2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

തുടലുപൊട്ടിക്കുന്ന ഫാസിസം

മിഥ്യയാക്കപ്പെടുന്ന ഇന്ത്യന്‍ ജനാധിപത്യം

കെ.പി രാമനുണ്ണി

ഗൗരി ലങ്കേഷിനെ വധിച്ച സംഭവം ഒരു ക്രിമിനല്‍സംഘം ചെയ്ത പ്രവര്‍ത്തനമായി തള്ളിക്കളയാനാവില്ല. ഭാരതീയ നന്മകളെ കുളംതോണ്ടുന്ന തുടര്‍പ്രവര്‍ത്തനങ്ങളുടെ ഭാഗം മാത്രമായാണിതിനെ കാണേണ്ടത്. സ്വാതന്ത്ര്യം ലഭിച്ച് എഴുപതു വര്‍ഷം പിന്നിടുമ്പോള്‍ ആ സ്വാതന്ത്ര്യം എത്ര വ്യര്‍ഥമായിരുന്നുവെന്ന് തോന്നിപ്പിക്കുന്ന സംഭവമാണ് ഗൗരി ലങ്കേഷിന്റെ മരണത്തോടെ നാം കണ്ടത്. അസ്വാതന്ത്ര്യത്തിന്റെ തടവറയിലാണ് ഇന്നും നാം ജീവിക്കുന്നത്. ചരിത്രത്തിന്റെ പിറകുവായനകള്‍ നടത്തുമ്പോള്‍, ബ്രിട്ടിഷ് ഭരണകാലത്ത് പോലുമില്ലാത്ത അസഹിഷ്ണുതയും വെറുപ്പും പകയും ഉല്‍പാദിപ്പിക്കുന്നവരാണ് ഇന്നു ഭാരതത്തെ ഭരിക്കുന്നത്. ഗൗരി ലങ്കേഷിന്റെ രക്തസാക്ഷിത്വത്തിന്റെ പ്രധാന ഹേതു അവര്‍ ഫാസിസത്തെ എതിര്‍ത്തു എന്നതു തന്നെ.
ആവിഷ്‌കാര സ്വാതന്ത്ര്യമുള്ള നാട്ടില്‍ അസഹിഷ്ണുതയ്‌ക്കെതിരേ ധൈര്യസമേതം നിലകൊള്ളുകയായിരുന്നു ഗൗരി ലങ്കേഷ്. ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി എന്നിവരടക്കമുള്ള പ്രധാനമന്ത്രിമാരെ യു.ആര്‍ അനന്തമൂര്‍ത്തിയെയും കല്‍ബുര്‍ഗിയെയും പോലുള്ള എഴുത്തുകാര്‍ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍, അന്നൊന്നും കാണാത്ത, അവിടെയൊന്നും ഏല്‍ക്കാത്ത പ്രഹരമാണ് ഫാസിസ്റ്റ് ശക്തികള്‍ക്കെതിരേ ശബ്ദിച്ചതിന് ഗൗരി ലങ്കേഷിനെ തേടിയെത്തിയത്. ഭരണഘടന അനുശാസിക്കുന്ന തരത്തില്‍ സഹമത സഹിഷ്ണുതയോടെ പ്രതികരിച്ച അവര്‍ക്കുനേരെ ഏഴുതവണയാണ് കാപാലികര്‍ നിറയൊഴിച്ചത്.
ഹിന്ദുധര്‍മപ്രകാരം സ്ത്രീഹത്യ കൊടുംപാപമായാണു കരുതുന്നത്. സ്ത്രീയെ വധിക്കുന്നത് നീചമാണ്. മോദി ഭരണത്തിലുള്ള ഇന്ത്യയില്‍ താന്‍ ജീവിക്കില്ല എന്ന് യു.ആര്‍ അനന്തമൂര്‍ത്തി പ്രവചനാത്മകമായി പറഞ്ഞതാണ് ഈയവസരത്തില്‍ ഞാനോര്‍ക്കുന്നത്. ഈ ഭരണത്തിനു കീഴില്‍ എഴുത്തുകാര്‍ക്കെന്നല്ല, ഭാരതീയ സംസ്‌കാരം ഉയര്‍ത്തിപ്പിടിക്കുന്ന ഏതൊരാള്‍ക്കും ജീവിക്കാന്‍ സാധ്യമല്ലെന്ന സന്ദേശമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഹൈന്ദവരുടെ സംരക്ഷണത്തിനെന്ന പേരിലാണ് ഇത്തരം ഹത്യകള്‍ നടക്കുന്നതെങ്കിലും ഇത് യഥാര്‍ഥ ഹൈന്ദവ സമൂഹത്തെ ഞെട്ടിപ്പിക്കുകയാണ്. ഇത്തരം ദുഷ്ടശക്തികള്‍ക്കെതിരേ ഒന്നിക്കാനുള്ള സമയം അതിക്രമിച്ചുകഴിഞ്ഞു. യഥാര്‍ഥത്തില്‍ ഗൗരി ലങ്കേഷിനെതിരേയുള്ള വിദ്വേഷത്തിനു കാരണം അവര്‍ കെ.എസ് ഭഗവാന്റെ കഥ അവരുടെ ലങ്കേഷ് പത്രികയില്‍ പ്രസിദ്ധീകരിച്ചുവെന്നതും അനന്തമൂര്‍ത്തി, കല്‍ബുര്‍ഗി, പന്‍സാരെ തുടങ്ങിയവരുടെ ആശയങ്ങളോടു തോള്‍ചേര്‍ന്നു നിന്നു എന്നുള്ളതുമാണ്. ഒരു വശത്ത് കേന്ദ്രസര്‍ക്കാര്‍ വര്‍ഗീയത പാടില്ലെന്നു പറയുമ്പോഴും അതു സംഭവിക്കാതിരിക്കാനുള്ള പ്രായോഗികമാര്‍ഗങ്ങള്‍ തേടുന്നില്ല. മൗനം സമ്മതമാണെന്ന തരത്തില്‍ വ്യാഖ്യാനിച്ചു കൊണ്ടാണ് ഇത്തരം കൊലപാതകങ്ങള്‍ നടക്കുന്നത്.


