
തുറവൂര്‍: പമ്പാപാതയിലെ തൈക്കാട്ടുശേരി പാലവും അപ്രോച്ച് റോഡും സാമൂഹിക വിരുദ്ധര്‍ താവളമാക്കുന്നു. മൂന്നര കോടി മുടക്കി ഇവിടെ ആരംഭിക്കാനിരിക്കുന്ന വിനോദസഞ്ചാര പദ്ധതിക്ക് സാമൂഹികവിരുദ്ധര്‍ ഭീഷണിയാകുമെന്നാണ് ജനങ്ങള്‍ പറയുന്നത്. ഇവര്‍ക്കെതിരേ കാര്യമായ നടപടി സ്വീകരിക്കാത്തതില്‍ കുത്തിയതോട് പൊലിസിനെതിരേ പ്രതിഷേധം ശക്തമാണ്.
മദ്യപാനികളും ലഹരിമരുന്ന് ഉപയോഗിക്കുന്നവരും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരും ഉള്‍പ്പെടെ ധാരാളം പേര് ഇവിടെ താവളമടിക്കുന്നതായുള്ള പരാതി ഉയരുന്നുണ്ട്. വഴിവിളക്കുകള്‍ തകരാറിലാക്കുക, മാലിന്യങ്ങള്‍ തള്ളുക, തീയിട്ട് മരങ്ങള്‍ നശിപ്പിക്കുക, കച്ചവടക്കാര്‍ക്ക് നാശനഷ്ടങ്ങളുണ്ടാക്കുക, മീന്‍പിടുത്തത്തിന് തടസമാകുന്ന തരത്തില്‍ കുപ്പികള്‍ പൊട്ടിച്ചിടുക എന്നിങ്ങനെ വിവിധതരം ബുദ്ധിമുട്ടാണ് ഇവരില്‍ നിന്നുണ്ടാകുന്നതെന്നാണ് ഭാഷ്യം. പാലത്തിന്റെ കിഴക്ക്, പടിഞ്ഞാറെ കരകളിലായിട്ടാണ് മൂന്നര കോടി രൂപയുടെ ടൂറിസം പദ്ധതി നടപ്പാക്കുന്നത്. തറയോട് പാകിയ വിശാലമായ നടപ്പാത, ഇരിപ്പിടങ്ങള്‍, കോപ്പിഷോപ്പ്, കുട്ടികളുടെ പാര്‍ക്ക്, ഓപ്പണ്‍ ഓഡിറ്റോറിയം എന്നിവയാണ് നടപ്പാക്കുന്നത്. ഇനിയെങ്കിലും സാമൂഹിക വിരുദ്ധരെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ടൂറിസം പദ്ധതി നടപ്പാക്കാന്‍ കഴിയാതെ വരുമെന്നാണ് ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഇവിടം പൊലിസ് പട്രോളിങ് ശക്തമാക്കുമെന്ന് കുത്തിയതോട് സി.ഐ കെ.ബി മനോജ്കുമാര്‍ പറഞ്ഞു.