2021 April 18 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ദലിത് മുന്നേറ്റം പ്രതീക്ഷയാണ്

ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ എല്ലാ സമ്പത്തും കൈയടക്കി അനുഭവിച്ചുവരുന്നതു ന്യൂനപക്ഷമായ സമ്പന്നവര്‍ഗമാണ്. ഈ സമ്പന്നവര്‍ഗത്തെ നിര്‍ണയിക്കുന്നതിലും നിലനിര്‍ത്തുന്നതിലും രാഷ്ട്രീയ, മത, ജാതിഘടനയ്ക്കു നിര്‍ണായകമായ പങ്കുണ്ട്.

നാം ബഹുസ്വരസമൂഹമാണെന്നും വൈവിധ്യത്തിലെയും നാനാത്വത്തിലെയും ഏകത്വമാണ് ഇന്ത്യയുടെ ആത്മാവെന്നുംപറയാന്‍ തുടങ്ങിയിട്ടു വര്‍ഷം എഴുപതുകഴിഞ്ഞു. കോളനിവല്‍ക്കരണകാലത്ത് അധിനിവേശശക്തികള്‍ അധികാരംനിലനിര്‍ത്താന്‍വേണ്ടി ഉപയോഗിച്ച എല്ലാ അസമത്വങ്ങളെയും സ്വാതന്ത്ര്യത്തോടെ ഇന്ത്യ അതിജീവിച്ചതായും എല്ലാവര്‍ക്കും പൗരാവകാശം ഭരണഘടന ഉറപ്പുനല്‍കുന്നതായി അധികാരവര്‍ഗം നിരന്തരം പറയുന്നുണ്ട്.

തത്വത്തില്‍ ഇതു ശരിയായിരിക്കാം. എന്നാല്‍, സ്വാതന്ത്ര്യത്തിന്റെ ഏഴു പതിറ്റാണ്ടു പൂര്‍ത്തീകരിച്ച ഇന്ത്യയില്‍ ഇന്ന് എന്താണു നടക്കുന്നത്. രാജ്യം ഭരിക്കുന്നതു മതരാഷ്ട്രവാദികളായതുകൊണ്ടാണു ദലിത്പീഡനവും ജാതിവിവേചനവുമുണ്ടാകുന്നതെന്നു ആരോപിക്കാമെങ്കിലും കഴിഞ്ഞകാല ഭരണരാഷ്ട്രീയവര്‍ഗത്തിന് ഇക്കാര്യത്തിലുള്ള പങ്കു തള്ളിക്കളയാവുന്നതല്ല. ഇന്ന് അതൊരു തെരുവുപീഡനമാക്കി മാറ്റുന്നതില്‍ ഗോസംരക്ഷണസേനയ്ക്ക് അധികാരരാഷ്ട്രീയത്തിന്റെ പൂര്‍ണപിന്തുണയുമുണ്ട്.

സവര്‍ണഹൈന്ദവതാല്‍പ്പര്യത്തെ സംരക്ഷിച്ചുകൊണ്ടുതന്നെയാണു കേന്ദ്രസര്‍ക്കാര്‍ അധികാരം മതസംരക്ഷണത്തിനായി ഉപയോഗിക്കുന്നത്. അതുകൊണ്ടാണ്, കേന്ദ്രഭരണത്തിന് ആര്‍.എസ്.എസ്സിന്റെ ഉത്തരവുകള്‍ അനുസരിക്കേണ്ടിവരുന്നത്. ഇത്തരമൊരു ദാസ്യസാഹചര്യം രാജ്യം ഭരിച്ച ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവര്‍ക്കില്ലായിരുന്നു. എന്നിട്ടും കോണ്‍ഗ്രസ് മൃദുഹിന്ദുത്വസമീപനത്തിലൂടെ സവര്‍ണതാല്‍പ്പര്യത്തെ തലോടിക്കൊണ്ടുതന്നെയാണ് അധികാരം നിലനിര്‍ത്തിയത്. രാജ്യത്തെ ബഹുഭൂരിപക്ഷംവരുന്ന പിന്നോക്ക,ദലിത്‌വിഭാഗം മുഖ്യധാരാജീവിതത്തിനു പുറത്താണെന്ന സത്യം അവര്‍ ഗൗരവത്തിലെടുത്തില്ല. അതിനാല്‍ വികസ്വര ഇന്ത്യയിലെ അവികസിതവിഭാഗമായി ജനസംഖ്യയില്‍ 20 ശതമാനത്തില്‍കൂടുതല്‍ വരുന്ന ദലിതര്‍ മാറി.

