2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക്

സുനിഅൽഹാദി
കൊച്ചി
രണ്ടാം പിണറായി സർക്കാരിൻ്റെ ആദ്യ വിലയിരുത്തലായി മാറുന്ന തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി നിർണയ ചർച്ചകളിലേക്ക് മുന്നണികൾ കടന്നിട്ടില്ലെങ്കിലും അണിയറയിൽ ഒരുക്കങ്ങൾ തകൃതി.

ഉപതെരഞ്ഞെടുപ്പിൽ വിജയിക്കുകയെന്നത് ഭരണമുന്നണിയായ എൽ.ഡി.എഫിന് അഭിമാന പ്രശ്‌നമാണെങ്കിൽ സിറ്റിങ് സീറ്റ് നിലനിർത്തുക എന്നത് യു.ഡി.എഫിന് അത്യന്താപേക്ഷിതവുമാണ്. അതുകൊണ്ടുതന്നെ ചൂടേറിയ പോരാട്ടത്തിനായിരിക്കും തൃക്കാക്കര വേദിയാകുക.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് പി.ടി തോമസ് 14,329 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ വിജയക്കൊടി പാറിച്ചത്. ഇടതുമുന്നണിയാകട്ടെ സ്വതന്ത്രനെ ഇറക്കിയുമാണ് മത്സരിച്ചത്. ബി.ജെ.പി 15,483 വോട്ടും ട്വൻറി ട്വൻ്റി 13,897 വോട്ടും പിടിച്ചു.

മണ്ഡലം നിലനിർത്തുക എന്ന ലക്ഷ്യവുമായി ഇക്കുറി യു.ഡി.എഫ് രംഗത്തിറക്കാനൊരുങ്ങുന്നത് അന്തരിച്ച എം.എൽ.എ പി.ടി തോമസിൻ്റെ ഭാര്യ ഡോ. ഉമാ തോമസിനെയാണ്. ഇതിനുള്ള പ്രാഥമിക ചർച്ചകൾ നടന്നുകഴിഞ്ഞു. തോമസിൻ്റെ മരണം മണ്ഡലത്തിൽ കാര്യമായ സഹതാപ തരംഗമുയർത്തിയിരുന്നു. ഉമയാണ് സ്ഥാനാർഥിയെങ്കിൽ ഇതു വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. കെ.പി.സി.സി പ്രസിഡൻ്റ് കെ. സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി സതീശൻ തുടങ്ങിയവർ കഴിഞ്ഞ ദിവസം തോമസിൻ്റെ വീട്ടിലെത്തി ഉമയുമായി ചർച്ച നടത്തിയിരുന്നു. സഹതാപ തരംഗത്തിനൊപ്പം കെ. റെയിൽ വിരുദ്ധ നിലപാടും മണ്ഡലത്തിൽ ചർച്ചയാക്കാനൊരുങ്ങുകയാണ് യു.ഡി.എഫ്. ഡോ. ജേക്കബ് എന്ന ഇടതു സ്വതന്ത്രനാണ് കഴിഞ്ഞ തവണ എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ചത്. ഒരു വർഷം പൂർത്തിയാകുന്ന രണ്ടാം പിണറായി സർക്കാരിൻ്റെ നേട്ടങ്ങൾ ഉരച്ചുനോക്കുന്ന തെരഞ്ഞെടുപ്പായതിനാൽ ഇക്കുറി സ്വതന്ത്രനെ ഇറക്കിയുള്ള പരീക്ഷണം വേണ്ടെന്നും പാർട്ടി നേരിട്ട് സീറ്റ് ഏറ്റെടുത്ത് വിജയമുറപ്പാക്കണമെന്നും പാർട്ടിക്കുള്ളിൽ ശക്തമായ അഭിപ്രായമുണ്ട്. തൃപ്പൂണിത്തുറയിൽ തോറ്റ എം. സ്വരാജ് അടക്കമുള്ളവരുടെ പേര് ഉയർന്നുകേൾക്കുകയും ചെയ്തിരുന്നു. എന്നാൽ സ്ഥാനാർഥി നിർണയത്തിൽ തിടുക്കം വേണ്ടെന്നാണ് സംസ്ഥാന, ജില്ലാ നേതൃത്വങ്ങളുടെ നിലപാട്.

അതിനിടെ, ട്വൻറി ട്വൻ്റി ആം ആദ്മി പാർട്ടിയുമായി ഒരുമിച്ച് നിൽക്കാനും ധാരണയായിട്ടുണ്ട്. ബി.ജെ.പിയും മത്സരത്തിനൊരുങ്ങുകയാണ്. ഈ പാർട്ടികൾ പിടിക്കുന്ന വോട്ട് തെരഞ്ഞെടുപ്പ് ഫലത്തിൻ്റെ ഗതി നിർണയിക്കുമെന്നതിനാൽ അവരുടെ നീക്കം ഇരു മുന്നണികളും ഗൗരവത്തോടെയാണ് കാണുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.