2022 January 29 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

തര്‍ക്കം പരിഹരിക്കാന്‍ നിയമനിര്‍മാണം വേണം

 

തിരുവനന്തപുരം: സഭാ തര്‍ക്കം പരിഹരിക്കാന്‍ നിയമനിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് യാക്കോബായാ സഭാ നേതൃത്വം സംസ്ഥാന സര്‍ക്കാരിനെയും ഗവര്‍ണറെയും സമീപിച്ചു. അഞ്ചു ലക്ഷം വിശ്വാസികള്‍ ഒപ്പിട്ട ഭീമ ഹരജി സഭ ഇരുവര്‍ക്കും സമര്‍പ്പിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നേരിട്ടു കണ്ടാണ് ഭീമ ഹരജി നല്‍കിയത്.
സര്‍ക്കാരിനുവേണ്ടി വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ ഹരജി സ്വീകരിച്ചു. രണ്ടു വിഭാഗങ്ങളെയും ഒന്നിച്ച് ഉച്ചഭക്ഷണത്തിനിരുത്താന്‍ കഴിഞ്ഞതില്‍ സന്തോഷമെന്നു ഗവര്‍ണര്‍ പ്രതികരിച്ചു. 2020ലെ സെമിത്തേരി ബില്‍ അടക്കം സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ ധീരമെന്നും പള്ളിത്തര്‍ക്കത്തിലും സമാനമായ രീതിയില്‍ നിയമനിര്‍മാണം ആവശ്യമെന്നുമാണ് യാക്കോബായ സഭാ നേതൃത്വത്തിന്റെ നിലപാട്.പള്ളികളില്‍ റഫറണ്ടം നടത്തി ഭൂരിപക്ഷവും ന്യൂനപക്ഷവും തിരിച്ച് ഭാഗംവയ്ക്കുന്ന അവസ്ഥയേ സാമുദായിക പ്രശ്‌നത്തിന് പരിഹാരമാകൂവെന്നു യാക്കോബായ സഭ വ്യക്തമാക്കി. 2017ലെ സുപ്രിംകോടതി വിധി പ്രകാരവും കെ.എസ് വര്‍ഗീസ് കേസിലെ നിര്‍ദേശപ്രകാരവും നിയമനിര്‍മാണം സാധ്യമാണെന്നും സഭ വിലയിരുത്തുന്നു. നൂറ്റാണ്ടുകളായുള്ള സഭാ തര്‍ക്കം കോടതി വിധിയിലൂടെ മാത്രം പരിഹരിക്കാനാകില്ലെന്നും സര്‍ക്കാര്‍ ഇടപെടണമെന്നുമാണ് ഭീമ ഹരജിയുടെ ഉള്ളടക്കം.മാത്യൂസ് മോര്‍ തേവോദോസിയോസ്, മാത്യൂസ് മോര്‍ അന്തിമോസ്, വൈദിക ട്രസ്റ്റീ സ്ലീബാ വട്ടാവേലില്‍ കോര്‍ എപ്പിസ്‌കോപ്പ, അല്‍മായ ട്രസ്റ്റി ഷാജി ചൂണ്ടയില്‍, ഫാദര്‍. ജോര്‍ജി ജോണ്‍ കട്ടച്ചിറ, ഷെവ. അലക്‌സ് എം. ജോര്‍ജ് എന്നിവരാണ് ഭീമ ഹരജി കൈമാറിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.