കൊച്ചി: എല്‍.ഡി.എഫിന്റെ ഭാഗമായ എല്‍.ജെ.ഡിയും ജെ.ഡി.എസും തമ്മിലുള്ള ലയന ശ്രമങ്ങള്‍ തുടക്കത്തിലേ പാളുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു മുന്‍പു തന്നെ ലയനം യാഥാര്‍ത്ഥ്യമാക്കണമെന്ന ലക്ഷ്യത്തോടെ ജെ.ഡി.എസ് നേതൃത്വം നടത്തിയ നീക്കത്തോട് എല്‍.ജെ.ഡിക്ക് അത്ര താല്‍പര്യമില്ല. ജെ.ഡി.എസ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതിനെ തുടര്‍ന്ന് അഡ്‌ഹോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ രാഷ്ട്രീയ നീക്കങ്ങള്‍ നടക്കുന്നത്. തിടുക്കത്തിലുള്ള ലയന നീക്കത്തോട് എല്‍.ജെ.ഡി വിമുഖത കാട്ടിയതോടെ ജെ.ഡി.എസ് നേതൃത്വം വെട്ടിലായിരിക്കുകയാണ്.
ജെ.ഡി.എസില്‍ തന്നെ നേതാക്കള്‍ തമ്മില്‍ ശക്തമായ ഭിന്നതയാണുള്ളത്. മാത്യു ടി. തോമസും കെ. കൃഷ്ണന്‍കുട്ടിയും തമ്മില്‍ മന്ത്രിസ്ഥാനത്തിന്റെ പേരിലുണ്ടായ ഉള്‍പ്പാര്‍ട്ടി തര്‍ക്കങ്ങള്‍ എല്‍.ഡി.എഫ് നേതൃത്വത്തിനു വരെ തലവേദനയുണ്ടാക്കിയിരുന്നു.
ജെ.ഡി.എസിനുള്ളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ ലയനം നടത്തുന്നത് പാര്‍ട്ടിക്കോ മുന്നണിക്കോ ഗുണം ചെയ്യില്ലെന്നാണ് എല്‍.ജെ.ഡി നേതൃത്വം കരുതുന്നത്.
കൂടാതെ സംഘടനാ സംവിധാനത്തിന്റെ കാര്യത്തില്‍ എല്‍.ജെ.ഡിക്കുള്ളത്ര വേരോട്ടം ജെ.ഡി.എസിനില്ല. തദ്ദേശ തെരഞ്ഞെടുപ്പിനു മുന്‍പ് ലയനം നടന്നാല്‍ മുന്നണിയുടെയും എല്‍.ജെ.ഡിയുടെയും പിന്തുണയോടെ വിജയം നേടി എല്‍.ഡി.എഫ് നേതൃത്വത്തിനു മുന്നില്‍ കരുത്ത് തെളിയിക്കാനാണ് ജെ.ഡി.എസ് ലക്ഷ്യമിടുന്നത്. ഇതോടെ പാര്‍ട്ടിക്കുള്ളിലെ സ്ഥാനമാനങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിലും അവകാശവാദമുന്നയിക്കാനും ജെ.ഡി.എസ് നേതൃത്വത്തെ അതു സഹായിക്കും. ഇതു മുന്നില്‍ കണ്ടാണ് തദ്ദേശ തെരഞ്ഞെടുപ്പിനു മുന്‍പ് ലയനം വേണ്ടെന്ന് എല്‍.ജെ.ഡി തീരുമാനിച്ചത്.
എല്‍.ജെ.ഡി നേതൃത്വത്തിനിടയില്‍ ഇക്കാര്യത്തില്‍ അഭിപ്രായഭിന്നതയില്ല. തന്നെയുമല്ല ജെ.ഡി.എസിലെ വിഭാഗീയത പരിഹരിക്കാതെ ലയനം നടത്തുന്നത് പിന്നീട് ഒറ്റപ്പാര്‍ട്ടിയായി മാറുന്ന സാഹചര്യത്തില്‍ കൂടുതല്‍ പൊട്ടിത്തെറികള്‍ക്കു കാരണമാകുമെന്നും എല്‍.ജെ.ഡി നേതൃത്വത്തിന് ആശങ്കയുണ്ട്. ഈ സാഹചര്യത്തിലാണ് നേരത്തെ വീരേന്ദ്രകുമാര്‍ വഹിച്ചിരുന്ന പ്രസിഡന്റ് സ്ഥാനം വിട്ടുകിട്ടണമെന്ന് എല്‍.ജെ.ഡി നേതൃത്വം ആവശ്യപ്പെട്ട് ലയന നീക്കത്തെ പിന്നോട്ടടിപ്പിച്ചത്.
പ്രസിഡന്റ് സ്ഥാനം വിട്ടുകൊടുത്ത് ലയനം നടപ്പാക്കുന്നതില്‍ ജെ.ഡി.എസിനുളളില്‍ എതിര്‍പ്പുയര്‍ന്നിരിക്കുകയാണ്. വര്‍ക്കിങ് പ്രസിഡന്റ്, സെക്രട്ടറി ജനറല്‍ സ്ഥാനങ്ങള്‍ നല്‍കാമെന്നാണ് ജെ.ഡി.എസിന്റെ നിലപാട്. ഇതോടെ ലയന നീക്കം സാവധാനത്തില്‍ മതിയെന്ന എല്‍.ജെ.ഡിയുടെ താല്‍പര്യമനുസരിച്ച് കാര്യങ്ങള്‍ നീങ്ങുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ മത്സരിച്ച ഏഴു സീറ്റെന്നതിന് ആനുപാതികമായ പ്രാതിനിധ്യം വേണമെന്നും എല്‍.ജെ.ഡി നേതൃത്വം ആവശ്യപ്പെട്ടതായാണ് അറിയുന്നത്. ഇതോടെ നിയമസഭാ സീറ്റുകളുടെ കാര്യത്തിലുള്‍പ്പെടെ സി.പി.എമ്മിന്റെയും ഇടതുമുന്നണി നേതൃത്വത്തിന്റെയും നിലപാടുകളും ഇരു പാര്‍ട്ടികളെയും സംബന്ധിച്ച് നിര്‍ണായകമാകും.
Comments are closed for this post.