ജിദ്ദ:സഊദിയിൽ തൃശൂർ സ്വദേശിക്കെതിരെ സഊദി യുവാവ് നൽകിയ വ്യാജ പരാതി കോടതി തള്ളി.
റിയാദിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി നൂറുദ്ദീനെതിരെയാണ് രണ്ട് മാസം മുമ്പ് വ്യാജ കാർ വിൽപന കരാറുണ്ടാക്കി 18,000 റിയാലോ കാറോ നൽകണമെന്നാവശ്യപ്പെട്ട് നൽകിയ കേസ് ആണ് കോടതി തള്ളിയത്.
ഡിസംബർ 30നാണ് ഇത് സംബന്ധിച്ച് നീതിന്യായ മന്ത്രാലയത്തിൽ നിന്ന് നൂറുദ്ദീന് മൊബൈലിലേക്ക് ആദ്യ സന്ദേശമെത്തുന്നത്. തുടർന്ന് സുഹൃത്തിന്റെ സഹായത്തോടെ കേസ് പരിശോധിച്ചപ്പോൾ ഏതോ ഒരു സഊദി പൗരനുമായി താൻ തന്റെ കാർ വിൽക്കാൻ കരാർ ചെയ്തിട്ടുണ്ടെന്നും തുകയായി 18000 റിയാൽ കൈപ്പറ്റിയ ശേഷം കാർ അദ്ദേഹത്തിന് നൽകിയിട്ടില്ലെന്നുമാണ് കേസെന്ന് വ്യക്തമായി. കാർ വിൽപന കരാറിൽ നൂറുദ്ദീന്റെ വ്യാജ ഒപ്പായിരുന്നു ഉണ്ടായിരുന്നത്. വൈകാതെ പത്ത് വർഷത്തെ യാത്രാനിരോധനം ഏർപ്പെടുത്തിയ സന്ദേശവും കോടതിയിൽ നിന്നെത്തി.
ഇതേ തുടർന്ന് റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂരുമായി ബന്ധപ്പെടുകയും ഇരുവരും കോടതിയിലെത്തി കേസിന്റെ വിശദാംശങ്ങൾ ആവശ്യപ്പെടുകയും ചെയ്തു. കോടതി നിർദേശപ്രകാരം തന്റെ വാദങ്ങൾ ഓൺലൈനായി നൽകി. എന്നാൽ അഭിഭാഷകന്റെ സാന്നിധ്യത്തിലാണ് നൂറുദ്ദീൻ വിൽപന കരാർ ഒപ്പിട്ടതെന്നും പണം ഉടൻ നൽകിയെന്നും കാർ ഇതുവരെ കൈമാറിയിട്ടില്ലെന്നും അയാൾ വാദിച്ചു. ഒടുവിൽ ഒപ്പ് തെളിയിക്കാൻ നൂറുദ്ദീൻ തന്റെ പാസ്‌പോർട്ട് കോപ്പി കോടതിക്ക് നൽകി. കഴിഞ്ഞ ബുധനാഴ്ച വീഡിയോ കോൺഫറൻസ് ആയി കേസ് വിളിക്കുകയും താൻ കരാർ നൽകിയിട്ടില്ലെന്ന് സത്യം ചെയ്യാൻ കോടതി ആവശ്യപ്പെടുകയും ചെയ്തു. സത്യം ചെയ്യൽ നടപടികൾ പൂർത്തിയായതോടെ കേസ് തള്ളിയതായി കോടതി അറിയിക്കുകയായിരുന്നു.
Comments are closed for this post.