ഫാസിസത്തിനു മുന്നില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്
ഒരിഞ്ചു സ്ഥലമില്ലെന്ന് തെളിയിക്കുന്ന അരുംകൊല

എം.എന്‍ കാരശ്ശേരി

കര്‍ണാടകയില്‍നിന്ന് ഇത്തരം ചീത്ത വാര്‍ത്തകള്‍ ഇതിനു മുമ്പും വന്നിട്ടുണ്ട്. കല്‍ബുര്‍ഗി വധം കഴിഞ്ഞിട്ട് രണ്ടു കൊല്ലമായി. എന്റെ അറിവ് ശരിയാണെങ്കില്‍ ഇതുവരേ ഒരു പ്രതിയെയും ആ കേസില്‍ അറസ്റ്റ് ചെയ്തിട്ടില്ല. അതിനെ തുടര്‍ന്ന് കെ.എസ് ഭഗവാനെ കൊല്ലുമെന്ന് പറഞ്ഞിരുന്നു.
ഭാഗ്യത്തിന് ഒന്നും സംഭവിച്ചില്ല. തീര്‍ത്തും അപ്രതീക്ഷിതമായാണ് ഗൗരിലങ്കേഷ് കൊല്ലപ്പെടുന്നത്. പ്രശസ്തനായ പിതാവിന്റെ പ്രശസ്തയായ മകളാണവര്‍. കല്‍ബുര്‍ഗി വധത്തിനെതിരായ കര്‍ണാടകയില്‍ നടന്ന പ്രതിഷേധങ്ങളില്‍ അവര്‍ മുന്‍നിരയിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസം അവരെ ആരാണ് വെടിവച്ചു കൊന്നതെന്ന് നമുക്ക് തീര്‍ച്ച പറയാന്‍ സാധിക്കില്ല. എങ്കിലും സംഘ്പരിവാരുകാരോ അവര്‍ ഏര്‍പ്പാട് ചെയ്ത കൊലയാളികളോ ആവും ഈ നിന്ദ്യമായ കര്‍മം ചെയ്തതെന്ന് ഊഹിക്കാനേ തരമുള്ളൂ. കാരണം ഗൗരി ലങ്കേഷിനോട് ആര്‍ക്കെങ്കിലും വിരോധമുണ്ടായിരുന്നുവെങ്കില്‍ അത് ആശയപരം മാത്രമായിരിക്കും. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ നീചമായ വിവേചനങ്ങളെയും നിന്ദ്യമായ അനീതികളെയും എത്രയോ കാലമായി എതിര്‍ത്തുവരുന്ന പ്രശസ്തയും പൗരാവകാശ പ്രവര്‍ത്തകയും ആണ് കൊല്ലപ്പെട്ടത്. അങ്ങേയറ്റം പ്രതിഷേധാര്‍ഹമായ ഈ കൊല ബി.ജെ.പി പറയുന്ന ഹിന്ദു രാഷ്ട്രം നിലവില്‍ വന്നാല്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് ഒരിഞ്ച് സ്ഥലവും അനുവദിക്കുകയില്ലയെന്ന് തെളിയിക്കുന്നതാണ്. എന്റെ ഭാഷയ്ക്ക് സാധ്യമായ എല്ലാ ഊക്കോടെയും ഞാന്‍ ഈ അരുംകൊലയെ അപലപിക്കുന്നു.


