
ഒരച്ഛന് തന്റെ കുട്ടിയുടെ അഭിരുചി കണ്ടത്തിയതെങ്ങനെയെന്നു നോക്കാം. യൂറോപ്പിലെ സമ്പന്നനായ ഒരു പ്രമുഖ എന്‍ജിനിയര്‍ തന്റെ മകനെ എല്ലാവിധ സൗകര്യങ്ങളോടുംകൂടി ബിരുദത്തിനു പഠിപ്പിച്ചു. നല്ല മാര്‍ക്കോടെ പരീക്ഷ പാസായ മകനെ സന്തോഷത്തോടെ അടുത്തുവിളിച്ചു ചോദിച്ചു ”മകനേ… ഇനി നീ ഏതു യൂനിവേഴ്സിറ്റിയില്‍ പഠിക്കാനാഗ്രഹിക്കുന്നു?”.
തന്റെ കൈയില്‍ അതിനുള്ള പണവും നിനക്കതിലുള്ള മാര്ക്കുമുണ്ടെന്നും പിതാവ് മകനെ ധരിപ്പിച്ചു. എന്നാല്‍ മകന് കുറച്ചുനേരത്തേയ്ക്കു മിണ്ടിയില്ല. പിതാവ് ചോദ്യമാവര്‍ത്തിച്ചപ്പോള്‍ അല്പസമയത്തിനു ശേഷം മകന് മനസുതുറന്നു.
”എനിക്കൊരു ചെരുപ്പുകുത്തിയാകണം!” അതായിരുന്നു മകന്റെ മറുപടി. ഇതുകേട്ട പിതാവ് സ്തബ്ധനായി. സമ്പന്നനായ അയാള്‍ അത്തരമൊരു മറുപടി പ്രതീക്ഷിച്ചിരുന്നില്ല. ധൈര്യം വീണ്ടെടുത്ത് അദ്ദേഹം വീണ്ടും പഴയ ചോദ്യം ആവര്‍ത്തിച്ചു.
എന്നാല്‍ ഉത്തരവും പഴയതുതന്നെയായിരുന്നു. ഒടുവില്‍ തീരുമാനമെടുക്കാന്‍ പുതാവ് മകനോട് ഒരാഴ്ചത്തെ സമയം ആവശ്യപ്പെട്ടു. ഒരാഴ്ച കഴിഞ്ഞതിനു ശേഷം അദ്ദേഹം ഇങ്ങനെ പറഞ്ഞു ”എനിക്കു നിന്നോട് രണ്ടു കാര്യങ്ങളെ പറയാനുള്ളൂ.
ഒന്ന്, നീയെടുത്ത തീരുമാനം തെറ്റായിപ്പോയെന്ന് ഒരിക്കലും പറയരുത്. രണ്ട്, നീ ലോകത്തിലെ നമ്പര്‍ വണ്‍ ചെരുപ്പുകുത്തിയാകണം”.
പിന്നീട് 164 രാജ്യങ്ങളില്‍ ശാഖകളുള്ള ലോകത്തിലെ ഏറ്റവും വലിയ ചെരുപ്പു കമ്പനിയായ ബാറ്റയുടെ അധിപനായി മാറിയ തോമസ് ബാറ്റയായിരുന്നു ആ വിദ്യാര്‍ഥി. ഇവിടെയാണ് അഭിരുചിയുടെ പ്രാധാന്യം.
ഈ കുട്ടിയെ പിതാവിന്റെ ആഗ്രഹമനുസരിച്ച് ഒരു എന്ജിനിയറാക്കിയിരുന്നെങ്കില് ബാറ്റ എന്ന കമ്പനി ഉണ്ടാകുമായിരുന്നോ??. ആ കുട്ടി ഇത്രയും പ്രശസ്തി നേടുമായിരുന്നോ??.