
ചാരുംമൂട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പോളിങ് സ്റ്റേഷനായി പ്രവര്‍ത്തിച്ച സര്‍ക്കാര്‍ സ്കൂളിന്റെ ഭിത്തികളിലെ മനോഹരമായ ചുവര് ചിത്രങ്ങള്‍ക്ക് നാശമുണ്ടായി. ചുനക്കര പഞ്ചായത്തിലെ 89, 91 ബൂത്ത് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ച ചുനക്കര ഗവ.യു.പി സ്കൂളിലെ ചുവര് ചിത്രങ്ങള്‍ക്കാണ് പോസ്റ്ററുകള്‍ പതിച്ചതു മൂലം നാശമുണ്ടായത്. പോളിങ് സ്റ്റേഷന് സംബന്ധിച്ച വിവരങ്ങള്‍, സ്ഥാനാര്‍ഥികളുടെ പേരുവിവരങ്ങള്‍, തെരഞ്ഞെടുപ്പ് കമ്മിഷന്റെ മറ്റ് നിര്‍ദേശങ്ങള്‍ എന്നിവയുടെ പോസ്റ്ററുകളാണ് വോട്ടറന്മാരുടെ ശ്രദ്ധയ്ക്കായി പതിച്ചിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അശ്രദ്ധമായി പോസ്റ്റര്‍ പതിച്ചതാണ് ചിത്രങ്ങള്‍ക്ക് നാശമുണ്ടാകാന്‍ കാരണം.
അറിയിപ്പുകള് പ്രദര്‍ശിപ്പിക്കാന്‍ ഭിത്തികളിലെ ജനല്‍ ഭാഗം, സ്കൂള്‍ ബോര്‍ഡുകള്‍, സ്ക്രീനുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കാമായിരുന്നിട്ടും ഉദ്യോഗസ്ഥര്‍ സ്കൂള്‍ ഭിത്തിയിലെ ചിത്രങ്ങലുള്ള ഭാഗങ്ങളില്‍ തന്നെയാണ് പോസ്റ്ററുകള്‍ പതിച്ചത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഒരു വര്‍ഷം മുന്‍പാണ് പി.ടി.എ മുന്‍കൈയെടുത്ത് പൊതു സമൂഹത്തിന്റെയും, ജനപ്രതിനിധികളുടെയുമെല്ലാം സഹകരണത്തോടെ സ്കൂളിനകത്തും പുറത്തുമുള്ള ഭിത്തികളില്‍ കലയും, ചരിത്രവും, പഠനപരവുമായ ചിത്രങ്ങള്‍ കൊണ്ട് ആകര്‍ഷണീയമാക്കിയത്. ഇത് നശിക്കും വിധമുണ്ടായ ഉദ്യോഗസ്ഥരുടെ പെരുമാറ്റം പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഉപയോഗത്തിന് ആഴ്ചകളായി സ്കൂളിന്റെ വാഹനവും വിട്ടുനല്‍കിയിരുന്നു. വാഹനത്തിന്റെ ഇരുവശങ്ങളിലും പോസ്റ്ററുകള്‍ പതിച്ച നിലയിലാണ് തിരികെ ലഭിച്ചത്. വാഹനം വൃത്തിയാക്കാന്‍ പോസ്റ്ററുകള്‍ ഇളക്കിയപ്പോള്‍ പെയിന്റ് ഇളകുന്നതായും പി.ടി.എ ഭാരവാഹികള്‍ പറഞ്ഞു. സമാനമായ അനുഭവം മറ്റു ചില സ്കൂളുകളിലും ഉണ്ടായിട്ടുണ്ടെന്ന പരാതിയുണ്ട്.