ജനാധിപത്യ സ്‌നേഹികള്‍ കരുതലോടെ കാണണം

യു.കെ കുമാരന്‍

ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ദുരന്തമാണ് ഗൗരിലങ്കേഷിന്റെ ക്രൂരമായവധം. ഇത് ഇന്ത്യയുടെ ഭാവിയെപ്പറ്റി ധാരാളം ആശങ്കകള്‍ ഉയര്‍ത്തുന്ന ഒന്നു കൂടിയാണ്. സ്വതന്ത്രമായി ചിന്തിക്കുന്നവരേ എല്ലാ കാലത്തും സംഘടിത മതശക്തികള്‍ എതിര്‍ത്തുപോന്നിട്ടുണ്ട്. അതിന്റെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് ബംഗളൂരുവില്‍ കഴിഞ്ഞ ദിവസമുണ്ടായിട്ടുള്ളത്. ഗൗരി ലങ്കേഷ് വളരെ സ്വതന്ത്രയായ ഒരു പത്രപ്രവര്‍ത്തകയായിരുന്നു. തന്റെ അഭിപ്രായങ്ങള്‍ ഒരു മടിയും കൂടാതെ പൊതുസമൂഹത്തോട് പറഞ്ഞുകൊണ്ടിരുന്നുവെന്നതാണ് അവര്‍ ചെയ്ത ഏക തെറ്റ്. ഇത്തരം നിഗൂഢമായ നീക്കങ്ങളിലൂടെ സ്വതന്ത്രചിന്തയെ തകര്‍ക്കാനും പ്രതിരോധിക്കാനുമാണ് ചിലര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. തീര്‍ച്ചയായും ജനാധിപത്യസ്‌നേഹികള്‍ വളരെ കരുതലോടെ ഇതിനെ കാണേണ്ടതുണ്ട്. ഇന്ത്യയില്‍ അടുത്ത കാലത്തായി വ്യാപകമായ രീതിയില്‍ ഇത്തരത്തിലുള്ള കൊലപാതകങ്ങള്‍ അരങ്ങേറുകയാണ്. ഏതൊരു മനുഷ്യസ്‌നേഹിയെയും ഇത് ആശങ്കപ്പെടുത്തുകയാണ്.


