2020 September 29 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

തിരയടങ്ങാതെ കടല്‍: തേങ്ങലടങ്ങാതെ വലിയതുറ

തിരുവനന്തപുരം: രാത്രി 11.09ന് വാതിലില്‍ തുടര്‍ച്ചയായുള്ള മുട്ടിവിളി കേട്ടാണ് കുമാരി കോട്ടേജിലെ സിംസണ്‍ ഞെട്ടിയുണരുന്നത്. വാതില്‍ തുറന്നപ്പോള്‍ മകന്‍ പ്രേംകുമാറിന്റെ സുഹൃത്തുക്കളാണ്. കടല്‍ക്ഷോഭമുള്ളതിനാല്‍ സിംസണെ വീട്ടില്‍ നിന്ന് കൊണ്ടുപോകാന്‍ വന്നതായിരുന്നു അവര്‍. കൃത്യം 11.10ന് വീടൊന്നു കുലുങ്ങി, മൂവരും മുറ്റത്തേക്ക് എടുത്തുചാടി. തിരിഞ്ഞു നോക്കുമ്പോള്‍ കാണുന്നത് തൊട്ടുമുന്‍പ് തങ്ങള്‍ നിന്ന വീടിന്റെ പകുതി കടലെടുത്തതാണ്. കുറച്ചു സമയത്തേക്ക് കരയാനല്ലാതെ മറ്റൊന്നിനും സിംസണായില്ല.
ദൈവദൂരെപ്പോലെ ആ കുട്ടികള്‍ വന്നില്ലായിരുന്നെങ്കില്‍ താനും ഇന്ന് വീടിനൊപ്പം കടലിലായേനെയെന്ന് പറഞ്ഞ് സിംസണ്‍ നെടുവീര്‍പ്പിട്ടു. ഭാര്യ മേരി സരോജവും മക്കളായ പ്രേം കുമാറും, പ്രസന്നകുമാരിയും പ്രതീപ്കുമാറും വീട്ടിലില്ലായിരുന്നതിനാല്‍ വലിയൊരു ദുരന്തത്തില്‍നിന്ന് രക്ഷപെട്ട ആശ്വാസം കണ്ണീരൊപ്പിക്കൊണ്ട് സിംസണ്‍ പങ്കുവെച്ചു.
രണ്ട് ദിവസമായി തുടരുന്ന കടല്‍ക്ഷോഭത്തില്‍ വലിയതുറ തീരത്ത് കടലെടുത്തത് പത്തോളം വീടുകളാണ്. അശാസ്ത്രീയമായ ഹാര്‍ബര്‍ നിര്‍മാണവും പുലിമുട്ടുകളുടെ അപര്യാപ്തതയും ഈ തീരത്തെ രണ്ടുനിര വീടുകളും തീരദേശ റോഡും തുടച്ചുനീക്കി. ഇന്നലെ രാത്രി കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന വീട്ടിലുണ്ടായിരുന്ന സിംസണെന്ന വീട്ടുടമസ്ഥന്‍ ആ ഭയാനക രംഗം ഭീതിയോടെ വീണ്ടും വിവരിച്ചു.
തുടര്‍ച്ചയായുള്ള കടല്‍ക്ഷോഭത്തില്‍ 19 വര്‍ഷങ്ങളായി താമസിച്ചുവന്ന വീടിന് ബലക്ഷയമുണ്ടെങ്കിലും ഒറ്റരാത്രികൊണ്ട് വീടില്ലാതാകുമെന്ന് സിംസണ്‍ കരുതിയില്ല.
എല്ലാം കടലമ്മ കാത്തുകൊള്ളുമെന്ന വിശ്വാസം കടലെടുത്തതോടെ അധികാരികളുടെ കനിവിനായി പാതിയില്ലാത്ത വീട്ടില്‍ സിംസണ്‍ കാത്തിരിക്കുകയാണ്. കുറച്ചു ദിവസമായി ഭാര്യയോടൊപ്പം തമിഴ്‌നാട്ടിലെ ബന്ധുവീട്ടിലായിരുന്നു സിംസണ്‍. വോട്ട് ചെയ്യാനായി കഴിഞ്ഞദിവസമാണ് സിംസണ്‍ വീട്ടിലെത്തുന്നത്. അത് ഈ ദുരവസ്ഥയ്ക്ക് സാക്ഷിയാകാനാണെന്നു അദ്ദേഹം കരുതിയില്ല.