ഉത്തരേന്ത്യന്‍ ദേശങ്ങളില്‍ ഇതിനു കാരണമായിത്തീര്‍ന്ന സാമൂഹ്യഘടകം ഹിന്ദുമതത്തിലെ ജാതിസമ്പ്രദായംതന്നെയാണ്. ഇതാകട്ടെ ജനാധിപത്യസംവിധാനത്തെ ശക്തിപ്പെടുത്താനോ അതിനെ ക്രിയാത്മകമായി മുന്നോട്ടുകൊണ്ടുപോകാനോ സഹായിക്കുന്ന ഒന്നല്ല. കാരണം ജാതിവ്യവസ്ഥ സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളെയും ഒരേപോലെ കാണാനോ വളര്‍ത്തിക്കൊണ്ടു വരാനോയുള്ള രാഷ്ട്രീയ ഇടപെടലിനു തടസ്സമായ ഒന്നാണ്. മതപരമായ ആചാരങ്ങള്‍ തൊഴില്‍ബന്ധിതമായി നിലനില്‍ക്കുന്നതുകൊണ്ട് അതു സാമ്പത്തികഘടനയുമായി ഉള്‍പ്പിരിഞ്ഞുകിടക്കുന്നകയാണ്. അതാകട്ടെ രാഷ്ട്രീയമായി പരിഹാരം കാണുമ്പോള്‍ മതപരമായ ഇടപെടലായി വ്യാഖ്യാനിക്കപ്പെടുന്നു. ഇങ്ങനെ അതിസങ്കീര്‍ണമാണു ഹിന്ദുമതത്തിലെ ജാതിഘടന. എന്നാല്‍, സ്വാതന്ത്ര്യത്തിനുമുമ്പുതന്നെ ഇതിനെതിരായ ജാതിവിരുദ്ധപോരാട്ടങ്ങള്‍ നടന്നുവെന്നത് ഏറെ പ്രസക്തമാണ്. ആ പോരാട്ടങ്ങള്‍ പലകാലത്തും പലരീതിയിലും രാഷ്ട്രീയസമ്മര്‍ദ്ദങ്ങളായി മാറിയിട്ടുണ്ട്.

ആധുനിക ഇന്ത്യയില്‍ ഡോ. ബി.ആര്‍. അംബേദ്ക്കര്‍തന്നെയാണു ജാതിവിരുദ്ധസമരങ്ങളെ രാഷ്ട്രീയവിമോചനപ്പോരാട്ടമാക്കി മാറ്റിയത്. അതുകൊണ്ടാണ് ആ മഹാന്‍ പറഞ്ഞത്, ‘നമുക്കു ഭരണസമുദായമായി മാറണ’മെന്ന്. ഇരുപതാംനൂറ്റാണ്ടിന്റെ മധ്യത്തില്‍ ഉയര്‍ന്ന ആ മുദ്രാവാക്യം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ ഇന്ത്യയിലെ ദലിത് പാര്‍ശ്വവല്‍കൃതവിഭാഗം ഏറ്റെടുത്തിരിക്കുന്നു. അതാണ് ഇന്ന് ഇന്ത്യയില്‍ നാം കാണുന്ന ദലിത് പ്രക്ഷോഭങ്ങള്‍.

