2021 October 26 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

തലസ്ഥാന ജില്ലക്ക് അഭിമാനിക്കാം; വികസന മുന്നേറ്റം കിഫ്ബി വഴി

കഴിഞ്ഞ നാലര വര്‍ഷം. പറഞ്ഞത് നടപ്പിലാക്കി ഇടതുപക്ഷ സര്‍ക്കാര്‍. തലസ്ഥാന ജില്ലയായ തിരുവനന്തപുരത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിക്കുന്ന സമാനതകളില്ലാത്ത വികസന പദ്ധതികളാണ് സര്‍ക്കാര്‍ കിഫ്ബി വഴി നടപ്പിലാക്കുന്നത്.
പതിനാലു നിയോജക മണ്ഡലങ്ങളിലായി 200ല്‍ പരം പദ്ധതികളാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളില്‍ തുടങ്ങി ഗുണമേന്‍മ ഉറപ്പാക്കിയും സമയബന്ധിതവും സുതാര്യവുമായി നടപ്പിലാകുന്ന വന്‍ കിടപദ്ധതികള്‍ വരെ ഇത്തരത്തില്‍ നടപ്പായി വരുന്നു. ആദ്യഘട്ടത്തില്‍ നാലായിരം കോടിയോളം രൂപ ചെലവ് വരുന്ന എഴുപതില്‍ പരം പദ്ധതികള്‍ ഉദ്ഘാടനത്തിനൊരുങ്ങിക്കൊണ്ടിരിക്കുന്നുവെന്നതും ശ്രദ്ധേയമാണ്.
തലസ്ഥാനത്തിന്റെ ഗതാഗതക്കുരുക്കിന് പരിഹാരമായി ശ്രീകാര്യം,ഉള്ളൂര്‍, പട്ടം ഫ്‌ളൈ ഓവറുകള്‍ പ്രതിദിനം അയ്യായിരത്തോളം രോഗികളെത്തുന്ന കേരളത്തിന്റെ ആദ്യ മെഡിക്കല്‍ കോളജായ തിരുവനന്തപുരം മെഡിക്കല്‍ കോളജിനെ ലോകോത്തര നിലവാരത്തിലേക്കുയര്‍ത്തി രോഗീ സൗഹൃദമാക്കാന്‍ 717.29 കോടിയുടെ മാസ്റ്റര്‍ പ്ലാന്‍ തുടങ്ങിയവ തലസ്ഥാനത്തിന്റെ വികസനത്തിന്റെ നാഴികക്കല്ലുകളാകും. വലിയ പാലങ്ങള്‍, റോഡുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, സാംസ്‌കാരിക സമുച്ചയങ്ങള്‍, ടൂറിസം കേന്ദ്രങ്ങള്‍, ജലപാതകള്‍, ഐ.ടി പാര്‍ക്കുകള്‍, സ്റ്റേഡിയങ്ങള്‍ തുടങ്ങി സര്‍വ മേഖലകളും കിഫ്ബി എന്ന വികസന വിപ്ലവ ജ്വാലയില്‍ തിളങ്ങുകയാണ് തലസ്ഥാനം. പിണറായി സര്‍ക്കാരിന്റെ പുതിയ വികസന കാഴ്ചപ്പാടിന്റെ പൂര്‍ത്തീകരണമാണ് കിഫ്ബിയിലൂടെ തലസ്ഥാനത്ത് യാഥാര്‍ഥ്യമാകുന്നത്.

