
സുനി അൽഹാദി
കൊച്ചി
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ആർക്ക് പിന്തുണകൊടുക്കുമെന്ന് വ്യക്തമാക്കാതെ ആംആദ്മി പാർട്ടിയുടെ നേതൃത്വത്തിലുള്ള ജനക്ഷേമ മുന്നണി. മുന്നണി പ്രഖ്യാപന യോഗത്തിൽ തന്നെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രഖ്യാപനവും ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ യാതൊരുപ്രഖ്യാപനവും യോഗത്തിൽ ഉണ്ടായിരുന്നില്ല.
കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ ട്വൻ്റി 20 സ്ഥാനാർഥി മത്സരിച്ചിരുന്നു. അന്ന് പി.ടി തോമസ് നേടിയ ഭൂരിപക്ഷത്തിനൊപ്പമായിരുന്നു ട്വൻ്റി 20സ്ഥാനാർഥി നേടിയ വോട്ട് . 13,813 വോട്ടായിരുന്നു അന്ന് പി.ടി തോമസിൻ്റെ ഭൂരിപക്ഷം. ട്വൻ്റി 20യുടെ സ്ഥാനാർഥിയായി മത്സരിച്ച ടെറി തോമസ് നേടിയതാകട്ടെ 13,773വോട്ടും.
ട്വൻ്റി 20യും ആംആദ്മിയും ചേർന്ന് ഈ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ രംഗത്തിറക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. സ്ഥാനാർഥി ആരായിരിക്കണമെന്ന് നിശ്ചയിക്കുന്നതിന് ജനങ്ങളുടെ അഭിപ്രായം തേടി സോഷ്യൽ മീഡിയ കാംപയിനും നടത്തിയിരുന്നു. പിന്നീടാണ് നടകീയമായി തങ്ങൾ മത്സരത്തിനില്ലെന്ന പ്രഖ്യാപനം ഉണ്ടായത്.
ഇതേതുടർന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇവർ നേടിയ വോട്ടുകൾ ഏത് സ്ഥാനാർഥിക്ക് അനുകൂലമായി മാറുമെന്ന ചർച്ചയും സജീവമായിരുന്നു.പ്രചാരണം ചൂടുപിടിച്ചിരിക്കെ ഇന്നലെ കൊച്ചിയിലെത്തിയ ആംആദ്മി പാർട്ടി ദേശിയ നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ് രിവാൾ ഇത് സംബന്ധിച്ച് മനസ് തുറക്കാൻ തയാറായില്ല. പകരം താഴേതട്ടിൽ നിന്ന് പാർട്ടിയെ കെട്ടിപ്പടുക്കുന്നതിൽ പ്രവർത്തകർ ശ്രദ്ധിക്കണമെന്നും അടുത്ത പൊതു തെരഞ്ഞെടുപ്പിൽ നിർണായക ശക്തിയായി മാറണമെന്നും പ്രഖ്യാപിക്കുകയാണുണ്ടായത്.
അതേസമയം, സഖ്യപ്രഖ്യാപനം നടത്തിയ കിഴക്കമ്പലത്തെ വേദിയിൽ ട്വൻ്റി 20 പ്രസിഡൻ്റ് സാബു ജേക്കബ് ഇടതുമുന്നണി സർക്കാരിനെതിരേ ആഞ്ഞടിച്ചത് യു.ഡി.എഫ് ക്യാംപിൽ പ്രതീക്ഷ നൽകിയിട്ടുണ്ട്.
ട്വൻ്റി 20 വോട്ടുകളിൽ കുറേയെങ്കിലും തങ്ങൾക്കനുകൂലമായി രേഖപ്പെടുത്തപ്പെടുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് ക്യാംപ്.