2023 December 06 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കെ. കുഞ്ഞിരാമന്‍ എം.എല്‍.എയുടെ ഭീഷണി

   

കാഞ്ഞങ്ങാട് (കാസര്‍കോട്): തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ജോലിക്കു വന്ന ഉദ്യോഗസ്ഥനെ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ ഭീഷണി പ്പെടുത്തിയതായി ആരോപണം. പടന്നക്കാട് കാര്‍ഷിക സര്‍വകശാലയിലെ പ്രൊഫ. കെ.എം ശ്രീകുമാറാണ് ആരോപണമുന്നയിച്ചത്.
ശ്രീകുമാര്‍ ജോലി ചെയ്ത ബൂത്തില്‍ ഉച്ചയ്ക്കു ശേഷം വ്യാപകമായി കള്ളവോട്ട് ചെയ്തുതുടങ്ങിയതു തടയാന്‍ ശ്രമിച്ചപ്പോള്‍ കാല്‍ വെട്ടുമെന്ന് ഉദുമയിലെ സി.പി.എം എം.എല്‍.എ കെ. കുഞ്ഞിരാമന്‍ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.
കള്ളവോട്ട് സംബന്ധിച്ച് ജില്ലാ വരണാധികാരി കൂടിയായ കലക്ടര്‍ ഡോ. സജിത് ബാബുവിനെ വിവരമറിയിച്ചെങ്കിലും കലക്ടര്‍ നടപടി സ്വീകരിച്ചില്ലെന്നും ശ്രീകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. എം.എല്‍.എയുടെ സ്വദേശമായ ആലക്കോട്ടെ സി.പി.എമ്മിന്റെ ഏജന്റുമാര്‍ മാത്രമുണ്ടായിരുന്ന ബൂത്തിലാണ് സംഭവം.
തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിട്ടുണ്ടെന്നും ഇതിന്റെ തെളിവുകള്‍ വീഡിയോയില്‍ ചിത്രീകരിച്ചിട്ടു ണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഇപ്പോള്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ കെ. മണികണ്ഠനും തന്നെ ഭീഷണിപ്പെടുത്തിയതായി ശ്രീകുമാര്‍ പറയുന്നു.
സാധാരണ 90ലേറെ ശതമാനം പോളിങ് നടക്കുന്ന ബൂത്താണിത്. ബൂത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദ്ദേശപ്രകാരം വീഡിയോ റെക്കോര്‍ഡിങ് നടത്തിയിരുന്നു. കാര്‍ഷിക സര്‍വകലാശാലയിലെ ഇടതുപക്ഷ അധ്യാപക സംഘടനയായ ടി.ഒ.കെ.എ.യുവിന്റെ പീലിക്കോട് യൂണിറ്റ് പ്രസിഡന്റ് കൂടിയാണ് ശ്രീകുമാര്‍.
എന്നാല്‍ അരോപണം കെ.കുഞ്ഞിരാമന്‍ നിഷേധിച്ചു. ബൂത്തിലെ സംഭവങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥനോട് സംസാരിക്കുക മാത്രമാണുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.