ആറ്റിങ്ങലില്‍ സമഗ്രമായ
റോഡ് ശൃംഖല

സമഗ്രമായ റോഡു ശൃംഖലയാണു പദ്ധതിയിലൂടെ സാധ്യമാകുന്നത്. പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന നിരവധി റോഡുകള്‍ മണ്ഡലത്തില്‍ പൂര്‍ത്തിയാകുകയും ചിലതിനു ഭരണാനുമതി ഇപ്പോള്‍ ലഭിക്കുകയും ചെയ്തിട്ടുണ്ട്. മണ്ഡലത്തില്‍ നിന്നും വര്‍ക്കല ശിവഗിരിയിലേക്കു പോകാന്‍ കഴിയുന്ന റോഡിന്റെ നിര്‍മാണം നടക്കുന്നൂവെന്നുള്ളതും എടുത്തു പറയേണ്ട ഒന്നാണ്. ആറ്റിങ്ങല്‍ സര്‍ക്കാര്‍ കോളജിലെ അത്യാധുനിക ഡിജിറ്റല്‍ ലൈബ്രറി 8.85 കോടി,ആറ്റിങ്ങല്‍ സര്‍ക്കാര്‍ മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 5 കോടി, ആറ്റിങ്ങല്‍ സര്‍ക്കാര്‍ ഗേള്‍സ് എച്ച്.എസ്.എസ്, കിളിമാനൂര്‍ എച്ച്.എസ് എസ് ഞെക്കാട് എച്ച്.എസ്.എസ്, അവനവന്‍ ചേരി എച്ച്.എസ്.എസ്, ആറ്റിങ്ങല്‍ ഡയറ്റ് യു.പി.എസ് എന്നിവക്ക് മൂന്നു കോടി വീതം. സര്‍ക്കാര്‍ എച്ച്.എസ്.എസ് തട്ടത്തുമല, സര്‍ക്കാര്‍ എച്ച്.എസ്.എസ് ചെറുന്നിയൂര്‍, സര്‍ക്കാര്‍ എച്ച്.എസ്.എസ് കവലയൂര്‍, സര്‍ക്കാര്‍ എച്ച.്എസ്.എസ് നെടുമ്പറമ്പ്, സര്‍ക്കാര്‍ എച്ച്.എസ്.എസ് ആലംകോട്, സര്‍ക്കാര്‍ എച്ച്.എസ് പോങ്ങനാട്, സര്‍ക്കാര്‍ ടൗണ്‍ യു.പി.എസ് കിളിമാനൂര്‍ എന്നീ സ്‌കൂളുകള്‍ക്ക് ഒരു കോടി വീതവും അനുവദിച്ചു.

വികസന വഴിയില്‍ നവോഥാന
പ്രസ്ഥാനത്തിന്റെ ഈറ്റില്ലം

നവോഥാന പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ ശിവഗിരിയും ലോക ടൂറിസം ഭൂപടത്തില്‍ ഇടം നേടിയ വര്‍ക്കല പാപനാശവും ഉള്‍പ്പെടുന്ന വര്‍ക്കലയില്‍ വിദ്യാഭ്യാസ രംഗത്തും റോഡുവികസനവും ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്നതിനും സര്‍ക്കാര്‍ ഓഫിസുകള്‍ക്കായുള്ള കെട്ടിടങ്ങളുമടക്കം വന്‍ പദ്ധതികളാണ് കിഫ്ബി മുഖാന്തിരം നടപ്പിലാക്കുന്നത്. ഇതുവരെ 283 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് കിഫ്ബി അംഗീകാരം ലഭിച്ചിട്ടുണ്ട്. വര്‍ക്കല മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പുതിയ ബഹുനില മന്ദിരം നിര്‍മാണം 6.48 കോടി, ഗവ. എച്ച്എസ്എസ് പാളയംകുന്ന്, ഗവ. എച്ച്.എസ്.എസ് നാവായിക്കുളം മൂന്ന് കോടി വീതം ചെലവഴിച്ചുള്ള പുതിയ കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, വര്‍ക്കല ഗവ. എല്‍.പി.ജി.എസ് പുതിയ കെട്ടിട നിര്‍മാണം 1.75 കോടി,ഗവ. എച്ച്.എസ്.എസ് കാപ്പില്‍, ഗവ. എച്ച്.എസ്.എസ് പള്ളിക്കല്‍, ഗവ. എച്ച്.എസ്.എസ് വെട്ടൂര്‍, ഗവ. എല്‍.പി.ജി.എസ് വര്‍ക്കല എന്നീ സ്‌കൂളുകളില്‍ പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് ഓരോ കോടി വീതവും. തൊടുവേ പാലവും അപ്രോച്ച് റോഡും- 30 കോടി, വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പുതിയ ബഹു നിലമന്ദിരം നിര്‍മിക്കാന്‍ 12 കോടിയും അനുവദിച്ചു.

