2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

Editorial

തൻ്റേടമുണ്ടോ വാക്കുപാലിക്കാൻപൗരത്വ നിയമ ഭേദഗതിയിൽ സംസ്ഥാനത്ത് പ്രതിഷേധിച്ചവർക്കെതിരേയുള്ള കേസുകൾ പിൻവലിക്കുമെന്ന് പ്രഖ്യാപനം നടത്തി അധികാരത്തിലേറി പിന്നീടതിൽനിന്ന് ഉൾവലിഞ്ഞുകളഞ്ഞത് ജനപക്ഷ രാഷ്ട്രീയത്തിന്റെ വക്താക്കളെന്ന് അവകാശപ്പെടുന്ന ഒരു സർക്കാരിന് ഒട്ടും ചേർന്നതായില്ല. ഭരണഘടന അടിസ്ഥാനമാക്കിയ മതേതരത്വം എന്ന ആശയത്തെ അട്ടിമറിക്കുന്ന രീതിയിലുള്ള കേന്ദ്രസർക്കാരിന്റെ നിയമനിർമാണത്തിനെതിരേ കേരളത്തിൽ നടന്ന പ്രക്ഷോഭങ്ങളുടെ പേരിൽ പൊലിസ് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതിലെ കള്ളക്കളി വിശദമാക്കുന്നതാണ് ഇന്നലെ ‘സുപ്രഭാതം’ പ്രസിദ്ധീകരിച്ച റിപ്പോർട്ട്. കേസുകളെയെല്ലാം ഗുരുതര കേസുകളുടെ പട്ടികയിലേക്ക് മാറ്റി 835 കേസുകളിൽ 59 എണ്ണം മാത്രമാണ് പിണറായി സർക്കാർ പിൻവലിച്ചത്. ഗുരുതര ക്രിമിനൽ കേസുകൾ പിൻവലിച്ചാൽ കോടതികളുടെ ഇടപെടൽ ഉണ്ടാകുമെന്ന ന്യായത്തിന്റെ മറവിലാണ് പൊലിസിന്റെ കളംമാറ്റം. എന്നാൽ പൊതുനിരത്തുകളിൽ സമാധാനപരമായി സമരം നടത്തിയവർക്കെതിരേയാണ് ഗുരുതര കുറ്റങ്ങൾ ചുമത്തി കേരള പൊലിസ് കേസ് എടുത്തിരുന്നതെന്ന വസ്തുത മറക്കരുത്. ഈ കേസുകൾ പിൻവലിക്കുമെന്ന് വാഗ്ദാനം ചെയ്ത് വോട്ടുവാങ്ങി അധികാരത്തിലെത്തിയവരാണ് ഇപ്പോൾ ഇരട്ടത്താപ്പ് കാണിക്കുന്നത്.


തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാട്ടിലേക്ക് നോക്കുക. അവിടെയും നടന്നിരുന്നു ശക്തമായ സി.എ.എ വിരുദ്ധ സമരം. അന്ന് പ്രതിപക്ഷത്തായിരുന്ന സ്റ്റാലിൻ, ഇവ്വിഷയകമായി നടത്തിയ പ്രഖ്യാപനം മുഖ്യമന്ത്രിക്കസേരയിൽ എത്തിയപ്പോൾ മുഴുവൻ സി.എ.എ പ്രക്ഷോഭ കേസുകളും പിൻവലിച്ചു, അദ്ദേഹം മതേതര നിലപാട് ഉയർത്തിപ്പിടിച്ചു.
തീവ്ര ഹിന്ദുത്വ ദേശീയവാദത്തിന്റെ അപകടകരമായ ദുഃസൂചനകൾ മറനീക്കി ഭീകരതയോടെ പുറത്തുവരുന്ന കാലത്ത് പൗരത്വ നിയമവിരുദ്ധ പ്രക്ഷോഭങ്ങളെപ്പോലുള്ള സമരങ്ങൾ ഉയർത്തിയ ജ്വാല രാജ്യത്തെ മതേതര ചേരിക്ക് തെല്ലൊന്നുമല്ല ഊർജം നൽകിയത്. അതിനെ ഫാസിസ്റ്റുവാദികൾക്കൊപ്പം ചേർന്ന് അടിച്ചമർത്താനുള്ള ചെറിയ നീക്കംപോലും ഇടതുപക്ഷ പാർട്ടികളോ അവർ നേതൃത്വം വഹിക്കുന്ന സർക്കാരിന്റെ ഭാഗത്തുനിന്നോ ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു. ഇവിടെയാണ് നമ്മൾ തമിഴ്‌നാടിനെ കണ്ട് പഠിക്കേണ്ടത്. ഫാസിസ്റ്റ്, സംഘ്പരിവാർ തിട്ടൂരങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളഞ്ഞാണ് സ്റ്റാലിൻ നേതൃത്വം കൊടുക്കുന്ന ഡി.എം.കെ സർക്കാർ മുന്നോട്ടുപോകുന്നത്. ഇത് രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കും ദലിത് പിന്നോക്ക വിഭാഗങ്ങൾക്കും നൽകുന്ന ആത്മവിശ്വാസം ഒട്ടും ചെറുതല്ല.


ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷത്തിനെതിരേ നിയമനിർമാണം നടത്തി അവരെ രണ്ടാം പൗരന്മാരാക്കി മാറ്റുക എന്നതിനപ്പുറം നയത്തിലോ പരിപാടികളിലോ ആശയവ്യക്തതയില്ലാത്ത ബി.ജെ.പിയുടെ ഇരട്ട മുഖമായിരുന്നു പൗരത്വ നിയമ ഭേദഗതിയിൽ പ്രകടമായിരുന്നത്. അതുകൊണ്ടുതന്നെ, കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ രാജ്യത്തിന്റെ പലഭാഗത്തും ശക്തമായ പ്രതിഷേധങ്ങളും അരങ്ങേറി. കേരളത്തിലും കാംപസുകളെന്നോ തെരുവുകളെന്നോ വേർതിരിവില്ലാതെ സമരങ്ങൾ നടന്നു. ഏറെ പേർ അറസ്റ്റിലായി. നിരവധി കേസുകൾ എടുത്തു. എന്നാൽ കേസുകൾ എടുത്തത് ശരിയല്ലെന്നും പിറന്ന മണ്ണിൽ ജീവിക്കാനുള്ള അവകാശം ഹനിക്കാനുള്ള ബോധപൂർവകമായ നീക്കത്തിനെതിരേയുള്ള ഈ പ്രക്ഷോഭങ്ങളെ അടിച്ചമർത്താനുള്ളതല്ലെന്നുമുള്ള ജനപക്ഷ രാഷ്ട്രീയപാർട്ടികളുടെ തിരിച്ചറിവിൽ നിന്നാണ് കേസുകൾ പിൻവലിക്കാനുള്ള ശ്രമം ഉണ്ടായത്.
നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 2021 ഫെബ്രുവരി 26നാണ് ക്രിമിനൽ സ്വഭാവം ഇല്ലാത്ത കേസുകൾ പിൻവലിക്കുന്നത് സംബന്ധിച്ച് മന്ത്രിസഭായോഗം തീരുമാനമെടുത്ത് ഉത്തരവിറക്കിയത്. എന്നാൽ രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ് ഒന്നരവർഷം കഴിഞ്ഞിട്ടും 59 കേസുകളിലാണ് സി.ആർ.പി.സി 321 പ്രകാരം കേസ് പിൻവലിക്കുന്നതിന് സർക്കാർ നിരാക്ഷേപ പത്രം നൽകിയിരിക്കുന്നതെന്ന് വാർത്ത വ്യക്തമാക്കുന്നു. രജിസ്റ്റർ ചെയ്ത കേസുകളുടെ തൽസ്ഥിതി, സ്വഭാവം എന്നിവ പരിശോധിച്ച് ഡി.ജി.പി, ജില്ലാ കലക്ടർമാർ, ജില്ലാ പൊലിസ് മേധാവികൾ എന്നിവർക്കായിരുന്നു നടപടി സ്വീകരിക്കാൻ ചുമതല. തുടർനടപടി സ്വീകരിക്കുന്നതിന് ക്രൈംബ്രാഞ്ച് ഐ.ജിയും സ്‌പെഷൽ സെൽ, എസ്.സി.ആർ.ബി വിഭാഗങ്ങളുടെ പൊലിസ് സൂപ്രണ്ടുമാരും ഉൾപ്പെടുന്ന കമ്മിറ്റിക്ക് പൊലിസ് മേധാവി രൂപംനൽകിയിരുന്നു. ഇവരുടെ പരിശോധനയിൽ ഏറെയും ഗുരുതര ക്രിമിനൽ കേസുകളുടെ പട്ടികയിലാണ് സി.എ.എ വിരുദ്ധ സമരം ഉൾപ്പെട്ടത്. പൗരത്വ നിയമ ഭേദഗതിക്കെതിരേ സമാധാനപരമായി പ്രതിഷേധിച്ചതിന് എണ്ണായിരത്തോളം പേരെയാണ് കേസുകളിൽ പ്രതിചേർത്തത്. വിവിധ മുസ്‌ലിം സംഘടനാപ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരുമാണ് ഇവരിൽ ഏറെയും.


കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്- 159 എണ്ണം. 23 കേസുകളിൽ നിരാക്ഷേപ പത്രം നൽകിയ തൃശൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ പിൻവലിക്കാൻ നടപടി തുടങ്ങിയത്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒരു കേസുപോലും പിൻവലിക്കാൻ സർക്കാർ നിരാക്ഷേപ പത്രം നൽകിയിട്ടില്ല.


പ്രക്ഷോഭത്തിൽ പങ്കെടുത്തവർ ഇപ്പോൾ ലക്ഷക്കണക്കിന് രൂപ പിഴയടച്ചു കേസ് നടപടികളുമായി മുന്നോട്ടുപോകുകയാണ്. ജനകീയ സമരങ്ങളോട് ഭരണകൂടങ്ങൾക്ക് ഒരേ നിലപാടാണെന്നാണ് സി.എ.എ വിരുദ്ധ സമരത്തിന്റെ കേസ് വഴികളും കാട്ടിത്തരുന്നത്. ഈ നിലപാടുകൾ തിരുത്താൻ ഇനിയെങ്കിലും ജനാധിപത്യ സർക്കാരുകൾ മാന്യത കാണിക്കുമോ?


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.