
അടിമാലി: മുതുവാന്‍ സമുദായം താമസിക്കുന്ന ട്രൈബല്‍ സെറ്റില്‍മെന്റ് കോളനിയായ കുറത്തിക്കുടിയില്‍ നിന്ന് തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ സംഘത്തെ കാട്ടാന അക്രമിച്ചു.
കാട്ടാന ജീപ്പ് കുത്തി മറിച്ചു. ആര്‍ക്കും പരുക്കില്ല. ചൊവ്വാഴ്ച രാത്രി 8.30 ഓടെയായിരുന്നു സംഭവം. ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവര്‍ മൂന്ന് മണിക്കൂറോളം വനത്തില്‍ കുരുങ്ങി.
നാലു ജീപ്പിലായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, പൊലിസ് വയര്‍ലസ് സെറ്റ് സംഘം, ബൂത്ത് ഏജന്റുമാര്‍ ഉള്‍പ്പെടെയുള്ള സംഘമായിരുന്നു ഉണ്ടായിരുന്നത്. ഇടുങ്ങിയ വഴിയിലൂടെ നിങ്ങൂന്നതിനിടെ പെട്ടെന്ന് ആന മുന്നില്‍ വരുകയും മുന്നില്‍ പോയ ജീപ്പ് കുത്തി മറിക്കുകയുമായിരുന്നു.
ജീപ്പ് മറിഞ്ഞതോടെ ഇതിലുണ്ടായിരുന്നവരും മറ്റ് വാഹനത്തിലുണ്ടായിരുന്നവരും ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് പൊലിസും തഹസില്‍ദാരും വനംവകുപ്പ് സംഘവുമെത്തിയാണ് വാഹനം നിവര്‍ത്തി ഇവരെ പുറത്തെത്തിച്ചത്. തന്റെ മുന്നില്‍ പോയ വാഹനമാണ് ആന കുത്തി മറിച്ചതെന്ന് വനത്തില്‍ കുടുങ്ങിപോയതായും പഴമ്പിള്ളിച്ചാല്‍ ഒന്നാം വാര്‍ഡ് മെമ്പര്‍ സുമ ബിജു പറഞ്ഞു.