തൊട്ടടുത്ത് താമസിക്കുന്ന ജോസഫ് ലോറന്‍സും കുടുംബവും കുടിലിന്റെ പാതി രണ്ടാള്‍പൊക്കത്തില്‍ താഴ്ന്നുപോയതുനോക്കി പകച്ചുനില്‍ക്കുകയാണ്. ഭാര്യ വിജിയെയും മക്കളായ ജോമോനെയും അന്നയെയും ബന്ധുവീടുകളിലേക്ക് മാറ്റി ജോസഫ് ലോറന്‍സ് ഇടിഞ്ഞുവീണ കുടിലിന് കാവലിരിക്കികുയാണ്. തൊട്ടടുത്ത മരിയമ്മയുടെയും ജോസഫ് ഗ്രിഗറിയുടെയും സോളമന്റെയും വീടുകളും കടലെടുത്തു.  ഓഖിക്ക് ശേഷം നടന്ന പുനരധിവാസം പോലും പൂര്‍ണമായിട്ടില്ലെന്ന് പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. കണ്ണീരോടെ ലീലാമാര്‍ക്കോസെന്ന വീട്ടമ്മ ഏഴുമാസമായി സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങുന്ന കദനകഥ സാക്ഷ്യപ്പെടുത്തുന്നു.
ഭര്‍ത്താവിന്റെ മരണശേഷം വാടകവീട്ടില്‍ മകന്റെ രണ്ട് പെണ്‍മക്കളെയും ഭാര്യയെയും പോറ്റാന്‍ കഷ്ടപ്പെടുകയാണ്. ഓഖി ദുരന്തസമയത്ത് ദുരിതാശ്വാസ ക്യാംപില്‍ കിടന്നില്ല എന്ന് പറഞ്ഞാണ് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതെന്ന് ലീല പറയുന്നു. എന്നാല്‍ ഭര്‍ത്താവിന് അസുഖമായിരുന്നതിനാല്‍ ആശുപത്രിയിലും പിന്നീട് ബന്ധുവീട്ടിലുമായിരുന്നതിനാലാണ് ക്യാംപില്‍ കഴിയാതിരുന്നത്, ലീല കണ്ണുനീര്‍ തുടച്ചു.

ഓഖിക്ക് ശേഷമുണ്ടായ പുനരധിവാസത്തില്‍ പ്രദേശത്തെ കുറച്ചുപേരെ മുട്ടത്തറയിലെ ഫ്‌ളാറ്റിലേക്ക് മാറ്റി. മറ്റ് പലരും ബന്ധുവീടുകളിലേക്കും വാടകവീടുകളിലേക്കുമെല്ലാം താമസം മാറി. ഇപ്പോഴും കടല്‍ക്ഷോഭ മുന്നറിയിപ്പുണ്ടാകുമ്പോള്‍ പ്രദേശവാസികള്‍ അഭയകേന്ദ്രമാക്കുന്നത് ഈ ഭവനങ്ങളാണ്. താമസം മാറിപ്പോയ വീടുകള്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ഇടിച്ചു നിരത്തുകയും ചെയ്തു. ഇന്ന് ഈ അവശിഷ്ടങ്ങളുപയോഗിച്ച് കടല്‍ഭിത്തി നിര്‍മിക്കുകയാണ് വലിയതുറ നിവാസികള്‍. ഓരോ രാത്രികളിലും ശ്വാസമടക്കിപ്പിടിച്ച് കടലിന്റെ വ്യതിയാനങ്ങള്‍ പ്രതീക്ഷിച്ച് ഉറങ്ങുന്ന വലിയതുറ നിവാസികള്‍ അധികാരികളില്‍ നിന്ന് അനുകൂലമായ നടപടികള്‍ സ്വപ്നം കാണുകയാണ്.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.