ചിറയിന്‍കീഴില്‍
25ഓളം പദ്ധതികള്‍

മണ്ഡലത്തിലെ സ്വപ്ന പദ്ധതികള്‍ ഉള്‍പ്പെടെയുള്ളവ വിവിധ ഘട്ടങ്ങളിലാണ്. 750 കോടിയുടെ വികസന പ്രവര്‍ത്തനമാണ് ചിറയിന്‍കീഴ് മണ്ഡലത്തില്‍ നടപ്പാക്കുന്നത്.റെയില്‍വേ ഓവര്‍ ബ്രിഡ്ജിനായി 25.08 കോടി രൂപയാണ് ചെലവഴിക്കുന്നത്. ഇതിന്റെ സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയാവുകയും ടെന്‍ഡര്‍ നടപടി പുരോഗമിക്കുകയുമാണ്. ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ മള്‍ട്ടിസ്‌പെഷാലിറ്റി ബ്ലോക്കിന്റെ നിര്‍മാണത്തിനായി 50.77 കോടി രൂപയും ഉപകരണങ്ങള്‍ വാങ്ങുവാനായി 22.34 കോടി രൂപയും ചിറയിന്‍കീഴ്, അഞ്ചുതെങ്ങ് പഞ്ചായത്തുകളിലിലെ തീരദേശത്തെ കടലാക്രമണം തടയുന്നതിനായി തീരപ്രദേശത്ത് പുലിമുട്ട് സ്ഥാപിക്കുന്നതിനായി 18.31 കോടി രൂപയും മുതലപൊഴി ഹാര്‍ബറുമായി ബന്ധിപ്പിക്കുന്ന ആലംകോട് – മീരാന്‍കടവ് – അഞ്ചുതെങ്ങ് – മുതലപൊഴി റോഡ് 44.64 കോടി രൂപയും അനുവദിച്ചു. ചിറയിന്‍കീഴ് – കടയ്ക്കാവൂര്‍ തീരദേശ കുടിവെളള പദ്ധതിക്കായി 18.28 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ തീരദേശ ഹൈവേയുടെ നിര്‍മാണത്തിനായി ഹൈവേ കടന്ന് പോകുന്ന അഞ്ചുതെങ്ങ് തീരദേശ മേഖലയുടെ റോഡ് വികസനത്തിനും മത്സ്യതൊഴിലാളികളുടെ പുനരധിവാസത്തിനുമായി 80 കോടിയുടെ പദ്ധതി, മംഗലപുരം പഞ്ചായത്തില്‍ ജി.വി രാജ സെന്റര്‍ ഓഫ് എക്‌സലന്‍സ് നിര്‍മാണത്തിനായി 56.19 കോടിയുടെ പദ്ധതി, അഞ്ചുതെങ്ങിനെയും വക്കം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന കായിക്കര പാലം നിര്‍മാണത്തിനായി 25 കോടി രൂപ, മംഗലപുരം പഞ്ചായത്തില്‍ ആരംഭിക്കുന്ന ലൈഫ് സയന്‍സ് പാര്‍ക്കിനായി 301.17 കോടി രൂപ, പാലവിള, വെയിലൂര്‍, അഴൂര്‍ എന്നി സ്‌കൂളുകള്‍ക്കായി 13 കോടി രൂപയും അനുവദിച്ചു.

