2020 September 28 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

തളിപ്പറമ്പുകാര്‍ മറക്കില്ല, പാട്ടത്തില്‍ രാഘവന്‍ മാസ്റ്ററെ

ബി.കെ ബൈജു

തളിപ്പറമ്പ്: തെരഞ്ഞെടുപ്പ് പ്രചാരണ രംഗം ചൂടുപിടിക്കുന്ന അവസരങ്ങളില്‍ ഏതൊരു തളിപ്പറമ്പുകാരന്റെയും മനസില്‍ ഓടിയെത്തുന്ന പേരാണു പാട്ടത്തില്‍ രാഘവന്‍ മാസ്റ്ററുടേത്. ഏഴു ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഏഴു നിയമസഭാ തെരഞ്ഞെടുപ്പിലും സ്വതന്ത്രനായി മത്സരിച്ച പാട്ടത്തില്‍ രാഘവന്‍ മാസ്റ്ററെ കോണ്‍ഗ്രസുകാരനല്ലെങ്കിലും തളിപ്പറമ്പിലെ കോണ്‍ഗ്രസുകാര്‍ നന്ദിയോടെ ഓര്‍ക്കും. തളിപ്പറമ്പ് മണ്ഡലത്തില്‍ 1970ല്‍ ആദ്യമായും അവസാനമായും കോണ്‍ഗ്രസിന്റെ കൊടി പാറിയതിനു കാരണക്കാരന്‍ രാഘവന്‍ മാസ്റ്ററായിരുന്നു. സിറ്റിങ് എം.എല്‍.എയായ സി.പി.എമ്മിലെ കെ.പി രാഘവ പൊതുവാളിനെ 909 വോട്ടുകള്‍ക്കാണു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സി.പി ഗോവിന്ദന്‍ പരാജയപ്പെടുത്തിയത്. സ്വതന്ത്രനായി മത്സരിച്ച് അന്നു രാഘവന്‍ മാസ്റ്റര്‍ പിടിച്ച 4716 വോട്ടുകളാണു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ വിജയത്തിനു കാരണമായത്.
1970ല്‍ ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിച്ച രാഘവന്‍ മാസ്റ്റര്‍ 2009ല്‍ കെ. സുധാകരനെതിരേയാണ് അവസാനമായി മത്സരിച്ചത്. 1970ലെ ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ ഇരുപതിനായിരത്തിലേറെ വോട്ടുകള്‍ നേടി തളിപ്പറമ്പുകാരെ ഞെട്ടിച്ച രാഘവന്‍ പിന്നീടു നടന്ന മത്സരങ്ങളിലും പ്രചാരണത്തിലെ വ്യത്യസ്തത കൊണ്ട് തളിപ്പറമ്പിലെ വോട്ടര്‍മാരെ അമ്പരപ്പിച്ചു. വാടകയ്‌ക്കെടുത്ത ജീപ്പില്‍ സ്വയം അനൗണ്‍സ്‌മെന്റ് ചെയ്ത് പ്രചാരണം നടത്തുന്ന ഇദ്ദേഹത്തിന്റെ 1970ലെ പ്രചാരണം ഉദ്ഘാടനം ചെയ്തതു ‘നേതാജി സുഭാഷ് ചന്ദ്രബോസ്’ ആയിരുന്നു. ഉദ്ഘാടനത്തിനു നേതാജി വരുന്നുവെന്നു പ്രചാരണം നടത്തിയശേഷം ബാഗില്‍ നിന്നു നേതാജിയുടെ ഫോട്ടോയെടുത്ത് മേശപ്പുറത്ത് വച്ചശേഷം നേതാജി പ്രസംഗിക്കുന്ന രീതിയില്‍ സ്വയം പ്രസംഗിക്കുകയായിരുന്നു. ആക്ഷേപഹാസ്യം നിറഞ്ഞ രാഘവന്‍ മാസ്റ്ററുടെ പ്രസംഗം കേള്‍ക്കാന്‍ അക്കാലത്ത് നൂറുകണക്കിനാളുകളാണു തടിച്ചുകൂടിയിരുന്നത്.
1977ല്‍ യു.ഡി.എഫിന്റെ ഭാഗമായിരുന്ന എന്‍.ഡി.പിക്കു തളിപ്പറമ്പ് സീറ്റ് അനുവദിച്ചപ്പോള്‍ അന്നത്തെ എന്‍.ഡി.പി സംസ്ഥാന അധ്യക്ഷന്‍ കിടങ്ങൂര്‍ ഗോപാലകൃഷ്ണപ്പിള്ള സ്ഥാനാര്‍ഥിയായി നിയോഗിച്ചതു പാട്ടത്തില്‍ രാഘവന്‍ മാസ്റ്ററെയായിരുന്നു. എന്നാല്‍ പത്രികാ സമര്‍പ്പണത്തിനു തൊട്ടുമുന്‍പ് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ സമ്മര്‍ദഫലമായി മറ്റൊരാള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയാകുകയായിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.വി രാഘവന്‍ ആയിരത്തില്‍ താഴെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണു വിജയിച്ചത്. പാട്ടത്തില്‍ രാഘവന്‍ മാസ്റ്ററായിരുന്നു സ്ഥാനാര്‍ഥിയെങ്കില്‍ തളിപ്പറമ്പ് സീറ്റ് യു.ഡി.എഫിനു ലഭിക്കുമായിരുന്നു പിന്നീടു നേതാക്കളുടെ വിലയിരുത്തല്‍.
തെരഞ്ഞെടുപ്പ് മത്സരങ്ങളില്‍ വിജയ പരാജയങ്ങളെക്കുറിച്ച് ഒരിക്കലും ആശങ്കപ്പെട്ടിട്ടില്ലാത്ത രാഘവന്‍ മാസ്റ്റര്‍ക്കു സമകാലീന വിഷയങ്ങളില്‍ തന്റെ നിലപാടും അഭിപ്രായങ്ങളും ജനങ്ങളുമായി പങ്കുവയ്ക്കാനുള്ള വേദിയായിരുന്നു തെരഞ്ഞെടുപ്പുകളെന്നു മകനും പൊതുപ്രവര്‍ത്തകനുമായ സുഖദേവന്‍ ഓര്‍മിക്കുന്നു. വെളുത്ത ജുബ്ബയും ഗാന്ധിതൊപ്പിയും ധരിച്ച് പുഞ്ചിരിയോടെ നമ്മുടെ മുന്നിലൂടെ ഒരു ചോദ്യചിഹ്നം പോലെ നടന്നുനീങ്ങിയ പാട്ടത്തില്‍ രാഘവന്‍ മാസ്റ്റര്‍ 2017 ഫെബ്രുവരിയില്‍ തൊണ്ണൂറാം വയസില്‍ ജീവിതത്തില്‍ നിന്നു പടിയിറങ്ങിയത്് ജനാധിപത്യമുള്ള കാലത്തോളം ആരും മറക്കില്ല എന്ന അപൂര്‍വത അവശേഷിപ്പിച്ചായിരുന്നു പാട്ടത്തിലിന്റെ മടക്കം.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.