2022 January 26 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

തൊടുപുഴ മേഖലയില്‍ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം

തൊടുപുഴ: തൊടുപുഴയുടെ സമീപ മേഖലകളില്‍ കനത്ത മഴയും കാറ്റും വ്യാപക നാശം വിതച്ചു. കരിമണ്ണൂര്‍ സെന്റ് മേരീസ് ഫെറോന പള്ളിയിലെ അള്‍ത്താരയുടെ മേല്‍ക്കൂര തകര്‍ന്ന് പള്ളിക്കുള്ളില്‍ പതിച്ചു. പള്ളിയുടെ പ്രാര്‍ത്ഥന നടക്കുന്ന ഭാഗത്ത് വലിയ നാശം ഉണ്ടായിട്ടുണ്ട്.
കാറ്റില്‍ മരം കരിമണ്ണൂര്‍ ടൗണില്‍ ഗതാഗതം തടസ്സപ്പെട്ടു. ടൗണിന്റെ ഹൃദയഭാഗത്ത് വളര്‍ന്ന് നിന്ന തണല്‍മരത്തിന്റെ ശിഖരം ഒടിഞ്ഞ് റോഡിലും റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും പതിച്ചു. ഈ മരം ബസ് കാത്തിരിപ്പ് കേന്ദ്രമില്ലാത്ത കിഴക്കന്‍ മേഖലയിലേക്ക് ബസ് കാത്തുനില്‍ക്കുന്ന യാത്രക്കാര്‍ക്ക് കനത്ത വെയിലില്‍ നിന്നും ആശ്വാസമായി നിലകൊള്ളുന്നതായിരുന്നു. തൊടുപുഴയില്‍ നിന്ന് അഗ്‌നിരക്ഷാ സേനയെത്തിയാണ് മരം മുറിച്ച് മാറ്റിയത്. മരച്ചില്ല ട്രാവലിന്റെയും ഓട്ടോറിക്ഷയുടെയും മുകളില്‍ വീണെങ്കിലും കാര്യമായ കേടുപാടുകളില്ല.ഇല്ലിചാരി പാമ്പനാനി മൂന്നുസെന്റ് കോളനിയില്‍ കാറ്റിലും മഴയിലും കനത്ത നാശനഷ്ടമാണ് ഉണ്ടായത്.
കനത്ത മഴയോടൊപ്പം പ്രദേശത്ത് കാറ്റും വീശിയടിച്ചു. നാഗമ്മാ കറുപ്പുസാമി, കാരകുന്നേല്‍, ലൈലാഹസന്‍, റാണി സുബ്രഹ്മണ്യന്‍, ഹംസാകണ്ണന്‍, പുത്തന്‍കളംഗോപാലന്‍ എന്നിവരുടെ വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. ഏറെ സാധാരണക്കാര്‍ തിങ്ങിപാര്‍ക്കുന്ന കോളനിയാണിത്. പ്ലാവ്, ആഞ്ഞിലി തുടങ്ങിയ മരങ്ങളാണ് കടപുഴകി വീണത്. കുടയത്തൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ വളപ്പില്‍ നിന്നിരുന്ന വന്‍മരം കടപുഴകി വീണു. മങ്കൊമ്പ് കാവ് ദേവീ ക്ഷേത്രത്തിന് സമീപത്ത് നിന്നിരുന്ന തേക്ക് മരം കടപുഴകി വീണു. മലങ്കര എസ്റ്റേറ്റില്‍ 20 ഓളം റബര്‍ മരങ്ങള്‍ ഒടിഞ്ഞു.
വലിയ നാശമാണ് കാറ്റ് മുട്ടം, മലങ്കര, കുടയത്തൂര്‍, കാഞ്ഞാര്‍ മേഖലകളില്‍ വരുത്തി വെച്ചത്. വരും ദിവസങ്ങളിലും ശക്തമായ മഴയും കാറ്റും ഉണ്ടാകും എന്ന പ്രവചനം ഏറെ ഭീതിയോടെയാണ് ഇവിടുത്തുകാര്‍ കാണുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.