കഴക്കൂട്ടത്ത് 456 കോടി
രൂപയുടെ വികസനം

നാടിന്റെ അടിസ്ഥാനപരമായ വികസനമാണു സര്‍ക്കാരിന്റെ ലക്ഷ്യം. ബജറ്റില്‍ അനുവദിക്കുന്ന തുക കൊണ്ടു മാത്രം പ്രതീക്ഷിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയില്ല. ഇതു മുന്നില്‍ കണ്ടാണു വികസനത്തിനു കൂടുതല്‍ പണം സ്വരൂപിക്കുന്നതിനായി ഇടതു സര്‍ക്കാര്‍ കിഫ്ബി രൂപീകരിച്ചത്. എന്റെ മണ്ഡലത്തില്‍ തന്നെ 456 കോടി രൂപയുടെ വികസനമാണ് കിഫ്ബിയുടെ സാധ്യമാകുന്നത്. ശ്രീകാര്യം, ഉള്ളൂര്‍ ഫ്‌ളൈ ഓവറുകളും മണ്ണന്തല-പൗഡിക്കോണം, പേട്ട-ആനയറ-വെണ്‍പാലവട്ടം റോഡുകളും കഴക്കൂട്ടത്തെ ഗതാഗത കുരുക്കില്‍ നിന്ന് മോചിപ്പിക്കും. അസൗകര്യങ്ങളില്‍ ശ്വാസം മുട്ടിയ മെഡിക്കല്‍ കോളജ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് കുതിക്കുകയാണ്. ശ്രീകാര്യം ഫ്‌ളൈ ഓവറിനു 135 കോടി രൂപ, ഉള്ളൂര്‍ ഫ്‌ളൈ ഓവര്‍ 54.28 കോടി, പേട്ട-ആനയറ-വെണ്‍പാലവട്ടം റോഡ് 63.48 കോടി,മണ്ണന്തല-പൗഡിക്കോണം റോഡ് 84.2 കോടി, ആക്കുളം കായല്‍ പുനരുജീവന പദ്ധതി 64.13 കോടി, കാര്യവട്ടം യൂനിവേഴ്‌സിറ്റി കോളജ് നവീകരണം 16 കോടി, കഴക്കൂട്ടം സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ നവീകരണം 6 കോടി, കുളത്തൂര്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ നവീകരണം 6 കോടി, കഴക്കൂട്ടം മഹാദേവക്ഷേത്രം-ശബരിമല ഇടത്താവളം 10 കോടി അനുവദിച്ചു.

വട്ടിയൂര്‍ക്കാവിന്റെ ചിരകാലഭിലാഷം
കിഫ്ബിയിലൂടെ പൂവണിയുന്നു

വര്‍ഷങ്ങളായുള്ള മണ്ഡലത്തിലെ ജനങ്ങളുടെ ആഗ്രഹമാണു വട്ടിയൂര്‍ക്കാവ് ജങ്ഷന്‍ വികസനം. തലസ്ഥാനത്തിന്റെ തന്നെ മുഖഛായ മാറ്റുന്ന ജങ്ഷന്‍ വികസനത്തിന്റെ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. പട്ടം ഫ്‌ളൈ ഓവര്‍ നിര്‍മിക്കുന്നതിന് 140 കോടി രൂപ, തിരുവനന്തപുരം ജനറല്‍ ആശുപത്രി വികസന മാസ്റ്റര്‍ പ്ലാനിന് 146 കോടി രൂപ, പട്ടം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ കെട്ടിടങ്ങളുടെ നിര്‍മാണത്തിനായി 5 കോടി, വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളജ് കെട്ടിട നിര്‍മാണത്തിന് 11 കോടി രൂപ, വട്ടിയൂര്‍ക്കാവ് വൊക്കേഷനല്‍ ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വികസന പദ്ധതി 3.6 കോടി രൂപ, കാച്ചാണി ഹൈസ്‌കൂള്‍, മഞ്ചമ്പാറ സര്‍ക്കാര്‍ എല്‍.പി സ്‌കൂള്‍, കുലശേഖരം സര്‍ക്കാര്‍ യു.പി സ്‌കൂള്‍, പേരൂര്‍ക്കട സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ എന്നിവയുടെ കെട്ടിട നവീകരണത്തിന് ഒരു കോടി രൂപ വീതവും കിഫ്ബി വഴി നടപ്പിലാക്കുകയാണ്.

നേമത്ത് അന്താരാഷ്ട്ര നിലവാരത്തില്‍ സര്‍ക്കാര്‍ സ്‌കൂള്‍

കാലടി വാര്‍ഡില്‍ സര്‍ക്കാര്‍ സ്‌കൂളിന് കിഫ്ബിയില്‍ നിന്നും അഞ്ചു കോടിയും എം.എല്‍.എ ഫണ്ടില്‍ നിന്ന് ഒരുകോടിയും ചേര്‍ത്ത് ആറുകോടി രൂപ മുടക്കിയുള്ള നിര്‍മാണം സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തില്‍ ഉയര്‍ത്താന്‍ സാധിച്ചു. നേമം രജിസ്‌ട്രേഷന്‍ ഓഫിസ് 21.60 കോടി,ചിത്രാഞ്ജലി സ്റ്റുഡിയോ നവീകരണം 66.8 കോടി, മണക്കാട് കാലടി റോഡ് 86 കോടി, കരമന സോമന്‍നഗര്‍- കാലടി റോഡ് വീതി കൂട്ടുന്നതിന് 20 കോടി കിഫ്ബി വഴി അനുവദിച്ചു.

