
മട്ടാഞ്ചേരി : കൊച്ചി ദക്ഷിണ നാവിക ആസ്ഥാനത്തെ അതിസുരക്ഷാ മേഖലയിലേക്ക് അമിത വേഗതയില്‍ വന്ന സ്വകാര്യ ബസ് പാഞ്ഞുകയറി ബസ് യാത്രികരായിരുന്ന 15ഓളം പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ വൈകിട്ട് 3.30 ഓടെയാണ് സംഭവം. കാക്കനാട്-ഫോര്‍ട്ടുകൊച്ചി റൂട്ടില്‍ സര്‍വിസ് നടത്തുന്ന എം.എം.എസ് ബസാണ് അപകടമുണ്ടാക്കിയത്. എറണാകുളത്തുനിന്നും ഫോര്‍ട്ടുകൊച്ചിയിലേക്ക് വരികയായിരുന്നു ബസ്. നേവല്‍ ബേസിന്റെ വേമ്പനാടു ഗേറ്റിനും വാത്തുരുത്തി റെയില്‍വേ ഗേറ്റിനും മധ്യേയാണ് സംഭവം. നാവിക സേനയുടെ ആസ്ഥാനത്തെ മതിലും, കമ്പിവേലിയും തകര്‍ത്ത് ബസ് അകത്തേക്ക് കയറി. എതിരേ നിന്നു വരികയായിരുന്ന കാര്‍ യാത്രികര്‍ക്കും അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്. സംഭവം നടന്നയുടനെ നാവിക സേന സ്ഥലത്തെ സുരക്ഷ ഏറ്റെടുത്തു. പള്ളുരുത്തി ട്രാഫിക്ക് പൊലിസും സ്ഥലത്തെത്തി. അപകടത്തെ തുടര്‍ന്ന് മണിക്കൂറുകളോളം ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. അപകടമുണ്ടാക്കിയ ബസ് ക്രെയിന്‍ ഉപയോഗിച്ച് നീക്കി. പരുക്കേറ്റവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രാഥമി പരിശോധന നടത്തി വിട്ടയച്ചു.