ജലീൽ അരൂക്കുറ്റി
കൊച്ചി
മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നേരിട്ടിറങ്ങി പ്രചാരണരംഗത്ത് തരംഗം സൃഷ്ടിച്ച തൃക്കാക്കരയിൽ ഇനി അറിയേണ്ടത് അടിത്തട്ടിലെ തരംഗം.
അന്തിമവിധി നാളെ അറിയാം. എറണാകുളം മഹാരാജാസ് കോളജിലെ സ്‌ട്രോങ് റൂമിലേക്ക് മാറ്റി സീൽ ചെയ്ത വോട്ടെടുപ്പ് യന്ത്രങ്ങൾ കനത്ത സുരക്ഷയിലാണ്. പോളിങ് ശതമാനത്തിലുണ്ടായ കുറവ് വിലയിരുത്തി അനുകൂലമെന്ന് മുന്നണികൾ അവകാശപ്പെടുമ്പോഴും മണ്ഡലത്തിലെ പരമ്പരാഗത വോട്ടുകളിലുള്ള അടിയൊഴുക്കിലാണ് നേതാക്കളുടെ കണ്ണ്.
മണ്ഡലചരിത്രത്തിലെ കുറഞ്ഞ പോളിങായി 68.77 ശതമാനമാണ് അവസാന കണക്കിൽ രേഖപ്പെടുത്തപ്പെട്ടത്. മുൻ തെരഞ്ഞെടുപ്പുകളിൽനിന്ന് വ്യത്യസ്തമായുണ്ടായ പോളിങ് കുറവ് എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ പ്രതീക്ഷയ്‌ക്കൊപ്പം ആശങ്കയും മുന്നണികൾക്കുണ്ട്. തൃക്കാക്കരയുടെ ചരിത്രം യു.ഡി.എഫിന് അനുകൂലമായിരുന്നു.
2011 ൽ 73.71 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോൾ സാധുവായ വോട്ടിന്റെ 55.88 ശതമാനം നേടിയെടുത്താണ് യു.ഡി.എഫിന്റെ ബെന്നി ബെഹ്‌നാൻ 22,406 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചത്. 2016 ൽ പി.ടി തോമസ് തൃക്കാക്കരയിലേക്ക് എത്തിയപ്പോൾ പോൾ ചെയ്ത 74.65 ശതമാനത്തിൽ 45.42 ശതമാനം പിടിച്ചെടുത്ത് 11, 966 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് നിയമസഭയിലെത്തിയത്.
2021ൽ 70.39 ശതമാനം പോളിങിൽ 13, 813 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പി.ടി മണ്ഡലം നിലനിർത്തിയത്. രണ്ടാം ഊഴത്തിൽ ട്വന്റി 20 സ്ഥാനാർഥി 13,897 വോട്ട് പിടിച്ച് വെല്ലുവിളി ഉയർത്തിയെങ്കിലും യു.ഡി.എഫിന് ഭൂരിപക്ഷം നിലനിർത്താൻ കഴിഞ്ഞു. ഇത്തവണ സ്ഥാനാർഥികളുടെ കാര്യത്തിലും പാർട്ടി സംവിധാനങ്ങൾ ചലിപ്പിക്കുന്നതിലും മുന്നണികൾ മുന്നിലെത്തിയത് പ്രവചനം അസാധ്യമാക്കി. പി.ടിയുടെ സ്മരണകളെ സജീവമാക്കി ഭാര്യ ഉമ യു.ഡി.എഫിന് ആവേശമായി മാറിയപ്പോൾ ഡോക്ടർ ജോ ജോസഫിലൂടെ എൽ.ഡി.എഫും മണ്ഡലത്തിന് പരിചിതനായ എ.എൻ രാധാകൃഷ്ണനിലൂടെ എൻ.ഡി.എയും സജീവമായി. ട്വന്റി 20 മത്സരരംഗത്തുനിന്ന് പിൻമാറിയതും മണ്ഡലത്തിലെ ന്യൂനപക്ഷ വോട്ടുകളുടെ അടിയൊഴുക്കും വിധിയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. 21,000ൽ അധികം വരുന്ന മുസ്‌ലിം വിഭാഗവും ക്രിസ്ത്യൻ വിഭാഗങ്ങളും എടുക്കുന്ന നിലപാടുകൾ മണ്ഡലത്തിൽ നിർണായകമായി മാറുമെന്നാണ് വിലയിരുത്തുന്നത്.
Comments are closed for this post.