2023 January 31 Tuesday
‘കട്ടപ്പുറത്തെ കേരള സര്‍ക്കാര്‍’ ധവളപത്രം പുറത്തിറക്കി യു.ഡി.എഫ്; ഗുരുതര ആരോപണങ്ങള്‍

തമ്മിലടിച്ചു കായികഭരണം; ‘ഗോള്‍ഡ് ‘ വിവാദം കത്തുന്നു

യു.എച്ച് സിദ്ദീഖ്

കോട്ടയം: തമ്മിലടിയില്‍ നിശ്ചലമായ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ‘ഗോള്‍ഡ്’ വിവാദം കത്തുന്നു. കായിക പദ്ധതികളെല്ലാം നിശ്ചലാവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് അധികാരം ഉറപ്പിക്കാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭരിക്കുന്നവരും ജീവനക്കാരുടെ സംഘടനകളും തമ്മിലടിക്കുന്നത്. ടി.പി ദാസന്റെ കാലത്ത് ഭരണം നിയന്ത്രിച്ചവര്‍ക്ക് റോളില്ലാതെ വന്നതോടെയാണ് ജീവനക്കാരെ രണ്ടുതട്ടിലാക്കി തമ്മിലടി രൂക്ഷമായത്.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും ഒരു ഭാഗത്തും സി.പി.എം നോമിനികളായി ഭരണസിമിതിയില്‍ എത്തിയ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങള്‍ മറുചേരിയിലും നിന്നാണ് പോരാട്ടം.
ജീവനക്കാരിലെ ഒരു വിഭാഗത്തെ ഉപയോഗിച്ചു ഫലുകള്‍ കൊണ്ടു കളിച്ചാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രവര്‍ത്തനത്തെ നിശ്ചലമാക്കിയത്. ഇതോടെ കൊട്ടിഘോഷിച്ചു നടപ്പാക്കിയ ഓപ്പറേഷന്‍ ഒളിംപ്യയും എലൈറ്റ് പദ്ധതിയും ഹോസ്റ്റലുകളിലെ താരങ്ങളുടെ ഭക്ഷണത്തിനുള്ള ഫണ്ടും സ്‌പോര്‍ട്‌സ് കിറ്റുകളുടെ വിതരണവുമെല്ലാം അവതാളത്തിലായി.
ഭരണസമിതിയിലെ തമ്മിലടി സി.പി.എം അനുകൂല ജീവനക്കാരുടെ സംഘടനകളിലേക്കും നീണ്ടു. ഇതോടെയാണ് വിവാദം സ്വര്‍ണക്കള്ളക്കടത്തിന്റെ രൂപത്തിലും എത്തിയത്. കൊവിഡ് പ്രതിസന്ധിയില്‍ കായികരംഗം നിശ്ചലമായിട്ടു എട്ടു മാസം കഴിഞ്ഞു. കായികതാരങ്ങളും അക്കാദമികളും കടുത്ത പ്രതിസന്ധിയിലാണ്. ഇതിനിടെയാണ് അധികാരത്തിനായുള്ള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭരണക്കാരുടെ തമ്മിലടി. കായിക പദ്ധതികളുടെ നടത്തിപ്പില്‍ ഒരു വിഭാഗം ജീവനക്കാര്‍ ചുവപ്പുനാട കെട്ടിയതോടെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സിക്കുട്ടന്‍ കായിക മന്ത്രിയുടെ പിന്തുണയോടെ ശുദ്ധികലശത്തിനിറങ്ങി. സി.പി.എം അനുകൂല സര്‍വീസ് സംഘടനയിലെ ഒരു വിഭാഗം ജീവനക്കാരെ കൗണ്‍സില്‍ ആസ്ഥാനത്തും നിന്നും സ്ഥലം മാറ്റി.
പത്തു വര്‍ഷത്തിലേറെയായി ഒരേ സീറ്റില്‍ ഇരുന്നവര്‍ക്കാണ് കസേര പോയത്. ഇതോടെ ജീവനക്കാരുടെ സംഘടന ഇടഞ്ഞു. സി.പി.എം നിയന്ത്രണത്തിലുള്ള രണ്ടു സംഘടനകളാണ് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ പ്രവര്‍ത്തിക്കുന്നത്. ഒന്ന് ജീവനക്കാരുടെ സര്‍വീസ് സംഘടന. മുന്‍ എം.എല്‍.എ വി. ശിവന്‍കുട്ടി പ്രസിഡന്റായി സി.ഐ.ടി.യുവില്‍ അഫിലിയേറ്റ് ചെയ്ത പരിശീലകരും ജീവനക്കാരും ഉള്‍പ്പെട്ട യൂനിയന്‍. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭരിക്കുന്നവരും സംഘടനകളുടെ ഇരുഭാഗത്തായി അണിനിരന്നതോടെ തമ്മിലടി രൂക്ഷമായി.
