2022 May 29 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

തരംഗമാകാന്‍ കോപ്പയിലെ കുട്ടിത്താരങ്ങള്‍

ഹാറൂന്‍ റഷീദ്

ഇത്തവണ കോപ്പക്ക് അമേരിക്കയില്‍ പന്തുരുളുമ്പോള്‍ പുതിയ ഫാന്‍സുകാരെയും പുതിയ ക്ലബുകളെയുംതേടി പത്തു യുവതാരങ്ങളാണ് വിവധ രാജ്യങ്ങള്‍ക്കു വേണ്ടി കളത്തിലിറങ്ങുന്നത്. കൂടുതല്‍ മികച്ചപ്രകടനം പുറത്തെടുത്താല്‍ കരിയറിന്റെ സമ്പുഷ്ടമായ തുടക്കമായിരിക്കും കോപ്പയില്‍ താരങ്ങള്‍ക്ക് തുടങ്ങാനാവുക. കായിക ലോകത്തിന്റെ കണ്ണും കാതും കോപ്പയിലേക്കായതിനാല്‍ കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവെക്കാനായാല്‍ എന്നും കോപ്പയിലെ പ്രകടനത്തെ കുറിച്ചായിരിക്കും ഈ യുവതാരങ്ങള്‍ അറിയപ്പെടുക. കോപ്പയില്‍ പന്തു തട്ടാനിറങ്ങുന്ന പത്തു യുവതാരങ്ങളെ പരിചയപ്പെടാം.

മാര്‍ലോസ് മോറെനോ (കൊളംബിയ)

കൊളംബിയന്‍ സംഘത്തിലെ വിങ്ങായിട്ടാണ് മാര്‍ലോസ് ഇത്തവണ കളത്തിലിറങ്ങുന്നത്. ഫോര്‍വേഡ് കളിക്കുന്നതിലും മിടുക്കനാണെങ്കിലും ടീം വിന്യാസത്തിനും പരിശീലകന്റെ തീരുമാനത്തിനുമനുസരിച്ചിരിക്കും പത്തൊമ്പതു കാരന്റെ പൊസിഷന്‍.
രാജ്യാന്തര ക്ലബായ അത്‌ലറ്റിക്കോ നാസിനോണലിനു വേണ്ടി കളിക്കുന്ന താരമാണ്. ക്ലബിലെ മികച്ചപ്രകടനമാണ് ദേശീയ ടീമിലേക്കുള്ള വഴി തെളിച്ചത്. 14 വയസില്‍ തന്നെ പ്രൊഫഷനല്‍ ഫുട്‌ബോളില്‍ പ്രവേശിച്ച മാര്‍ലോസിന്റെ മാജിക് കാത്തിരിക്കുകയാണ് കൊളംബിയന്‍ ഫുട്‌ബോള്‍ പ്രേമികള്‍. കൊളംബിയന്‍ അണ്ടര്‍ 17 ടീമില്‍ അംഗമായിരുന്ന മാര്‍ലോസിന്റെ മികച്ചപ്രകടനം കോപ്പയിലെ കളികള്‍ക്ക് തുണയാകുമെന്നാണ് പ്രതീക്ഷ. സ്പീഡ്, ബുദ്ധി, ട്രിക്, ഏതു ദൂരത്തുനിന്നും ശക്തമായ ഷോട്ടുതിര്‍ക്കാനുള്ള കഴിവ് എന്നിവയാണ് മാര്‍ലോസിനെ വ്യത്യസ്തനാക്കുന്നത്.

ഹിര്‍വിങ് ലോസാനോ (മെക്‌സിക്കോ)

രാജ്യാന്തര ലീഗ് മത്സരത്തിലെ മിന്നുന്ന പ്രകടനമാണ് ഹിര്‍വിങ്ങിന് ദേശീയ കുപ്പായമിടാനുള്ള അവസരം ലഭിച്ചത്. രാജ്യന്തര ക്ലബായ എഫ്.സി പച്ചുക്കക്കുവേണ്ടി മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. 2015ല്‍ മെക്‌സിക്കോയുടെ അണ്ടര്‍ 20 ടീമില്‍ അംഗമാവുന്നതോടെയാണ് ഹിര്‍വിങ്ങ് ദേശീയ സംഘത്തിലെത്തുന്നത്. ക്യൂബക്കെതിരേയായിരുന്നു താരത്തിന്റെ ആദ്യ മത്സരം.
അന്ന് 9-1ന് മെക്‌സിക്കോ ജയിച്ച മത്സരത്തില്‍ ഒരു ഗോളും നാല് അസിസ്റ്റും ഹിര്‍വിങ്ങിന്റെ വകയായിരുന്നു. ഇതേ ടൂര്‍ണമെന്റില്‍ അഞ്ച് ഗോള്‍നേടി ഗോള്‍ഡന്‍ ബൂട്ട് നേടാനും താരത്തിനായി. ഹിര്‍വിങ്ങിന്റെ മികവില്‍ ചാംപ്യന്‍ഷിപ്പില്‍ മെക്‌സിക്കോ ജേതാക്കളായി. 20 കാരനെ റാഞ്ചാനായിവേണ്ടി മാഞ്ചസ്റ്റര്‍ അധികാരികള്‍ കളികാണാനെത്തുമെന്നു വരെ റിപ്പോര്‍ട്ടുകളുണ്ട്. സ്പീഡും കൃത്യതയും ഹിര്‍വിങ്ങിനെ വേറിട്ടു നിര്‍ത്തുന്നു.