രാജ്യവ്യാപകമായി പ്രതിഷേധമുയരണം

വി.എസ് അച്യുതാനന്ദന്‍

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനെതിരേ രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ത്തിക്കൊണ്ടുവരാന്‍ ജനാധിപത്യ മതനിരപേക്ഷവാദികള്‍ തയ്യാറാവണം. തങ്ങളെ അംഗീകരിക്കാത്തവരെ കൊന്നു കളയുകയെന്നുള്ളതാണ് ഫാസിസം കാലങ്ങളായി ചെയ്തുവരുന്നത്. ഗാന്ധിജിയെ കൊന്ന ഗോഡ്‌സെയ്ക്കു മഹത്വം കല്‍പ്പിക്കുന്നതില്‍ തുടങ്ങി ഭരണകൂട സംവിധാനങ്ങളെ ഉപയോഗിച്ചു തുടരുന്ന ഫാസിസ്റ്റ് കൊലപാതക പരമ്പരയിലെ ഒടുവിലത്തെ ഇരയാണ് ഗൗരി ലങ്കേഷ്. ഫാസിസ്റ്റുകളുടെ ഈ ഉന്മൂലന പ്രക്രിയയെ ഇന്ത്യയിലെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഒരുമിച്ചു നിന്നു പ്രതിരോധിക്കണം. ഈ ഉന്മൂലന വ്യവസ്ഥക്കെതിരേ വിശാലമായ പ്രതിരോധ മുന്നണിയുണ്ടാക്കാന്‍ കഴിയണം. സംഘ്പരിവാര്‍ ഫാസിസ്റ്റുകള്‍ക്കെതിരേ പ്രതിരോധത്തിന്റെ വന്‍ പടയൊരുക്കം തന്നെ അനിവാര്യമായിരിക്കുന്നു.


വധം ആശങ്കാജനകം

പി.കെ കുഞ്ഞാലിക്കുട്ടി

സ്വതന്ത്രമായി അഭിപ്രായം പറയുന്നവരെ കൊലപ്പെടുത്തുന്ന അവസ്ഥയാണു രാജ്യത്ത് നിലവിലുള്ളത്. ബ്രിട്ടീഷ് ഭരണകാലത്ത് പോലും ഇത്തരമൊരു അവസ്ഥയുണ്ടായിട്ടില്ല. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി തന്നെ ആശങ്കയിലാണ്. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം രാജ്യത്ത് ചോദ്യചിഹ്നമാവുകയാണ്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ സംഘ്പരിവാറിന്റെ പങ്ക് തള്ളിക്കളയാനാവില്ല. ഏതെങ്കിലും സംഘടന എന്ന തരത്തിലല്ല, ഒരേ ആശയവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നവര്‍ക്കു നേരിടുന്ന പ്രശ്‌നമാണിത്. ഗൗരി ലങ്കേഷ് വധക്കേസില്‍ അന്വേഷണം ശക്തിപ്രാപിക്കണം. ഇത്തരം അതിക്രമങ്ങള്‍ക്കെതിരേയുള്ള വികാരം രാജ്യത്ത് ഉയര്‍ന്നുവരികയും ചെയ്യണം.


