തൃശൂര്‍: ഭരണ പ്രതീക്ഷ കൈവിടാതെ തൃശൂര്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പില്‍ വിമതനായി മത്സരിച്ച് ജയിച്ച എം.കെ വര്‍ഗീസിനെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം തുടങ്ങി. കെ.പി.സി.സി നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ എം.കെ വര്‍ഗീസുമായി ചര്‍ച്ച നടത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫോണിലൂടെയും ടി.എന്‍ പ്രതാപന്‍ എം.പി, ഡി.സി.സി പ്രസിഡന്റ് എം.പി വിന്‍സന്റ് എന്നിവര്‍ നേരിട്ടുമാണ് ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കുന്നത്.
കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ ഇടതുപക്ഷത്തിന് പരസ്യമായ പിന്തുണ വര്‍ഗീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് നിലപാടില്‍ അയവ് വരുത്തിയത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഇടപെടലോടെയാണെന്നാണ് സൂചന.
നിലവില്‍ കോര്‍പ്പറേഷനില്‍ 23 സീറ്റുള്ള കോണ്‍ഗ്രസ്, വര്‍ഗീസിനെ തിരിച്ചെത്തിച്ചാല്‍ സീറ്റുകളുടെ എണ്ണത്തില്‍ എല്‍.ഡി.എഫിനൊപ്പമെത്തും. 24 സീറ്റാണ് എല്‍.ഡി.എഫിന്. സീറ്റുകളുടെ എണ്ണം തുല്യമായാല്‍ നറുക്കെടുപ്പിലൂടെയാണ് ഭരണം ആര്‍ക്കെന്ന് തീരുമാനിക്കുക.
ഭരണം യു.ഡി.എഫി.ന് ലഭിച്ചാല്‍ വര്‍ഗീസിനെ മേയറാക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം.
Comments are closed for this post.