ഏഴുപതിറ്റാണ്ടിന്റെ സ്വാതന്ത്ര്യം ഇന്ത്യയിലെ പിന്നോക്ക-ദലിത് വിഭാഗങ്ങള്‍ക്ക് എന്തു നല്‍കിയെന്നതിന് ഇന്ത്യയിലെ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലൂടെ നാം ഒരു യാത്രനടത്തിയാല്‍ മതി. സന്ധ്യാസമയത്തു മലവിസര്‍ജ്ജനത്തിനു തുറസായ സ്ഥലത്തെത്തുന്ന നമ്മുടെ സഹോദരിമാര്‍ തട്ടിക്കൊണ്ടുപോകപ്പെടുകയും ബലാത്സംഗംചെയ്യപ്പെടുകയും ചെയ്യുന്നു. ആ ഇന്ത്യ, ലോകത്തോളം വളര്‍ന്നാലും ജനപക്ഷത്ത് ആത്മാര്‍ത്ഥമായി നില്‍ക്കുന്ന ഒരു ഇന്ത്യന്‍പൗരനും സ്വന്തം രാജ്യത്തിന്റെ പുരോഗതിയില്‍ അഭിമാനംകൊള്ളാന്‍ കഴിയില്ല. നിലവിലുള്ള ഇന്ത്യന്‍അവസ്ഥ കണ്ടിട്ടും അഭിമാനിക്കുന്നവരെയാണു രാജ്യസ്‌നേഹിയെന്നു വിളിക്കുന്നതെങ്കില്‍ ആ പട്ടികയില്‍ ഇടംപിടിക്കാന്‍ ഞാനില്ല. ഇങ്ങനെ പറയുന്ന ഒരുപാട് ഇന്ത്യക്കാര്‍ ഇന്ത്യയിലുണ്ട്. അവരൊക്കെ നിലവിലെ ജനാധിപത്യത്തിന്റെ ചട്ടക്കൂടിനുള്ളില്‍നിന്നുതന്നെ ദലിത് വിമോചനത്തെ പിന്തുണയ്ക്കുന്നുമുണ്ട്. എന്നിട്ടും, ചിലര്‍ക്കു തങ്ങള്‍ വിശ്വസിക്കുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കുള്ളിലെ ജാതിപ്രീണനത്തെയും പാര്‍ശ്വവല്‍കൃത വിഭാഗത്തോടുള്ള വിവേചനസ്വഭാവത്തെയും തിരിച്ചറിയാന്‍ കഴിയാതെ പോകുന്നു. കോണ്‍ഗ്രസ്സ് ഒരുവശത്തു രാഷ്ട്രീയാധികാരത്തിനുവേണ്ടിയും മറുവശത്തു ഫ്യൂഡല്‍കാലഘട്ടത്തിലെ പിന്‍തുടര്‍ച്ചയെന്ന നിലയില്‍ ജാതിയെ സ്വത്ത് അധികാര ഘടനയുമായി ബന്ധിപ്പിച്ച് നിര്‍ത്തുന്നുണ്ട്. കമ്യൂണിസ്റ്റുകള്‍ പശ്ചിമബംഗാളില്‍ മൂന്നുപതിറ്റാണ്ടു ഭരിച്ചിട്ടും ദലിത്പിന്നോക്ക വിഭാഗങ്ങളെ സാമൂഹ്യമായോ സാമ്പത്തികമായോ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിച്ചില്ല. ഇതൊക്കെ എന്തുകൊണ്ടു സംഭവിച്ചു.

