ജാതീയതയുടെ ആശയക്കാര്‍ക്ക് ഒരുതരത്തിലും സന്ധിയാകാന്‍ പറ്റുന്ന ആളല്ല ആനന്ദ് തെല്‍തുംബ്ഡെ. ജാതീയതയെ തുറന്നുകാട്ടുകയും ദലിതുകളുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്ത തെല്‍തുംബ്ഡെ ഭീമാ കൊറെഗാവ് കേസില്‍ മറ്റ് ആക്ടിവിസ്റ്റുകള്‍ക്കൊപ്പം ജയിലിലായതില്‍ അതിശയിക്കാനൊന്നുമില്ല. ഭീമാ കൊറെഗാവ് കേസ് തന്നെ വലിയ കള്ളമാണ്. രാജ്യത്തെ മുന്‍നിരക്കാരായ ആക്ടിവിസ്റ്റുകളെ ജയിലിൽ അടക്കാന്‍ ബി.ജെ.പി സര്‍ക്കാരുണ്ടാക്കിയെടുത്ത ഒരു പെരും കള്ളക്കേസ്.
മഹാരാഷ്ട്രയിലെ ഭീമാ കൊറെഗാവ് യുദ്ധത്തിന്റെ 200ാം വാര്‍ഷിക പരിപാടിയോടനുബന്ധിച്ച് 2018 ജനുവരി ഒന്നിന് എല്‍ഗാര്‍ പരിഷത്ത് ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ദലിത് സംഘടനകളും ഹിന്ദുത്വവാദികളും ചടങ്ങിൽ ഏറ്റുമുട്ടുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. സംഘര്‍ഷമുണ്ടാക്കിയത് ഹിന്ദുത്വവാദികളാണ്. എന്നാല്‍, പൊലിസ് അറസ്റ്റ് ചെയ്തത് ദലിത് സംഘടനാ നേതാക്കളെ. ഇതിന്റെ തുടര്‍ച്ചയായാണ് തെല്‍തുംബ്ഡെ അടക്കമുള്ളവരെ കലാപത്തിന് പ്രേരിപ്പിച്ചുവെന്ന കേസില്‍ക്കുടുക്കുന്നത്.
സുധീര്‍ ധവാലെ എന്ന ദലിത് ആക്ടിവിസ്റ്റ് ഒഴികെ മറ്റാരും എല്‍ഗാര്‍ പരിഷത്തില്‍ പങ്കെടുക്കുകയോ സംഘര്‍ഷം നടക്കുമ്പോള്‍ ഭീമാ കൊറെഗാവിലുണ്ടാവുകയോ ചെയ്തിട്ടില്ല. ഐക്യദാര്‍ഢ്യസമിതി പോലുള്ള സംവിധാനമാണ് എല്‍ഗാര്‍ പരിഷത്ത്. എല്‍ഗാര്‍ പരിഷത്ത് സംഘാടകരായ ഖോല്‍സെ പാട്ടീലോ പി.ബി സാവന്തോ കേസില്‍ പ്രതികളായുമില്ല. അപ്പോള്‍ തെല്‍തുംബ്ഡെയെപ്പോലൊരാളെ അറസ്റ്റ് ചെയ്യാനും കേസില്‍ക്കുടുക്കാനും മറ്റെന്തൊക്കെയുണ്ട് കാര്യം.
അതറിയണമെങ്കില്‍ തെല്‍തുംബ്ഡെയുടെ അനവധിയായ പ്രബന്ധങ്ങളിലേക്കും രാജ്യത്തിനകത്തും പുറത്തുമുള്ള സര്‍വകലാശാലകളില്‍ അദ്ദേഹം നടത്തിയ പ്രസംഗങ്ങളിലേക്കും കണ്ണോടിച്ചാൽ മതിയാവും. രാജ്യത്തെ ജാതീയതയെ തുറന്നു കാട്ടുന്ന മികച്ച പഠനങ്ങളാണ് അതിലേറെയും. 1950ല്‍ മഹാരാഷ്ട്രയിലെ രജൂരില്‍ ജനിച്ച തെല്‍തുംബ്ഡെ ഗോവ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റിലെ സീനിയര്‍ പ്രൊഫസര്‍ പദവി വരെ എത്തിയത് കഷ്ടപ്പാടുകളേറെ ചവിട്ടിക്കടന്നാണ്. പിതാവ് ദരിദ്രനായൊരു ദലിത് തൊഴിലാളി.
തൊഴിലാളിയുടെ മകന് മറ്റൊരു തൊഴിലാളിയായി മാറേണ്ട സാമൂഹിക പശ്ചാത്തലത്തെ വെല്ലുവിളിച്ചാണ് തെല്‍തുംബ്ഡെ വിശ്വേശ്വരയ്യ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് മെക്കാനിക്കല്‍ എൻജിനീയറിങ്ങില്‍ ബിരുദവും അഹമ്മദാബാദ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ നിന്ന് എം.ബി.എയും മുംബൈ സര്‍വകലാശാലയില്‍ നിന്ന് സെബര്‍നെറ്റിക് മോഡലിങില്‍ പി.എച്ച്.ഡിയും നേടുന്നത്.