ജോസ് മരിയ ജിമെനസ് (ഉറുഗ്വെ)

ക്ലബ്ബ് ഫുട്‌ബോളില്‍ ഡീഗോ സിമയോണിക്ക് കീഴില്‍ ശക്തമായ പരിശീലനത്തിലൂടെ ഊതിക്കാച്ചിയെടുത്ത പവറുമായിട്ടാണ് ഉറുഗ്വന്‍ സംഘത്തില്‍ ജിമെനസ് സ്ഥാനംനേടിയത്. രണ്ടു സീസണുകളിലും അത്‌ലറ്റിക്കോ മാഡ്രിഡിനായി പന്തുതട്ടിയ അനുഭവം ജിമെനസിന്റെ ആദ്യ കോപ്പ അവിസ്മരണീയമാകുമെന്ന് പ്രതീക്ഷിക്കാം.
കൃത്യതയാണ് 21 കാരനായ ഉറുഗ്വയ്ന്‍ സെന്റര്‍ ഹാഫിന്റെ ശക്തി. പ്രതിരോധത്തിന് പേരുകേട്ട അത്‌ലറ്റിക്കോ മാഡ്രിഡിന്റെ പ്രതിരോധ നിരയിലെ ശക്തനായ കണ്ണിയാണ് താരം. 2013ല്‍ അണ്ടര്‍ 20 ടീമിലേക്കുള്ള പ്രവേശനത്തിലൂടെ ദേശീയ നിലവാരത്തിലേക്കുയര്‍ന്നു.
കൊളംബിയക്കെതിരേ 2014ല്‍ ലോകകപ്പ് യോഗ്യതാ മത്സരത്തിലും ദേശീയ ടീമിനായി കളത്തിലിറങ്ങി. സുവാരസ്, കവാനി എന്നിവര്‍ക്കൊപ്പം ചേര്‍ത്തുവെക്കാന്‍ മറ്റൊരു താരോദയത്തിനായി കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ ലോകം.

റെനാട്ടോ താപ്പിയ
(പെറു)

പരുക്കുകാരണം കഴിഞ്ഞ കോപ്പയിലെ പെറു സംഘത്തില്‍ ഇടം നേടാനാകാത്തതിന്റെ പകരം വീട്ടാനാണ് താപ്പിയ ഇത്തവണ അമേരിക്കയിലേക്ക് വണ്ടികയറുന്നത്.
അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച് പരിചയം കൂടുതലില്ലെങ്കിലും എഫ്.സി ട്വെന്റെക്കുവേണ്ടി രണ്ടു സീസണുകളില്‍ ബൂട്ടുകെട്ടിയിട്ടുണ്ട്. രണ്ടു സീസണുകളില്‍ നിന്നായി ഏഴു ഗോള്‍ നേടാനും താപ്പിയക്കായി. ക്ലബ്ബ് ഫുട്‌ബോളിലെ മികവാണ് താരത്തിന് ദേശീയ സംഘത്തിലേക്കുള്ള വാതില്‍ തുറന്നത്.
മിഡ് ഫീല്‍ഡില്‍ ശക്തമായ കളിയിലൂടെ പല സമയത്തും ടീമിന്റെ നട്ടെല്ലാകുന്നതിന് താരത്തിനായി. 2011ല്‍ പെറു അണ്ടര്‍ 17 ടീമിലും 2013ല്‍ പെറു അണ്ടര്‍ 20 ടീമിലെയും പരിചയം താരത്തിന് പ്രതീക്ഷ നല്‍കുന്നുണ്ട്.
ക്രിസ്റ്റ്യന്‍ പള്‍സിക് (അമേരിക്ക)
17 വയസുള്ള അമേരിക്കന്‍ മിഡ്ഫീല്‍ഡറുടെ മായാജാലം പ്രതീക്ഷിച്ചാണ് അമേരിക്കന്‍ സംഘമിറങ്ങുന്നത്. ബുണ്ടസ് ലീഗയില്‍ ബെറൂസിയാ ഡോര്‍ഡ്മുണ്ടിന് വേണ്ടിയാണ് പള്‍സിക് കളിക്കുന്നത്. ഡോര്‍ട്മുണ്ടിനായി മൂന്നുതവണ പകരക്കാരനായി കളത്തിലിറങ്ങാനായി.
ബൊളീവിയക്കെതിരേയുള്ള മത്സരത്തില്‍ തന്റെ ആദ്യ രാജ്യാന്തര ഗോള്‍നേടി താരം കളത്തില്‍ നിറഞ്ഞാടി. അമേരിക്കന്‍ പരിശീലകന്‍ ജര്‍ഗന്‍ ക്ലിസ്മാന്‍ പലതും പ്രതീക്ഷിച്ചാണ് പള്‍സിക്കിനെ കളത്തിലിറക്കുന്നത്. അമേരിക്കയുടെ അണ്ടര്‍ 15,17 ടീമുകളില്‍ കളിച്ച പരിചയവും താരത്തിനുണ്ട്. അണ്ടര്‍ 17 ലോകകപ്പിലും പള്‍സിക് ബൂട്ടണിഞ്ഞിട്ടുണ്ട്. രണ്ടു വര്‍ഷത്തെ ദേശീയ ടീം കരിയറില്‍ 34 കളികളില്‍ നിന്നായി 20 ഗോള്‍ നേടാനും പള്‍സിക്കിനായി. യുവതാരങ്ങളുടെ ആധിക്യം കൊണ്ട് ശ്രദ്ധേയമായ കോപ്പയില്‍ പലതും പ്രതീക്ഷിച്ചാണ് പള്‍സിക് അമേരിക്കന്‍ സംഘത്തിനൊപ്പം ചേരുന്നത്.
(തുടരും)


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.