കോണ്‍ഗ്രസ്സിന്റെ ഹിന്ദുത്വപ്രീണനം നേരത്തെതന്നെ തിരിച്ചറിഞ്ഞതാണ്. എന്നാല്‍ കമ്യൂണിസ്റ്റ് വര്‍ഗരാഷ്ട്രീയത്തിനു ജാതിവിവേചനത്തിനിരയായവരെ സാമ്പത്തികസമത്വത്തിലൂടെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയാതെപോയി. അടിസ്ഥാനപരമായി ദലിതരെ അവര്‍ വളര്‍ന്നുവന്ന ഗോത്രസംസ്‌കൃതിയില്‍നിന്നു വിമോചിപ്പിച്ചു മുഖ്യധാരയിലെത്തിക്കാന്‍ കഴിഞ്ഞില്ലെങ്കിലും മൂന്നുപതിറ്റാണ്ടുകൊണ്ടു പിന്നോക്കവിഭാഗത്തെ ശരാശരി ജീവിതനിലവാരത്തിലെത്തിക്കാന്‍ എന്തുകൊണ്ട് കമ്മ്യൂണിസ്റ്റ് ഭരണത്തിനുകഴിയാതെ പോയിയെന്നതു ഗൗരവത്തില്‍ ചര്‍ച്ചചെയ്യുകതന്നെ വേണം.
ഇത്തരമൊരു ചുറ്റുപാടിലാണു മോദി ഭരണകാലത്തെ ദലിത് ഉയര്‍ത്തെഴുന്നേല്‍പ്പിനെപ്പറ്റി നാം ചര്‍ച്ച ചെയ്യുന്നത്. അധികാരത്തിന്റെ ആദ്യനാളില്‍ത്തന്നെ കേന്ദ്രഭരണരീതി സവര്‍ണഹൈന്ദവതാല്‍പ്പര്യത്തെ സംരക്ഷിക്കുന്നതായി വ്യക്തമാക്കപ്പെട്ടതാണ്. അതിന്റെ പ്രത്യക്ഷസൂചനയായി ഭരണരാഷ്ട്രീയാധികാരം മതതാല്‍പ്പര്യത്തിനായി ഉപയോഗിക്കുന്ന കാഴ്ച നാം കണ്ടു. തങ്ങളുടെ മതാചാരത്തെ സുസംഘടിതമാക്കുന്നതിനായി ഇന്നലെവരെ ഉറക്കത്തിലായവരെ ഭരണകൂടം ഉണര്‍ത്തിയെടുത്തു. പശുഭക്തി അതിന്റെ ഭാഗമാണ്.

ഹിന്ദുവിന്റെ ആത്മീയബോധത്തില്‍ പശുവിനുള്ള സ്ഥാനം രാഷ്ട്രീയാധികാരംകൊണ്ടു സംരക്ഷിക്കുകവഴി ഭരണകൂടംതന്നെ സവര്‍ണഹിന്ദുബോധത്തിന്റെ ഭാഗമാണെന്നു തെളിയിച്ചു. ഇതാകട്ടെ ഹിന്ദുമതത്തെ സംബന്ധിച്ച് എല്ലാ വിശ്വാസികളെയും ഓരോപോലെയല്ല സ്വാധീനിക്കുന്നത്. അതിനുകാരണം ജാതിവ്യവസ്ഥ തന്നെ. സവര്‍ണഹിന്ദുവിനു പശു ദൈവത്തിന്റെ പ്രതിരൂപമാണെങ്കില്‍ ദലിത് സഹോദരന് അവന്റെ ജീവിതമാര്‍ഗമാണ്. അതുകൊണ്ടാണു ചത്തപശുവിന്റെ തൊലി അവന്‍ ഉരിഞ്ഞൈടുക്കുന്നത്. എന്നാല്‍, അതു ജാതിവ്യവസ്ഥയില്‍ വിശ്വസിക്കുന്ന മറ്റൊരു ഹിന്ദുവിനു മതബോധത്തിന്റെ ഭാഗമാണ്. ഇത്തരം കാരണങ്ങള്‍കൊണ്ടുതന്നെയാണ് മഹാനായ അംബേദ്കര്‍ തന്റെ അനുയായികളോടു ഹിന്ദുമതം വിട്ടുവരാന്‍ ആഹ്വാനം ചെയ്തത്.

തന്റെ അവസാനകാലത്ത് അംബേദ്കര്‍ക്ക് മൂന്നുലക്ഷത്തോളം വരുന്ന ദലിത് വിഭാഗക്കാരെ ഹിന്ദുമതത്തിലെ ജാതിപീഡനത്തില്‍നിന്നും രക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അവശേഷിച്ച വിഭാഗത്തില്‍ ഇന്നും മറ്റൊരു രീതിയില്‍ ഇതു തുടരുന്നു
(തുടരും)


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.