2021 May 09 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

തലസ്ഥാനത്ത് ആവേശമായി രാഹുല്‍

തിരുവനന്തപുരം: തലസ്ഥാനത്തെ സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ അണിനിരന്ന പ്രവര്‍ത്തകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച് രാഹുല്‍ഗാന്ധി. യു.ഡി.എഫ് സ്ഥാനാര്‍ഥികളായ ശശിതരൂരിനേയും അടൂര്‍പ്രകാശിനേയും വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് എത്തിയതായിരുന്നു രാഹുല്‍. ആലപ്പുഴയില്‍ നിന്നും അനന്തപുരിയിലേയ്ക്ക് രാഹുല്‍ ഗാന്ധി പറന്നെത്തുന്നതിന് മുമ്പുതന്നെ സെന്‍്രടല്‍ സ്‌റ്റേഡിയം പ്രവര്‍ത്തകരെകൊണ്ട് നിറഞ്ഞ് കവിഞ്ഞിരുന്നു.  ഇന്നലെ വൈകുന്നേരം 6.20 ഓടെ വി.ഐ.പി ഗേറ്റിലൂടെ കടന്ന വന്ന രാഹുല്‍ ഗാന്ധിയെ നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് വേദിയില്‍ എത്തിയ രാഹുലിനെ സദസ് ഒന്നടങ്കം എഴുന്നേറ്റ് നിന്ന് സ്വീകരിച്ചു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും സ്ഥാനാര്‍ഥികളായ ശശിതരൂരും അടൂര്‍ പ്രകാശും പ്രസംഗിച്ചതിന് ശേഷം രാഹുല്‍ ഗാന്ധിയെ പ്രസംഗിക്കാനായി ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ ക്ഷണിച്ചപ്പോള്‍ കൈകള്‍ ഉയര്‍ത്തിപ്പിടിച്ച് മുദ്രാവാക്യം വിളിയോടെ പ്രവര്‍ത്തകര്‍ ആവേശഭരിതരായി.  തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം ജ്യോതി വിജയകുമാര്‍ പരിഭാഷപ്പെടുത്തി. പ്രസംഗത്തിലുടനീളം ബി.ജെ.പിയെയും നരേന്ദ്രമോദിയേയും നിശിതമായി വിമര്‍ശിച്ചു. മോദി തകര്‍ത്ത രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ കോണ്‍ഗ്രസ് തയാറെടുക്കുന്നതിന്റെ യാഥാര്‍ത്ഥ്യങ്ങളാണ് തലസ്ഥാനത്ത് ജനതയോട് അദ്ദേഹം പങ്കുവച്ചത്. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ശശി തരൂരിന്റെ സാന്നിധ്യമുണ്ടാകണമെന്ന് ഓര്‍മിപ്പിച്ച രാഹുല്‍ ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിനെയും വിജയിപ്പിച്ച് യു.ഡി.എഫിന് ശക്തി പകരണമെന്നും ആവശ്യപ്പെട്ടു.  വരുന്ന 23ന് രണ്ട് തീരുമാനങ്ങളാണ് നമ്മള്‍ എടുക്കേണ്ടതെന്ന് തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി ശശിതരൂര്‍ പറഞ്ഞു. ഒന്ന് തിരുവനന്തപുരത്തിന്റെ ശബ്ദം ഡല്‍ഹിയില്‍ ഉയര്‍ത്താനും രണ്ടാമത് ഇന്ത്യക്കാരെ ഒന്നായി കാണുന്ന ഒരു ഭരണം കൊണ്ട് വരാന്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാന്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്യണമെന്നും ശശിതരൂര്‍ പറഞ്ഞു. രാജ്യത്തെ മതേതരത്വം കാത്ത് സൂക്ഷിക്കാന്‍ കഴിയുന്ന രാഹുല്‍ ഗാന്ധിയെ ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയാകാന്‍ പാര്‍ലമെന്റില്‍ കൈയുര്‍ത്താന്‍ ഒരവസരം തരണമെന്ന് ആറ്റിങ്ങലിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശ് പറഞ്ഞു.  ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ അധ്യക്ഷനായിരുന്നു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, എ.ഐ.സി.സി ജന. സെക്രട്ടറിമാരായ മുകുള്‍ വാസ്‌നിക്, കെ.സി വേണുഗോപാല്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ് സ്ഥാനാര്‍ഥികളായ ശശിതരൂര്‍, അടൂര്‍പ്രകാശ്, എം.എല്‍.എമാരായ വി.എസ് ശിവകുമാര്‍, എം വിന്‍സെന്റ്, കെ.എസ് ശബരിനാഥന്‍, മുന്‍ കെ.പി.സി.സി പ്രസിഡന്റുമാരായ തെന്നല ബാലകൃഷ്ണപിള്ള, എം.എം ഹസ്സന്‍, യു.ഡി.എഫ് ഘടകകക്ഷി നേതാക്കളായ ബീമാപ്പള്ളി റഷീദ്, സി.പി ജോണ്‍, ജി ദേവരാജന്‍, കെ.പി.സി.സി ജന. സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, ടി ശരത്ചന്ദ്രപ്രസാദ്, മണ്‍വിള രാധാകൃഷ്ണന്‍, നേതാക്കളായ എന്‍ ശക്തന്‍, പാലോട് രവി, വര്‍ക്കല കഹാര്‍, ആര്‍ സെല്‍വരാജ്, ആര്‍ വല്‍സലന്‍, മണക്കാട് സുരേഷ്, കരകുളം കൃഷ്ണപിള്ള, സോളമന്‍ അലക്‌സ്, പി.എസ് പ്രശാന്ത് സംസാരിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.