു യാഥാര്‍ഥ്യം.

നാലര പതിറ്റാണ്ടിനോടടുക്കുന്ന നന്തി ജാമിഅ ദാറുസ്സാലാം അല്‍ ഇസ്‌ലാമിയ്യ സമൂഹത്തിനും സമുദായത്തിനും നല്‍കുന്ന സന്ദേശം മനുഷ്യനില്‍ വിശ്വാസവും വിനയവും ജീവിതരീതിയാക്കുക എന്നതാണ്. ധാര്‍മിക ജ്ഞാനങ്ങളെ ജനോപകാരങ്ങള്‍ക്കു വേണ്ടിയും ആത്യന്തികമായി സര്‍വശക്തന്റെ സംതൃപ്തിക്കു വേണ്ടിയും വിനിയോഗിക്കുക എന്ന് അതിനെ ചുരുക്കിപ്പറയാം. ഈ അടിത്തറയില്‍ നിന്നുകൊണ്ട് കാലോചിതമായ വിദ്യാഭ്യാസ പരിഷ്‌കാരങ്ങളും സാങ്കേതിക സംവിധാനങ്ങളും രൂപപ്പെടുത്തിക്കൊണ്ടുള്ള ദാറുസ്സലാമിന്റെ മുന്നേറ്റം ആശാവഹവും സ്തുത്യര്‍ഹവുമാണ്. നാലര പതിറ്റാണ്ടുകള്‍ മുന്‍പ് ഒരു ശരീഅത്ത് കോളജായി തുടങ്ങിയ സ്ഥാപനം ഇന്നു സ്വന്തവും അഫ്‌ലിയേറ്റഡുമായ അന്‍പതിലധികം മതഭൗതിക സ്ഥാപന ശൃംഖലയായി. ഖുര്‍ആന്‍ മനഃപാഠ പഠനത്തിനും അത്യുന്നതമായ തുടര്‍പഠനത്തിനും വേണ്ടി ദാറുസ്സലാം ഒരുക്കിയ സൗകര്യങ്ങള്‍ മറ്റൊരിടത്തും ഇല്ലാത്തതാണ്. എല്ലാ വിധത്തിലുള്ള വിജ്ഞാനങ്ങളും ഒറ്റക്കുടക്കീഴില്‍ ലഭിക്കുന്ന അറിവിന്റെ കേന്ദ്രമാണിന്ന് ദാറുസ്സലാം. ആത്മീയലോകത്ത് അത്യുന്നത സ്ഥാനം അലങ്കരിക്കുമ്പോള്‍ തന്നെ ജ്ഞാനങ്ങളുടെ ആഴമറിഞ്ഞ അധ്യാപകനായും ദിശാബോധമുള്ള ജനനേതാവായും സാമൂഹിക സാക്ഷരതയുള്ള മാതൃകാ പൗരനായും നമുക്കു മുന്നില്‍ ഉജ്ജ്വലമായി ജീവിച്ചു കാണിച്ചുതന്ന ശംസുല്‍ ഉലമയുടെ സ്ഥാപനം ഇനിയും ആ വഴിയില്‍ മുന്നേറുക തന്നെ ചെയ്യും.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.