തലസ്ഥാനത്തിന്റെ വിദ്യാഭ്യാസ ഹബ്ബായി മാറാനൊരുങ്ങി കോവളം
മണ്ഡലത്തില്‍ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുതുജീവനേകാന്‍ കിഫ്ബി പദ്ധതികളിലൂടെ കഴിഞ്ഞു. നിര്‍ദിഷ്ട പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അന്തര്‍ ദേശിയ നിലവാരത്തിലാകും. കോവളം നിയോജകമണ്ഡലം തലസ്ഥാനത്തിന്റെ വിദ്യാഭ്യാസ ഹബ്ബായി മാറും. കാഞ്ഞിരംകുളം കെ,എന്‍.എം സര്‍ക്കാര്‍ കോളജ് നവീകരണത്തിനായി അഞ്ച് കോടി, ബാലരാമപുരം സര്‍ക്കാര്‍ സ്‌കൂളില്‍ കിഫ്ബിയുടെ 5 കോടി, വെങ്ങാനൂര്‍ ചാവടിനട സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പുന്നമൂട് സര്‍ക്കാര്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ മൂന്ന് കോടി രൂപ വിതം വിനിയോഗിച്ചുള്ള നവീകരണ പ്രവര്‍ത്തനങ്ങളും പുതിയ കെട്ടിടങ്ങളുടെ നിര്‍മാണവും നടത്തി.

നെയ്യാറ്റിന്‍കരയില്‍
അതിശയിപ്പിക്കുന്ന
വികസനം

ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പരിതാപകരമായിരുന്നു. ഉദ്ദേശിക്കുന്ന വികസനങ്ങള്‍ പലപ്പോഴും നടന്നെന്നു വരില്ല. മണ്ഡലത്തില്‍ നടക്കില്ലെന്നു വിചാരിച്ച പദ്ധതികള്‍ പോലും കിഫ്ബിയിലൂടെ സഫലമായി. കിഫ്ബിയിലൂടെ ജില്ലയില്‍ ആദ്യമായി പണി പൂര്‍ത്തീകരിച്ച സ്‌കൂള്‍ കെട്ടിടമെന്ന പ്രത്യേകതയും നെയ്യാറ്റിന്‍കരക്ക് അവകാശപ്പെട്ടതാണ്. സര്‍ക്കാര്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പുതിയ മന്ദിരം അഞ്ചു കോടി, അമരവിള-ഒറ്റശേഖരമംഗലം റീച്ചിലെ ആദ്യ ഭാഗം (അമരവിള മുതല്‍ പൂവന്‍കാല വരെ) – 6 കോടി 50 ലക്ഷം രൂപ, അതിയന്നൂര്‍ കുടിവെള്ള പദ്ധതി – 25.9 കോടി രൂപ, മുള്ളറവിള ആയയില്‍ പാലത്തിനു 15.20 കോടി രൂപയും കിഫ്ബി വഴി അനുവദിച്ചു. ഹൈസ്‌കൂള്‍ പ്ലസ് ടു വിഭാഗങ്ങളിലായി 303 ക്ലാസ് മുറിക ഹൈടെക് രീതിയില്‍ ആധുനികവല്‍കരിക്കുകയും ചെയ്തു.

പാറശാലയില്‍ വികസനം തിലകക്കുറി

കേരളത്തിന്റെ തെക്കേ അതിര്‍ത്തിയില്‍ തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന പാറശാല മണ്ഡലത്തില്‍ ഇതുവരെയില്ലാത്ത വന്‍ വികസന പ്രവര്‍ത്തനങ്ങളാണ് കിഫ്ബിയിലൂടെ നടന്നത്. ജനങ്ങളുടെ ആഗ്രഹത്തിനൊത്തു വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇപ്പോള്‍ ജനപ്രതിനിധികള്‍ക്ക് സാധിക്കുന്നു. ആതുര സേവന രംഗത്ത് പാറശാല മണ്ഡലം ചരിത്രത്തിലാദ്യമായി പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കുകയാണ്.പാറശാല താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി ആധുനികവല്‍ക്കരണത്തിന് 100 കോടി രൂപയുടെ പാക്കേജിന് കിഫ്ബിയുടെ അംഗീകാരമായിട്ടുണ്ട്. നിര്‍ദിഷ്ട മലയോര ഹൈവേ- കള്ളിക്കാട് ഒറ്റശേഖരമംഗലം അമ്പൂരി വെള്ളറട കുന്നത്തുകാല്‍ പാറശാല എന്നീ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡിനു 103 കോടി രൂപ, ധനുവച്ചപുരം ഗവ ഐ.ടി.ഐ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി 67 കോടി രൂപ, മാരായമുട്ടം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കിഫ്ബി ഫണ്ടും എം.എല്‍.എ ഫണ്ടും സമന്വയിപ്പിച്ച് നവീകരണവും നടപ്പിലാക്കി.

