2021 January 17 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

തീരദേശത്ത് കടലാക്രമണം രൂക്ഷം

തിരുവനന്തപുരം: തീരദേശത്ത് രൂക്ഷമായ കടലാക്രമണത്തില്‍ നാശനഷ്ടം തുടരുന്നു. വലിയതുറയില്‍ ഇന്നലെയും രണ്ട് വീടുകള്‍ കടലാക്രമണത്തില്‍ പൂര്‍ണമായി തകര്‍ന്നു. ഇതോടെ വലിയതുറയില്‍ 11 വീടുകളാണ് ഏതാനും ദിവസങ്ങളായി തുടരുന്ന കടല്‍ക്ഷോഭത്തില്‍ തകര്‍ന്നത്.
ഇരുപതിലധികം വീടുകളില്‍ വെള്ളം കയറിയതിന് പുറമേ ഇരുന്നൂറോളം വീടുകള്‍ അപകട ഭീഷണിയിലുമാണ്. പ്രദേശത്തെ 19 കുടുംബങ്ങളില്‍നിന്നായി 69 പേരെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്.
വലിയതുറ അങ്കണവാടിയിലും വലിയതുറ യു.പി സ്‌കൂളിലുമാണ് ഇപ്പോള്‍ ദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തിക്കുന്നത്. വലിയതുറക്ക് പുറമേ ജില്ലയിലെ തീരദേശ മേഖലകളെല്ലാം തന്നെ രൂക്ഷമായ കടലാക്രണം നേരിടുകയാണ്.
അഞ്ചുതെങ്ങ് മേഖലയില്‍ നിരവധി വീടുകള്‍ അപകട ഭീഷണിയിലാണ്. ഇരുപത്തഞ്ചോളം വീടുകള്‍ കഴിഞ്ഞദിവസമുണ്ടായ കടല്‍ക്ഷോഭത്തില്‍ തകരുകയും ചെയ്തു. വലിയതുറ, ബീമാപ്പള്ളി മേഖലയിലെ അഞ്ചുനിര വീടുകള്‍ കടലാക്രമണത്തില്‍ തകര്‍ന്നു. ശംഖുമുഖം മേഖലയിലും വലിയതുറയിലും ശക്തമായ തിരയടി ഇപ്പോഴും തുടരുന്നുണ്ട്. വലിയതുറയില്‍ തിരമാലകള്‍ ചെറുക്കാന്‍ മണല്‍ചാക്കുകളടുക്കി കടല്‍ഭിത്തി നിര്‍മിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടാകില്ലെന്നാണ് മത്സ്യ തൊഴിലാളികള്‍ പറയുന്നത്. കൂറ്റന്‍ കരിങ്കല്ല് അടുക്കിയ സ്ഥലങ്ങളില്‍പോലും തിരമാലകള്‍ അടിച്ചു കയറുകയാണ്. ആ സ്ഥിതിക്ക് മണല്‍ചാക്ക് കൊണ്ട് പ്രതിരോധിക്കാനാകില്ല. കടല്‍ഭിത്തി നിര്‍മാണത്തിന് അഞ്ച് ലോഡ് മണല്‍ വലിയതുറ കടല്‍പാലത്തിന് സമീപത്തും കറുപ്പായി റോഡിലുമായി ഇറക്കിയിട്ടുണ്ട്. എന്നാല്‍ ചാക്കുകള്‍ കടലിലേക്ക് പോകുകയോ അതല്ലെങ്കില്‍ മണല്‍ വെള്ളത്തില്‍ കലര്‍ന്ന് ഒഴുകി പോകുകയോ ചെയ്യുകയാണ് പതിവെന്ന് മത്സ്യ തൊഴിലാളികള്‍ പറയുന്നു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.