
ജിദ്ദ: ഹജ്ജ് തീര്‍ഥാടകര്‍ക്കിടയില്‍ പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സഊദി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. തീര്‍ഥാടകരുടെ ആരോഗ്യ പരിപാലനത്തിനുള്ള സജ്ജീകരണങ്ങള്‍ പുണ്യസ്ഥലങ്ങളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. തീര്‍ഥാടകര്‍ സഊദിയില്‍ പ്രവേശിക്കുന്ന അതിര്‍ത്തി കവാടങ്ങളില്‍ ഹെല്‍ത്ത് മോണിട്ടറിങ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
ലോകാരോഗ്യ സംഘടന ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഏജന്‍സികളുമായി ഏകോപിപ്പിച്ചാണ് ആരോഗ്യ രംഗത്തെ പ്രവര്‍ത്തനങ്ങളെന്നും മന്ത്രാലയം അറിയിച്ചു. മക്കയില്‍ ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളില്‍ 1,004 തീര്‍ഥാടകരും ഔട്ട്പേഷ്യന്റ് വിഭാഗങ്ങളില്‍ 249 പേരും ചികിത്സ തേടി. 90 തീര്‍ഥാടകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എട്ട് ശസ്ത്രക്രിയകളും രണ്ട് താക്കോല്‍ദ്വാര ശസ്ത്രക്രിയകളും നടത്തി. 73 പേരെ ഡയാലിസിസിന് വിധേയമാക്കിയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
അറഫാ പ്രസംഗം ഇത്തവണ അഞ്ചു ഭാഷകളില്‍ തത്സമയം
മക്ക: ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാ സംഗമത്തോടനുബന്ധിച്ച് നടത്തുന്ന അറഫാ പ്രസംഗത്തിന്റെ പ്രക്ഷേപണം അഞ്ചു ഭാഷകളില്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.അറബി ഭാഷയിലാണ് പ്രസംഗം നടത്തുകയെങ്കിലും ലോകത്തുള്ള വ്യത്യസ്ത ഭാഷക്കാര്‍ക്ക് മനസിലാകാന്‍ വേണ്ടണ്ടിയാണ് പ്രധാനപ്പെട്ട അഞ്ചു ഭാഷകളില്‍ പ്രസംഗം വിവര്‍ത്തനം ചെയ്തു തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്.
അറബിക്കു പുറമെ ഇംഗ്ളീഷ്, ഫ്രഞ്ച്, ഉറുദു, മലായ്, പേര്‍ഷ്യന്‍ ഭാഷകളിലാണ് ഈ വര്‍ഷം തത്സമയ വിവര്‍ത്തനം ഉണ്ടണ്ടാകുക. ഇനി മുതല്‍ റേഡിയോയില്‍ 88.3 എഫ്.എം വഴിയും ആപ് വഴിയും ഹാജിമാര്‍ക്ക് അറഫാ പ്രഭാഷണം കേള്‍ക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ലക്ഷങ്ങള്‍ പങ്കെടുക്കുന്ന അറഫയില്‍ കുടുതല്‍ പേരിലേക്ക് പ്രഭാഷണത്തിന്റെ പൊരുള്‍ തത്സമയം എത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
പ്രവാചകന്റെ അറഫാ പ്രസംഗത്തെ അനുസ്മരിപ്പിച്ചു സഊദി ഗ്രാന്‍ഡ് മുഫ്തിയാണ് അറഫാ പ്രസംഗത്തിന് നേതൃത്വം നല്‍കുക. അറഫ മൈതാനത്തെ നമിറ പള്ളിയില്‍ വച്ചാണ് ഖുതുബ നടക്കുക. ഹജ്ജിന്റെ ഏറ്റവും പ്രധാന ചടങ്ങുകളില്‍ ഒന്നാണ് അറഫാ സംഗമം.
സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളുടെ മദീന സന്ദര്‍ശനം ആരംഭിച്ചു
മദീന: കേരളത്തില്‍ നിന്ന് സ്വകാര്യ ഗ്രൂപ്പുകള്‍ മുഖേന ഹജ്ജിനെത്തിയ ഹാജിമാരുടെ മദീന സന്ദര്‍ശനം ആരംഭിച്ചു. മക്കയില്‍ നേരത്തേയെത്തിയ ഇവര്‍ നിശ്ചിത സമയം മക്കയില്‍ ചെലവഴിച്ച ശേഷമാണ് മദീന സന്ദര്‍ശനത്തിനെത്തിയത്.
മദീന സന്ദര്‍ശനം ഹജ്ജിനു മുന്‍പ് തന്നെ പൂര്‍ത്തിയാക്കുന്ന ഇവര്‍ ഹജ്ജിനു ശേഷം മക്കയില്‍ നിന്ന് തന്നെ മടക്കയാത്ര ആരംഭിക്കും. ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി മുഖേനയെത്തിയ ഹാജിമാര്‍ മദീന സന്ദര്‍ശനം കഴിഞ്ഞു മക്കയിലേക്ക് തിരിച്ച അവസരത്തിലാണ് സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ മദീനയിലെത്തുന്നത്.
മദീനയിലെത്തിയ ഹാജിമാരെ ഇലാഫ് നഖീല്‍ ഹോട്ടലില്‍ വനിത വളണ്ടണ്ടിയര്മാരടക്കമുള്ള മദീന കെ.എം.സി.സി സംഘം സ്വീകരിച്ചു. ഹംസ പെരുമ്പലം, ഗഫൂര്‍ പട്ടാമ്പി, ഒ.കെ റഫീഖ്, ഷെമീര്ഖാന്, അഷ്റഫ് ഒമാനൂര്‍, നാസിര്‍ കുറ്റിപ്പുറം സ്വീകരണത്തിന് നേതൃത്വം നല്കി.
തീര്‍ഥാടകരുടെ കുഞ്ഞുങ്ങള്‍ക്കായി ഡേ കെയര്‍
ജിദ്ദ: പരിശുദ്ധ ഹജ്ജിനെത്തുന്ന തീര്‍ഥാടകരുടെ കുട്ടികളെ പരിപാലിക്കാനായി സഊദി വിദ്യാഭ്യാസ മന്ത്രാലയം സൗകര്യമൊരുക്കി. കുട്ടികളുമായെത്തുന്നവര്‍ക്ക് കര്‍മങ്ങള്‍ പ്രയാസമില്ലാതെ നിര്‍വഹിക്കാന്‍ സഹായിക്കുന്നതിനായാണ് ഇത്തരം കേന്ദ്രങ്ങള്‍.
വിദ്യാഭ്യാസ മന്ത്രാലയം മക്ക ഓഫിസ് പ്രാദേശിക ഹജ്ജ് കമ്പനി കോ ഓഡിനേഷന്‍ കൗണ്‍സിലുമായി സഹകരിച്ചാണ് ഇവ ഒരുക്കിയത് .
18 താല്‍ക്കാലിക ശിശു പരിപാലന, നഴ്സറി കേന്ദ്രങ്ങളാണ് ഒരുക്കുന്നത്. ഇവയില്‍ മൊത്തം 585 കുട്ടികളെ പ്രവേശിപ്പിക്കാന്‍ സാധിക്കും.
2,500 സഊദി റിയാലാണ് ഓരോ കുട്ടിക്കും ഈടാക്കുക. പരിശീലനം ലഭിച്ച അധ്യാപികമാരായിരിക്കും കുട്ടികളെ പരിപാലിക്കുക.