കാട്ടാക്കടയില്‍ വരും തലമുറയ്ക്കു
ഓര്‍ക്കാന്‍ കഴിയുന്ന പദ്ധതികള്‍

അബദ്ധമാണെന്നും പ്രായോഗികമല്ലെന്നും പറഞ്ഞ ആളുകള്‍ ഇപ്പോള്‍ കിഫ്ബിയുടെ വക്താക്കളായി മാറിക്കഴിഞ്ഞിരിക്കുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം നടക്കുന്ന കാര്യങ്ങള്‍ ഇപ്പോള്‍ നടക്കുന്നൂവെന്നതാണു പ്രധാന പ്രത്യേകത. ഗുണമേന്മയും സാങ്കേതിക മികവുമാണു കിഫ്ബി പദ്ധതിയുടെ പ്രത്യേകത. കാട്ടാക്കട മണ്ഡലത്തിലെ നാട്ടിന്‍പുറത്തെ ജനങ്ങള്‍ക്കു വലിയ സഹായമാണു കിഫ്ബിയിലൂടെ ലഭിക്കുന്നത്. കിള്ളി-മണലി മേച്ചിറ പനയംകോട് മലപ്പനംകോട് -ഇ.എം.എസ് അക്കാദമി റോഡിന് 16.24 കോടി രൂപ, പൊട്ടന്‍കാവ് -നെല്ലിക്കാട്-ചിനിവിള-ഊനാംപാറ-തൂങ്ങാംപാറ-തെരളികുഴി-മുണ്ടുകോണം റോഡിനു 18.74 കോടി, ചൊവള്ളൂര്‍-മൈലാടി റോഡ് 27.9 കോടി, കടുവിട്ടുകടവു പാലം (കാട്ടാക്കട പാറശാല മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്നത്) 12.35 കോടി, മലയിന്‍കീഴ് താലൂക്ക് ആശുപത്രിയുടെ നവീകരണം 23.31 കോടി, മലയിന്‍കീഴ് സബ് രജിസ്ട്രാര്‍ ഓഫിസ് കെട്ടിട നിര്‍മാണം 1.30 കോടി, വിളപ്പില്‍ യു.പി.എസ് കെട്ടിട നിര്‍മാണം ഒരു കോടിയും കിഫ്ബി വഴി നടപ്പിലാക്കി.

നെടുമങ്ങാട് വികസന
മുന്നേറ്റവുമായി കിഫ്ബി

എല്ലാ മണ്ഡലങ്ങളിലും കിഫ്ബി വഴിയുള്ള അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. നെടുമങ്ങാട് മികച്ചരീതിയിലുള്ള മുന്നേറ്റമാണ് കിഫ്ബി വഴി നടപ്പിലായത്. കിഫ്ബി വഴി വഴയില-പഴകുറ്റി നാലുവരിപ്പാത 400 കോടി. പഴകുറ്റി-മംഗലപുരം റോഡ് 200 കോടി,നെടുമങ്ങാട്-അരുവിക്കര-വെള്ളനാട് റോഡ് 41.6 കോടി, നെടുമങ്ങാട് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അന്താരാഷ്ട്ര നിലാവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് 5 കോടി, നെടുമങ്ങാട് സര്‍ക്കാര്‍ കോളജിന് പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് 7.62 കോടി, കന്യാകുളങ്ങര ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മൂന്ന് കോടി, കന്യാകുളങ്ങര സബ് രജിസ്ട്രാര്‍ ഓഫിസ്1.33 കോടി,നെടുമങ്ങാട് നഗരസഭയില്‍ ആധുനിക സൗകര്യത്തോടുകൂടി അറവുശാല 2.39 കോടി രൂപയും അനുവദിച്ചു.

