
ഇസ്ലാമാബാദ്: പാകിസ്താനില്‍ തീവ്രവാദികള്‍ പിടിമുറുക്കുന്ന സാഹചര്യത്തില്‍ അഫ്ഗാന് അതിര്‍ത്തിയില്‍ പാകിസ്താന് സുരക്ഷ ശക്തമാക്കുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്ന് തീവ്രവാദികള്‍ പ്രവേശിക്കുന്നത് തടയാനാണിത്. കഴിഞ്ഞ ദിവസം അഫ്ഗാന് താലിബാന് മുന്‍ മേധാവി മുല്ല അക്്തര് മന്‍സൂര്‍ പാക് അതിര്‍ത്തി പ്രദേശത്ത് യു.എസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. പാക് അതിര്‍ത്തി ഗ്രാമങ്ങളിലൂടെ 15,000 അഫ്ഗാനികള്‍ ദിവസവും പാകിസ്താനില്‍ പ്രവേശിക്കുന്നുണ്ടെന്നാണ് കണക്ക്. ഇവിടെ വിസാ പരിശോധന കര്‍ശനമാക്കും. വിസയില്ലാത്തവരെ പാകിസ്താനില്‍ പ്രവേശിപ്പിക്കില്ല. അഭയാര്‍ഥികളുടെ പേരിലും നിരവധി പേര് പാകിസ്താനിലെത്തുന്നുണ്ട്. കാര്‍ഗോ വാഹനങ്ങളിലും മിനിബസുകളിലും മറ്റും നിരവധി പേര് പാകിസ്താനിലേക്ക് വരുന്നുണ്ട്.
പാകിസ്താന് അഫ്്ഗാനിസ്ഥാനുമായി 2000 കി.മി ദൂരം അതിര്‍ത്തി പങ്കിടുന്നുണ്ട്. അതിര്‍ത്തി കടക്കുന്നവരില്‍ ഭൂരിഭാഗത്തിനും വിസയില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. താന്‍ ജോലിക്കായി എന്നും അതിര്‍ത്തി കടന്ന് പാകിസ്താനില്‍ വരാറുണ്ടെന്നും വൈകിട്ട് തിരികെ പോകുമെന്നും അഫ്ഗാന് പൗരനായ മുഹമ്മദ് യൂസുഫ് പറഞ്ഞു. തനിക്ക് ദിവസവും എങ്ങനെ വിസ കിട്ടുമെന്നും അയാള്‍ ചോദിക്കുന്നു. 19ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് നയതന്ത്രജ്ഞന് മോര്ടിമെര് ദുറാന്ദ് ആണ് അഫ്ഗാന് – പാകിസ്താന് അതിര്‍ത്തി നിര്‍ണയിച്ചത്. ഇന്ത്യയുടെയും ചൈനയുടേയും അതിര്‍ത്തിയിലാണ് പാകിസ്താന് പ്രധാനമായും അതിര്‍ത്തി സംരക്ഷണ സേനയെയും റേഞ്ചര്‍മാരെയും വിന്യസിച്ചിരുന്നത്.
അഫ്ഗാന് അതിര്‍ത്തി തുറന്നിട്ടതോടെ അഫ്ഗാന് താലിബാന് പാകിസ്താനിലെത്തി പാക് താലിബാന് വളര്‍ത്തുകയും മറ്റ് തീവ്രവാദ സംഘടനകളുടെ ഒളിത്താവളമായി വടക്കന്‍ പാകിസ്താന് മാറുകയുമായിരുന്നു. അല്‍ഖാഇദ നേതാവായിരുന്ന ഉസാമ ബിന്‍ലാദനെയും പാകിസ്താനിലെ അബാട്ടാബാദില്‍ നിന്നാണ് യു.എസ് സേന വധിച്ചത്.
Comments are closed for this post.