അവര്‍ പിന്നെയും പിന്നെയും ഉയിര്‍ത്തെഴുന്നേറ്റുകൊണ്ടിരിക്കും

കെ.ആര്‍ മീര

നമ്മുടെ സ്വാതന്ത്ര്യത്തിന്റെ ഏഴു പതിറ്റാണ്ടുകള്‍ എത്ര വ്യര്‍ഥവും നിഷ്ഫലവുമായിത്തീര്‍ന്നിരിക്കുന്നു എന്നു വിളിച്ചു പറയുന്ന ഒരു രാത്രിയാണത്. ‘ഭഗവാന്റെ മരണം’ എന്ന കഥ ഡോ. കെ. എസ് ഭഗവാന്‍ കന്നഡയിലേക്കു പരിഭാഷപ്പെടുത്തിയപ്പോള്‍ അതു പ്രസിദ്ധീകരിച്ചത് ഗൗരി ലങ്കേഷ് ആയിരുന്നു.
കഥ വായിച്ച് ഗൗരി ലങ്കേഷ് ആവേശഭരിതയായെന്നും ഇതുപോലെ ഒരു കഥ കന്നഡയില്‍ ആരും എഴുതിയില്ലല്ലോ എന്നു നിരാശ പ്രകടിപ്പിച്ചെന്നും ഡോ. ഭഗവാന്‍ പറഞ്ഞറിഞ്ഞതുമുതല്‍ അവരെ കാണാന്‍ ആഗ്രഹിച്ചിരുന്നതാണ്.
ബാംഗ്ലൂര്‍ ഫെസ്റ്റിവലിനു പോയപ്പോള്‍ മറ്റു തിരക്കുകള്‍ മൂലം, അതു സാധിച്ചില്ല. ഇനി സാധിക്കുകയുമില്ല.
കാരണം, ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിരിക്കുന്നു. അമ്പത്തിയഞ്ചാം വയസ്സില്‍.
എഴുപത്തേഴുകാരനായിരുന്ന ഡോ. കല്‍ബുര്‍ഗി കൊല്ലപ്പെട്ട അതേ വിധം.
രാത്രി എട്ടുമണിക്ക് ഓഫിസില്‍നിന്നു തിരികെയെത്തി ഗേറ്റു തുറക്കുകയായിരുന്നു. അപ്പോഴാണ് ആക്രമണമുണ്ടായത്. മോട്ടോര്‍സൈക്കിളില്‍ എത്തിയ മൂന്നു പേര്‍ വെടിവയ്ക്കുകയായിരുന്നു. അവര്‍ ഏഴു റൗണ്ട് വെടിവച്ചു. മൂന്നു വെടിയുണ്ടകള്‍ ഗൗരി ലങ്കേഷിന്റെ ശരീരത്തെ തുളച്ചു. ഒന്ന് നെറ്റിയില്‍, ഒന്ന് കഴുത്തില്‍, ഒന്ന് നെഞ്ചില്‍. നാലു വെടിയുണ്ടകള്‍ ലക്ഷ്യം തെറ്റി ഭിത്തിയില്‍ തറച്ചു.
‘ഈ നാട്ടില്‍ യു.ആര്‍ അനന്തമൂര്‍ത്തിയും ഡോ. കല്‍ബുര്‍ഗിയും എന്റെ പിതാവ് പി. ലങ്കേഷും പൂര്‍ണ ചന്ദ്ര തേജസ്വിയും ഒക്കെയുണ്ടായിരുന്നതാണ്. അവരൊക്കെ ജവഹര്‍ലാല്‍നെഹ്‌റുവിനെയും ഇന്ദിരാഗാന്ധിയെയും രാജീവ് ഗാന്ധിയെയും ഒക്കെ നിശിതമായി വിമര്‍ശിച്ചിട്ടുള്ളവരുമാണ്. പക്ഷേ, അതിന്റെ പേരില്‍ അവര്‍ ശാരീരികമായി ആക്രമിക്കപ്പെട്ടിരുന്നില്ല, കൊല്ലപ്പെട്ടിരുന്നില്ല, അവര്‍ക്കു വധഭീഷണികള്‍ ലഭിച്ചിരുന്നില്ല ‘ എന്നു ഗൗരി ലങ്കേഷ് പറഞ്ഞിട്ട് അധികം നാളുകള്‍ കഴിഞ്ഞിട്ടില്ല.
‘എന്റെ രാജ്യത്തെ ഭരണഘടന എന്നെ പഠിപ്പിക്കുന്നത് മതനിരപേക്ഷത പാലിക്കുന്ന പൗരനാകാനാണ്. അല്ലാതെ വര്‍ഗീയ വാദിയാകാനല്ല. അതുകൊണ്ട്, വര്‍ഗീയവാദികളെ എതിര്‍ക്കേണ്ടത് എന്റെ കടമയാണെന്നു ഞാന്‍ കരുതുന്നു’ എന്ന് ഉറക്കെപ്പറയാന്‍ അവര്‍ അധൈര്യപ്പെട്ടിട്ടില്ല.
തളംകെട്ടി നില്‍ക്കുന്ന രക്തത്തില്‍ വീണു കിടക്കുന്ന മെലിഞ്ഞ ശരീരം.
തുളഞ്ഞുപോയ ഒരു കണ്ഠം, ഹൃദയം, മസ്തിഷ്‌കം.
അതുകൊണ്ട്?
വെടിയുണ്ടകളേറ്റു തൊണ്ട തുളഞ്ഞാല്‍ അവരുടെ ശബ്ദം നിലയ്ക്കുമോ? വാക്കുകളും അര്‍ഥങ്ങളും ഇല്ലാതാകുമോ?
കൊല്ലപ്പെടുന്നവര്‍ക്കാണ് കൊല്ലുന്നവരേക്കാള്‍ ദീര്‍ഘായുസ്സ്. അവര്‍ പിന്നെയും പിന്നെയും ഉയിര്‍ത്തെഴുന്നേറ്റുകൊണ്ടിരിക്കും.
നിത്യമായി ഉയിര്‍ക്കുക, ഗൗരി ലങ്കേഷ്. 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.