വാമനപുരത്ത് സംശയങ്ങള്‍
അസ്ഥാനത്താക്കിക്കൊണ്ടുള്ള മുന്നേറ്റം

ലക്ഷ്യമിട്ടതിനേക്കാള്‍ വലിയ പ്രവൃത്തികളാണു കിഫ്ബിയിലൂടെ നടക്കുന്നത്. ആദ്യം ചിലര്‍ക്ക് കിഫ്ബിയെ സംബന്ധിച്ചു സംശയം ഉണ്ടായിരുന്നു. എന്നാല്‍ ആ സംശയങ്ങളെല്ലാം ഇപ്പോള്‍ അസ്ഥാനത്തായി. പാലോട്-ബ്രൈമൂര്‍ റോഡ് വികസനത്തന് 49.69 കോടി, വാമനപുരം-ചിറ്റാര് റോഡ് 31.09 കോടി, മുതുവിള-ചെല്ലഞ്ചി-കുടവനാട്-നന്ദിയോട് റോഡ് 32 കോടി, വെഞ്ഞാറമൂട് റിങ് റോഡ് 31.77 കോടി, വെഞ്ഞാറമൂട് മേല്‍പ്പാലം 25 കോടി, വെഞ്ഞാറമൂട് ജി.എച്ച്.എസ്.എസ് അഞ്ചു കോടി, കല്ലറ ജി.എച്ച്.എസ്.എസ് കെട്ടിടം മൂന്നു കോടി, ജവഹര്‍ കോളനി ജി.എച്ച്.എസ് ഒരു കോടി, ആട്ടുകാല്‍ സര്‍ക്കാര്‍ യു.പി.എസ് ഒരു കോടി, ആനാട് സര്‍ക്കാര്‍ എല്‍.പി.എസ് ഒരു കോടി, മടത്തറക്കാണി ജി.എച്ച്.എസ് ഒരു കോടിയും അനുവദിച്ചു.

തിരുവനന്തപുരത്ത് വികസനത്തിളക്കം

തിരുവനന്തപുരത്ത് വലിയ വികസന മുന്നേറ്റമാണ് കിഫ്ബി വഴി നടപ്പിലായത്. സര്‍ക്കിളിലെ ട്രാന്‍സ്മിഷന്‍ മെയിനുകള്‍ മാറ്റിസ്ഥാപിക്കലിന് 77.86 കോടി, മണക്കാട് ഗവ. ജി.എച്ച്.എസ്.എസ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതി 5 കോടി, ഗവ. സംസ്‌കൃത കോളജ് 7.57 കോടി, ഗവ. വിമന്‍സ് കോളജ് 2.90 കോടി, തൈക്കാട് ആര്‍ട്‌സ് കോളജ് 7.89 കോടി, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ 229 സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യവികസന പദ്ധതിയുടെ ഭാഗമായി കോട്ടണ്‍ഹില്‍ ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് 3.18 കോടിയുടെ പദ്ധതിയും നടപ്പിലായി.

കിഫ്ബിയിലെ
ഇ ഗവേണന്‍സ് സംവിധാനം

സുരക്ഷിതവും കാര്യക്ഷമവുമായ ഇ ഗവേണന്‍സ് സംവിധാനത്തിലൂടെ ഈ ലോക്ക്ഡൗണ്‍ കാലത്ത് വര്‍ക് ഫ്രം ഹോം വിജയകരമായി നടപ്പാക്കാന്‍ കിഫ് ബിക്ക് കഴിഞ്ഞു. കരാറുകാര്‍ക്കുള്ള ഒരൊറ്റ ബില്‍ പേയ്‌മെന്റ് പോലും ഈ ലോക്ക്ഡൗണ്‍ കാലത്ത് കിഫ്ബി യില്‍ മുടങ്ങിയില്ല എന്നത് എടുത്തു പറയേണ്ടതാണ്.
കരാറുകാര്‍ക്ക് ബില്‍ പേയ്‌മെന്റിന്റെ സ്റ്റാറ്റസ് ഓണ്‍ലൈന്‍ വഴി അറിയാനും ഇ ഗവേണന്‍സ് വഴി സാധിക്കുന്നുണ്ട്.

