2020 September 28 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

തോല്‍ക്കാനിഷ്ടമില്ലാത്തവര്‍ക്ക് നല്ല മാതൃകയായി കുംഭ

മാനന്തവാടി: ജീവിത പ്രാരാബ്ദങ്ങളുണ്ടാകുമ്പോള്‍ നേരിടാതെ നിശബ്ദരാകുന്നവര്‍ക്ക് കുംഭയെന്ന സ്ത്രീ അപമാനമായിരിക്കും. കാരണം രോഗവും പ്രായവും അംഗവൈകല്യവുമൊന്നും ഇഛാശക്തിയുള്ളവര്‍ക്ക് അധ്വാനത്തിന് തടസ്സമാവില്ലന്ന് വീണ്ടും വീണ്ടും കുംഭ തന്റെ ജീവിതം കൊണ്ടു സാക്ഷ്യം വഹിക്കുകയാണ്. വെള്ളമുണ്ട മംഗലശ്ശേരി റോഡിലെ കരുണശ്ശേരി കോളനിയിലെ കുംഭയാണ് സമൂഹത്തിന് മാതൃകയാകുന്നത്.
ചെറുപ്രായത്തില്‍ രണ്ട് കാലുകളും തളര്‍ന്നുപോയ ഇവര്‍ 60-ാം വയസിലും അധ്വാനത്തിലാണ്. കൊല്ലിയില്‍ കുങ്കന്റെ ഭാര്യയായി ജീവിക്കുമ്പോഴും ഭര്‍ത്താവ് മരണപ്പെട്ട് വിധവയായി കഴിയുമ്പോഴും ശരീരത്തില്‍ അര്‍ബുദം പിടിപ്പെട്ട് രണ്ട് ശസ്ത്രക്രിയകള്‍ക്ക് ശേഷവും കുംഭ വിശ്രമമില്ലാത്ത അധ്വാനത്തിലാണ്. കാലുകള്‍ക്ക് സ്വാധീന ശേഷി നഷ്ടപ്പെട്ടതോടെ വീട്ടില്‍ അച്ഛനമ്മമാരെ മുഴുവന്‍ സമയവും സഹായിക്കുക ശീലമായിരുന്നു. വിവാഹ ജീവിതത്തിലും പരാശ്രയമില്ലാതെയായിരുന്നു ഭര്‍ത്താവിനെയും കുടുംബത്തെയും നോക്കിയത്. ആറ് വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചതിന് ശേഷം കുടുംബ സ്വത്തില്‍ നിന്ന് ലഭിച്ച കൃഷിയിടങ്ങളില്‍ കൃഷിപ്രവര്‍ത്തികള്‍ക്കെല്ലാം കുംഭ സ്വന്തമാണ് ചെയ്യുന്നത്. അതോടൊപ്പം 15 സെന്റോളം വരുന്ന വയലില്‍ ജൈവ പച്ചക്കറി കൃഷിയിലും സജീവമായി. പയര്‍, പാവല്‍, മത്തന്‍, വെള്ളരി, ചോളം, ചേമ്പ് തുടങ്ങിയവയെല്ലാം കൃഷി ചെയ്യും.
കൈകള്‍ നിലത്തുകുത്തി ഇഴഞ്ഞ് വന്ന് ജോലി ചെയ്യുന്നതിന് യാതൊരു ശാരീരിക പ്രയാസവും ഇവര്‍ക്കില്ല. പ്രായപൂര്‍ത്തിയായ മകന്‍ നിരുത്സാഹപ്പെടുത്തുമെങ്കിലും അധ്വാനം ഇവരുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. ഒരു വര്‍ഷം മുന്‍പ് സ്തനാര്‍ബുദം പിടിപെട്ട് മെഡിക്കല്‍ കോളജില്‍ നിന്നും രണ്ട് ശസ്ത്രക്രിയകള്‍ക്ക് വിധേയയാവേണ്ടി വന്നു. ഇതിന്റെ വിശ്രമ കാലം പിന്നിട്ട ശേഷം വീണ്ടും കൃഷിയിടങ്ങളില്‍ സജീവമാവുകയും ചെയ്തു.
സ്വന്തം വീട്ടിലും കോളനിയിലെ ബന്ധുക്കള്‍ക്കുമെല്ലാം ഇവരുടെ കൃഷിയിടത്തിലെ ജൈവ പച്ചക്കറികള്‍ സുലഭമാണ്. സര്‍ക്കാര്‍ ആനുകൂല്യങ്ങളൊന്നും നേടിയെടുക്കുകയെന്ന ലക്ഷ്യങ്ങളൊന്നുമില്ലാതെയാണ് കൃഷി.
വൈകല്യവും രോഗവും പ്രായവുമെല്ലാം മനുഷ്യരെ അലസരാക്കുന്ന കാലത്ത് ഇതിനെല്ലാമിടയിലും അധ്വാനത്തിലൂടെ ശക്തി നേടുന്ന കുംഭ പുതുമാതൃകയാവുകയാണ്.
 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.