വിവാദം കത്തിക്കയറിയതോടെ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ഒന്നും നടക്കാത്ത അവസ്ഥയും. സ്ഥലം മാറ്റത്തെ തുടര്‍ന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റിന് എതിരായ ചേരിക്കു പിന്തുണയുമായി ഭരണസമിതിയിലെ പാര്‍ട്ടി നോമിനികള്‍ തന്നെ രംഗത്തിറങ്ങി. ഇതിന്റെ തുടര്‍ച്ചയാണ് സ്വര്‍ണക്കടത്ത് ആരോപണമെന്നാണ് പ്രസിഡന്റിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്. സ്വര്‍ണക്കള്ളക്കടത്ത് ആരോപണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
സി.പി.എമ്മിനെ അനുകൂലിക്കുന്ന രണ്ടു സംഘടനകളെയും ഒന്നിപ്പിക്കാന്‍ ആറ് മാസം മുന്‍പ് തന്നെ പാര്‍ട്ടി ശ്രമം തുടങ്ങിയതാണ്. സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എം.പി ഇരുവിഭാഗവുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. വി. ശിവന്‍കുട്ടിയെ പ്രസിഡന്റ് ആക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടതോടെയാണ് ലയനം സാധ്യമാകാതെ വന്നത്. ഇതിനിടെയാണ് കൗണ്‍സില്‍ ആസ്ഥാനത്ത് അഴിച്ചുപണിയുമായി പ്രസിഡന്റ് മേഴ്‌സിക്കുട്ടന്‍ രംഗത്തു വന്നത്.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫിസിനെ വര്‍ഷങ്ങളായി നിയന്ത്രിച്ചിരുന്നവരുടെ സ്ഥാനചലനം വിവാദങ്ങള്‍ക്ക് ആക്കംകൂട്ടി. മാസങ്ങള്‍ക്ക് മുന്‍പ് തന്നെ സ്വര്‍ണക്കള്ളക്കടത്തിനെ സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി കൂട്ടിയിണക്കാനുള്ള ശ്രമം ചിലകേന്ദ്രങ്ങളില്‍ നിന്നും ഉയര്‍ന്നിരുന്നു.
ആരോപണങ്ങള്‍ക്ക് അപ്പുറം കാര്യമായ തെളിവുകള്‍ നല്‍കാന്‍ വിവാദങ്ങള്‍ക്ക് ശ്രമിച്ചവര്‍ക്ക് കഴിഞ്ഞിരുന്നില്ല. കായികതാരങ്ങള്‍ നയിക്കുന്ന പുതിയ ഭരണ സമിതി അധികാരത്തില്‍ എത്തിയത് പ്രതീക്ഷയോടെയാണ് കായിക ലോകം കണ്ടത്.
എന്നാല്‍, കായികരംഗത്തെ ചലനാത്മകമാക്കുന്ന പദ്ധതികളൊന്നും നടപ്പാക്കാനായില്ല. ഭരണസമിതിക്കുള്ളിലെ അധികാര വടംവലിയിലും തമ്മില്‍ തല്ലിലും കായികതാരങ്ങളുടെ ക്ഷേമപദ്ധതികള്‍ക്കാണ് തിരിച്ചടിയായത്. സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ തമ്മിലടി സര്‍ക്കാരിന് നാണക്കേടാവുന്ന തരത്തിലേക്ക് നീങ്ങിയിട്ടും കായികവകുപ്പും നിശ്ബദരാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.