സമ്പൂര്‍ണ
കടലാസ് രഹിത ഓഫിസ്

കിഫ്ബിയുടെ എല്ലാ ഇടപാടുകളും പൂര്‍ണമായും വിവരസാങ്കേതികവിദ്യ അധിഷ്ഠിതമാണ്.പ്രോജക്ടുകളുടെ വിലയിരുത്തല്‍, ഇതു സംബന്ധിച്ച് നിര്‍വഹണ ഏജന്‍സികളില്‍ നിന്ന് വിവരം ശേഖരിക്കല്‍, വിശദമായ വിലയിരുത്തല്‍ റിപ്പോര്‍ട്ട് തയാറാക്കല്‍, കിഫ്ബി ബോര്‍ഡിന്റെ അംഗീകാരവും ഉത്തരവുകളും നിര്‍വഹണ ഏജന്‍സിക്കു നല്‍കുന്ന സാങ്കേതിക അനുമതി, ടെന്‍ഡര്‍, കരാര്‍ എന്നിവ കിഫ്ബിയെ അറിയിക്കല്‍, അവയുടെ പരിശോധന,പദ്ധതി നടപ്പാക്കുന്നതിന് ഓരോ കാലയളവിലും വേണ്ട പണത്തിന്റെ ആവശ്യകത, പ്രവൃത്തി തുടങ്ങുന്നത് അറിയിക്കല്‍, പദ്ധതിയിലുണ്ടായ മാറ്റങ്ങളും വ്യതിയാനങ്ങളും, പദ്ധതി പുനഃക്രമീകരണം തുടങ്ങി ഒരു പ്രോജക്ട് നടപ്പാക്കുന്നതിനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും കൈകാര്യം ചെയ്യുന്നത് പ്രോജക്ട് ഫിനാന്‍സ് ആന്‍ഡ് മാനേജ്‌മെന്റ് സിസ്റ്റം എന്ന പി.എഫ്.എം.എസ് ആണ്.

നിര്‍വഹണ ഏജന്‍സികള്‍ക്കും കരാറുകാര്‍ക്കും ഓണ്‍ലൈന്‍ വഴിയായി പണം കൈമാറുന്നത് ഫിനാന്‍സ് മാനേജ്‌മെന്റ് സിസ്റ്റം എന്ന എഫ്.എം.എസ് വഴിയാണ്. കരാറുകാര്‍ നിര്‍വഹണ ഏജന്‍സിയില്‍ ബില്‍ സമര്‍പ്പിച്ചത് മുതല്‍ കിഫ്ബിയില്‍ നിന്ന് പണം ലഭ്യമാക്കുന്നതുവരെ ഫയല്‍നീക്കം സംബന്ധിച്ച വിവരങ്ങള്‍ അവര്‍ക്ക് ലഭ്യമാക്കുന്നതിനായി ബില്‍ട്രാക്കിങ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പദ്ധതികളുടെ പുരോഗതി അടയാളപ്പെടുത്തി അത് വിലയിരുത്തുന്നതിനുള്ള പ്രോജക്ട് മോണിറ്ററിങ് ആന്‍ഡ് അലെര്‍ട്ട് സിസ്റ്റം(പി.എം.എ.എസ്)നിലവിലുണ്ട്. മേല്‍പ്പറഞ്ഞ ആപ്ലിക്കേഷനുകളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും ഡാറ്റാ അനലിറ്റിക്‌സിന്റെയും സാധ്യതകള്‍ പ്രയോജനപ്പെടുത്തി പണലഭ്യതയും കൊടുത്തുതീര്‍ക്കേണ്ട ബാധ്യതയും അറിയുന്നതിനുള്ള അസെറ്റ് ലയബിലിറ്റി മാനേജ്‌മെന്റ് (എ.എല്‍.എം)സംവിധാനം ആവിഷ്‌കരിച്ചു വരുന്നു.കൂടാതെ കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ ഡി.ഡി.എഫ്.എസ് എന്ന കടലാസ് രഹിത ഓഫിസ് സംവിധാനം പ്രയോജനപ്പെടുത്തിയാണ് നടന്നുവരുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.