2023 January 31 Tuesday
‘കട്ടപ്പുറത്തെ കേരള സര്‍ക്കാര്‍’ ധവളപത്രം പുറത്തിറക്കി യു.ഡി.എഫ്; ഗുരുതര ആരോപണങ്ങള്‍

തുടക്കം വന്‍ വിജയം പ്രതീക്ഷിച്ച് ട്രംപ്; പിന്നീട് സ്വരം മാറി

 

വാഷിങ്ടണ്‍: യു.എസ് തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ഫലം പുറത്തുവന്നു തുടങ്ങിയപ്പോള്‍ ഏറെ ആത്മവിശ്വാസത്തിലായിരുന്നു നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആദ്യ ഫല സൂചനകളില്‍ തന്നെ ജോ ബൈഡന്‍ മുന്‍തൂക്കം നേടിയപ്പോള്‍ ട്രംപ് കാംപിനു ചങ്കിടിപ്പ് തുടങ്ങി. അനായാസ വന്‍ വിജയം കണക്കുകൂട്ടിയ ട്രംപ് വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ ട്വീറ്റ് ചെയ്തതും ഇന്നു രാത്രി ഒരു പ്രസ്താവന നടത്തും വലിയ വിജയം എന്നാണ് . പോരാട്ടം കടുത്തതോടെ ട്രംപിന്റെ പ്രസ്താവനകളില്‍ പിന്നീട് മാറ്റം വന്നു. എങ്കിലും വലിയതോതില്‍ ഇലക്ട്രറല്‍ വോട്ടുകളുള്ള സംസ്ഥാനങ്ങളിലെ ലീഡാണ് ട്രംപിന് നേരിയ ആശ്വാസമെങ്കിലും അദ്യ ഘട്ടത്തില്‍ നല്‍കിയത്.
ബൈഡന്‍ വന്‍ തോതില്‍ ലീഡ് ഉറപ്പിച്ചപ്പോള്‍ ട്രംപ് വീണ്ടും ട്വീറ്റുമായി രംഗത്തുവന്നു. ഞങ്ങള്‍ മുന്നേറുകയാണ് എന്നാല്‍ ഡെമോക്രാറ്റുകള്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. പോളിങ് സമയം അതിക്രമിച്ചാല്‍ വോട്ട് രേഖപ്പെടുത്താന്‍ കഴിയില്ലെന്നും ട്രംപ് ട്വീറ്റ് ചെയ്തു.
പോസ്റ്റല്‍ വോട്ടെണ്ണല്‍ നിര്‍ത്തിവയ്ക്കണമെന്നായി പിന്നീട് ട്രംപിന്റെ ആവശ്യം. കൊവിഡ് കാരണം വോട്ടുകളേറെയും ഇത്തവണ പോസ്റ്റല്‍ വോട്ടായാണ് രേഖപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് അട്ടിമറി ആരോപണം ട്രംപ് ഉയര്‍ത്തിയപ്പോഴും തെളിവുകളൊന്നും പുറത്തുവിടാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ട്രംപിന്റെ ട്വീറ്റിന് താഴെ ട്വിറ്റര്‍ തന്നെ ഇതെല്ലാം തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശമാണെന്ന് എഴുതിയതോടെ ട്വീറ്റുകളും ചുരുക്കി.
ബൈഡന് മുന്‍തൂക്കമുണ്ടെങ്കിലും ട്രംപിന് വിജയസാധ്യതയില്ലെന്ന് പറയാനാകില്ല. 270 ഇകലക്ട്രറല്‍ വോട്ടുകള്‍ ലഭിക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് ബൈഡനും ട്രംപിനും മുന്നിലുള്ളത്. നിലവിലെ സാഹചര്യത്തില്‍ ബൈഡന്‍ മുന്നിട്ടു നില്‍ക്കുന്നുണ്ടെങ്കിലും ട്രംപിനെ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ തുണച്ച സംസ്ഥാനങ്ങളില്‍ ചിലയിടങ്ങളിലെങ്കിലും സാന്നിധ്യം അറിയിക്കാനായാല്‍ ബൈഡന് വൈറ്റ്ഹൗസിലേക്കുള്ള പാത തുറക്കും. 270 എന്ന മാന്ത്രിക സംഖ്യയിലേക്ക് ആര് എന്നതാണ് അമേരിക്കയും ലോകവും ഇപ്പോള്‍ ഉറ്റുനോക്കുന്നത്.
ബൈഡന് ഭൂരിപക്ഷം നേടിക്കൊടുത്ത നൊവാഡയില്‍ വോട്ടെണ്ണല്‍ നിര്‍ത്തിവച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ട്രംപിന് വിജയം എളുപ്പമാക്കിയ മിഷിഗണ്‍, പെന്‍സില്‍വാനിയ, വിസ്‌കോന്‍സിന്‍ എന്നിവിടങ്ങളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ജോര്‍ജിയയിലും നോര്‍ത്ത് കരോലിനയിലും ട്രംപ് ലീഡ് ചെയ്യുന്നു. ഇവിടങ്ങളില്‍ ഒരിടത്ത് ബൈഡന്‍ ജയിച്ചാല്‍ ട്രംപിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കും. മിഷിഗണില്‍ ലീഡ് മറിഞ്ഞ് ബൈഡന് അനുകൂലമായിട്ടുണ്ട്. വിസ്‌കോന്‍സിനില്‍ ബൈഡന്റെ ലീഡ് വീണ്ടും ഉയര്‍ന്നു. മിഷിഗണില്‍ 10 ശതമാനം വോട്ടാണ് എണ്ണാനുള്ളത്. ഇവിടെ ട്രംപാണ് ലീഡ് നിലനിര്‍ത്തുന്നത്.
എല്ലായിടത്തും ജയിച്ചെന്നും ഫലത്തില്‍ കൃത്രിമം നടന്നുവെന്നുമാണ് ട്രംപ് പറയുന്നത്. ഇതിനെതിരേ സുപ്രിംകോടതിയെ സമീപിക്കാനാണ് ട്രംപിന്റെ ശ്രമം.
സുപ്രിംകോടതിയില്‍ ട്രംപിന് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷ അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ട്. വോട്ടുനില അനുസരിച്ച് 50 ശതമാനം വോട്ടുകള്‍ ബൈഡന്‍ നേടിയപ്പോള്‍ ട്രംപിന് 48.4 ശതമാനം വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. ട്രംപ് നിയമനടപടിക്കെങ്കില്‍ ശക്തമായ നിയമപോരാട്ടം നടത്താനുള്ള ഒരുക്കത്തിലാണ് ബൈഡനും.
അതിനായി ബൈഡന്‍ ക്യാംപ് തയാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.