ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര അംഗീകാരം നേടാനുള്ള താലിബാന്റെ ആഗ്രഹം മുതലെടുക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. അവര്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്താന്‍ യു.എന്‍ രക്ഷാസമിതിയുടെ മുന്നിലുള്ള ഏക പോംവഴി ഇതാണ്. താലിബാനു പുറത്തുള്ളവരെയും ഉള്‍ക്കൊള്ളിച്ചു സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവരില്‍ സമ്മര്‍ദം ചെലുത്താനും മനുഷ്യാവകാശങ്ങള്‍, വിശേഷിച്ച് സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പാക്കാനും ഈ അവസരം പ്രയോജനപ്പെടുത്തണം. ഇക്കാര്യത്തില്‍ രക്ഷാസമിതി അംഗങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണം.
ആരോടാണ് സംസാരിക്കേണ്ടതെന്നും ഏതു വിഷയത്തിലെന്നും വ്യക്തമായാല്‍ താലിബാനുമായി ചര്‍ച്ച നടത്താന്‍ സന്നദ്ധനാണെന്നും ഗുട്ടറസ് പറഞ്ഞു. ഈ അവസരം ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. അഫ്ഗാനില്‍ നിന്നുള്ള ഒഴിപ്പിക്കലുകള്‍ തടസമില്ലാതെ തുടരാനും ഭീകരത വളര്‍ത്തുന്ന മണ്ണായി അഫ്ഗാന്‍ മാറാതിരിക്കാനും ഈ സമ്മര്‍ദങ്ങള്‍ക്കു സാധിക്കും-അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവില്‍ യു.എന്‍ പ്രതിനിധികള്‍ അഫ്ഗാനിലുണ്ട്. അവര്‍ താലിബാനുമായി ബന്ധപ്പെടുന്നുമുണ്ട്.
20 വര്‍ഷത്തിനു ശേഷം യു.എസ് സേന പിന്മാറിയതോടെയാണ് താലിബാന്‍ അധികാരം പിടിച്ചടക്കിയത്. സ്ത്രീകള്‍ക്ക് പൊതുസ്ഥലത്ത് മുഖപടം നിര്‍ബന്ധമാക്കില്ലെന്നും പെണ്‍കുട്ടികളെ പഠിക്കാനും ജോലിക്കും പോകാന്‍ അനുവദിക്കുമെന്നും സര്‍ക്കാറില്‍ സ്ത്രീകള്‍ക്കും പങ്കാളിത്തം നല്‍കുമെന്നും താലിബാന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മുമ്പ് താലിബാന്‍ അധികാരത്തിലുണ്ടായിരുന്നപ്പോഴുള്ള കര്‍ശന നിയന്ത്രണങ്ങള്‍ തിരിച്ചുവരുമെന്ന ആശങ്ക മൂലം ജനങ്ങള്‍ രാജ്യത്തുനിന്ന് പലായനം തുടരുകയാണ്. ആദ്യമായി അധികാരത്തില്‍ കയറിയപ്പോള്‍ സ്ത്രീകളെ പൊതുജീവിതത്തില്‍ നിന്ന് മാറ്റിനിര്‍ത്തുകയും പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നത് വിലക്കുകയും ചെയ്തിരുന്നു. വ്യഭിചരിക്കുന്നവരെ കല്ലെറിഞ്ഞു കൊല്ലുകയും സംഗീതവും ടെലിവിഷനും നിരോധിക്കുകയും ചെയ്തിരുന്നു.
Comments are closed for this post.