പിന്നാലെ ഭാരത് പെട്രോളിയത്തില്‍ എക്സിക്യൂട്ടീവും പെട്രോനെറ്റ് ഇന്ത്യാ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറുമായി. ഖരഗ്പൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ പ്രൊഫസറായി. ഇതിനിടയില്‍ കര്‍ണാടക സ്റ്റേറ്റ് ഓപണ്‍ യൂനിവേഴ്സിറ്റിയുടെ ഹോണററി ഡോക്ടറേറ്റ് അടക്കമുള്ള നിരവധി ബഹുമതികള്‍ക്ക് അര്‍ഹത നേടി. ജാതീയതയ്ക്കെതിരായ പോരാട്ടം തന്റെ വ്യക്തിജീവിതത്തിലെ തെരഞ്ഞെടുപ്പുകളിലും പ്രകടിപ്പിച്ചിരുന്നു തെല്‍തുംബ്ഡെ. വിവാഹം കഴിച്ചത് ബി.ആര് അംബേദ്കറുടെ കൊച്ചുമകള്‍ രമയെ.
2018ല്‍ പ്രസിദ്ധീകരിച്ച റിപബ്ലിക്ക് ഓഫ് കാസ്റ്റ് എന്ന പുസ്തകമാണ് തെല്‍തുംബ്ഡെയുടെ പ്രധാന കൃതി. ജാതീയതയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രബന്ധങ്ങളുടെ സമാഹാരമാണിത്. ഇക്കണോമിക് ആൻഡ് പൊളിറ്റിക്കല്‍ വീക്ക്ലിയില് കോളമിസ്റ്റായിരുന്നു. തെഹല്‍ക്കയിലും ഔട്ട്ലുക്കിലും തുടര്‍ച്ചയായി ലേഖനങ്ങളെഴുതാറുണ്ടായിരുന്നു.
2018ല്‍ ഭീമാ കൊറെഗാവ് കേസിന്റെ പേരില്‍ തെല്‍തുംബ്ഡെയുടെ വീട് റെയ്ഡ് ചെയ്ത പൊലിസ് പിന്നീട് അദ്ദേഹത്തെ പ്രധാനമന്ത്രിയെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതിയാക്കി. തെല്‍തുംബ്ഡെയുടെ സഹോദരന് മിലിന്ദ് നിരോധിത മാവോയിസ്റ്റ് സംഘടനയുടെ അംഗമാണെന്നാണ് എന്‍.ഐ.എ കണ്ടെത്തിയ ന്യായം. ദിവസങ്ങള്‍ക്കു മുമ്പ് സുപ്രിംകോടതി ജാമ്യം അനുവദിക്കുന്നത് വരെ മുംബൈ തലോജാ ജയിലിലെ ഇടുങ്ങിയ മുറിയിലായിരുന്നു ജീവിതം.
തനിക്കെതിരായ നീക്കങ്ങളെക്കുറിച്ച് ഒരിക്കല്‍ തെല്‍തുംബ്ഡെ ലോകത്തോടു പറഞ്ഞു: ദരിദ്രകുടുംബത്തിൽ ഏറ്റവും ദരിദ്രനായി ജനിച്ച ഞാന്‍ രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ നേട്ടങ്ങളുമായി കടന്നുവന്നു. ചുറ്റുമുള്ള സാമൂഹിക അസമത്വങ്ങളെ അവഗണിക്കാന്‍ തീരുമാനിച്ചിരുന്നെങ്കില്‍ എനിക്ക് എളുപ്പത്തില്‍ ആഡംബര ജീവിതം നയിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍, ആളുകളുടെ ജീവിതം മെച്ചപ്പെടുത്താന്‍ തനിക്കാവുന്നത് സംഭാവന ചെയ്യണമെന്ന ബോധത്തോടെ, എന്റെ കുടുംബത്തെ ന്യായമായ ജീവിതനിലവാരത്തില്‍ നിലനിര്‍ത്താനും ലോകത്തെ സൃഷ്ടിക്കുന്നതിന് എന്റെ സംസ്ഥാനത്ത് സാധ്യമായ ഒരേയൊരു ബൗദ്ധിക സംഭാവന നല്‍കാനും സമയം ചെലവഴിക്കാന്‍ ഞാന്‍ തീരുമാനിച്ചു. എന്റെ രചനകളിലോ പ്രവര്‍ത്തനങ്ങളിലോ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കണിക പോലുമില്ല. എന്നിട്ടും അവരെന്നെ വേട്ടയാടുകയാണ്”. താൻ എന്തുകൊണ്ട് വേട്ടയാടപ്പെടുന്നു എന്ന ആശങ്കകൾക്ക് ഉത്തരം ആനന്ദിന്റെ വാക്കുകളില്‍ത്തന്നെ മറുപടിയുണ്ട്.
Comments are closed for this post.