
ദുബൈ: പഞ്ചാബിനെതിരായ മത്സരദിനം കോഹ്ലിക്ക് തൊട്ടതെല്ലാം പിഴച്ച ദിവസമായിരുന്നു. താരത്തിന്റെ പിഴവുകളാണ് മത്സരത്തില്‍ ബംഗളൂരുവിന്റെ തോല്‍വിക്ക് വഴിത്തിരിവായത്. ഇപ്പോഴിതാ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുകയാണ് കോഹ്ലി. കിങ്സ് ഇലവന് പഞ്ചാബിനെതിരേ പരാജയപ്പെട്ടത്തിന് താനാണ് കാരണക്കാരനെന്നാണ് ബംഗളുരു നായകന് ഏറ്റുപറഞ്ഞത്.
പഞ്ചാബിനെതിരായ മത്സരത്തിന് ശേഷം സംസാരിക്കവെയായിരുന്നു കോഹ്ലിയുടെ പ്രതികരണം. മത്സരത്തില്‍ റെക്കോര്‍ഡ് സെഞ്ചുറി നേടിയ കെ.എല്‍ രാഹുലിനെ രണ്ട് തവണ വിട്ടുകളഞ്ഞതും, ബാറ്റിങ്ങില്‍ തിളങ്ങാതെ പോയതും ജോഷ്വ ഫിലിപ്പിനെ മൂന്നാമതിറക്കിയതും തുടങ്ങിയവ എണ്ണിപ്പറഞ്ഞാണ് താരം ടീമിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്.
മികച്ച ദിവസമായിരുന്നില്ല അത്. പഞ്ചാബിനെതിരായ മത്സരത്തില്‍ മിഡില്‍ ഓവറുകളില്‍ ബൗളര്‍മാര്‍ മികച്ചു നിന്നെങ്കിലും അവസാന ഓവറുകളില്‍ നിയന്ത്രണം കൈവിട്ടു. അവസാനം 30, 40 റണ്‍സ് അവര്‍ അധികം നേടി. എവിടെയാണ് തെറ്റ് സംഭവിച്ചതെന്ന് വ്യക്തമായി അറിയാം. 180ല്‍ പഞ്ചാബ് സ്കോറിനെ തളയ്ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ആദ്യ പന്ത് മുതല്‍ ആക്രമിക്കേണ്ട അവസ്ഥ തങ്ങള്‍ക്ക് വരില്ലായിരുന്നുവെന്ന് അഭിപ്രായപ്പെട്ട കോഹ്ലി, ചില മോശം ദിവസങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ ക്രിക്കറ്റില്‍ സംഭവിക്കുമെന്നും ചെറിയ തെറ്റുകള്‍ പരിഹരിച്ച് മുന്നോട്ട് പോയേ തീരൂവെന്നും ഇതിനൊപ്പം കൂട്ടിച്ചേര്‍ത്തു.
പഞ്ചാബിന്റെ ഇന്നിങ്സ് 200ല്‍ താഴെ ഒതുങ്ങേണ്ടതായിരുന്നു. എന്നാല്‍ പഞ്ചാബ് നായകന് കെ.എല്‍ രാഹുലിന്റെ അനായാസമായ രണ്ട് ക്യാച്ചുകള്‍ കോഹ്ലി നഷ്ടപ്പെടുത്തിയത് പഞ്ചാബിന്റെ വിജയത്തിന് കൂടുതല്‍ വഴിത്തിരിവായി.
പഞ്ചാബിനെതിരായ മത്സരത്തില്‍ 97 റണ്‍സിന്റെ ദയനീയ പരാജയമായിരുന്നു ബംഗളൂരു നേരിട്ടത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ്, നായകന് കെ.എല്‍ രാഹുലിന്റെ സെഞ്ചുറിയുടെ പിന്‍ബലത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി 206 എന്ന കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയപ്പോള്‍ ബംഗളൂരുവിന് 109 റണ്‍സില്‍ ഒതുങ്ങേണ്ടി വന്നു.
അവസാന ഓവറുകളില്‍ കത്തിക്കയറിയ രാഹുല്‍ 69 പന്തില്‍ പുറത്താവാതെ ഏഴ് സിക്സും 14 ഫോറും ഉള്‍പ്പെടെ 132 റണ്‍സാണ് അടിച്ചു കൂട്ടിയത്. ഇതോടെ 13ാം ഐ.പി.എല്‍ സീസണിലെ ആദ്യ സെഞ്ചുറിയും രാഹുല്‍ സ്വന്തം പേരിലാക്കി.
ചഹലിന്റെ ഓവര്‍ നേരത്തെ തീര്‍ത്തും രണ്ടോവറില്‍ വെറും 13 റണ്‍സ് മാത്രം വഴങ്ങിയ വാഷിങ്ടണ്‍ സുന്ദറിനെ കൂടുതല്‍ പരിഗണിക്കാത്തതും കോഹ്ലിയുടെ മോശം തീരുമാനമായാണ് വിലയിരുത്തുന്നത്.
അവസാന ഓവറില്‍ ശിവം ദുബെയെപ്പോലൊരു പരിചയസമ്പന്നനല്ലാത്ത യുവതാരത്തെ രാഹുലിന് മുന്നില്‍ ഇട്ടുകൊടുത്ത കോഹ്ലിയുടെ തീരുമാനവും മത്സരത്തിലെ ഗതി മാറ്റിമറിച്ചു.
കുറഞ്ഞ ഓവര്‍നിരക്ക്:
കോഹ്ലിക്ക് പിഴ
ദുബൈ: കിങ്സ് ഇലവന് പഞ്ചാബിനെതിരേ ക്രീസില്‍ എല്ലാ ഫോര്‍മാറ്റിലും മോശം പ്രകടനം കാഴ്ച വച്ച ബംഗളൂരു നായകന് വിരാട് കോഹ്ലിക്ക് പിഴ.
മത്സരത്തില്‍ കുറഞ്ഞ ഓവര്‍നിരക്കിന്റെ പേരിലാണ് താരത്തിന് പിഴ വിധിച്ചത്. നിയമപ്രകാരം 12 ലക്ഷം രൂപ താരം പിഴയായി അടക്കേണ്ടി വരും. കോഹ്ലിക്ക് തൊട്ടതെല്ലാം പിഴച്ച ദിനമായിരുന്നു ഇന്നലത്തേത്. പഞ്ചാബിനെതിരേ ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്ത കോഹ്ലി, 20 ഓവര്‍ പൂര്‍ത്തിയാക്കാന്‍ ഒരു മണിക്കൂറും 51 മിനുട്ടുമെടുത്തു.
മത്സരത്തില്‍ 97 റണ്‍സിനാണ് കോഹ്ലിപ്പട പഞ്ചാബിനോട് തോറ്റത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 207 റണ്‍സെടുത്തപ്പോള്‍ ആര്.സി.ബിയുടെ ഇന്നിങ്സ് 17 ഓവറില്‍ വെറും 109 റണ്‍സിന് അവസാനിച്ചു.