
ന്യൂഡല്‍ഹി: തമിഴ്നാട്ടിലെ സ്റ്റെല്ല മേരീസ് കോളജിലെ വിദ്യാര്‍ഥികളുമായുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ അഭിമുഖ പരിപാടി പെരുമാറ്റചട്ട ലംഘനമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്. എന്നാല്‍, രാഹുല്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ രൂപം സംബന്ധിച്ച് കമ്മിഷന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
പ്രസംഗം പരിശോധിച്ച പ്രാദേശിക ഇലക്ടറല്‍ ഉദ്യോഗസ്ഥര്‍ അതില്‍ പെരുമാറ്റചട്ട ലംഘനം ഇല്ലെന്നും കോളജിന്റെ അനുമതിയോടെയാണ് പരിപാടി നടത്തിയതെന്നും അറിയിച്ചതായി തമിഴ്നാട് ചീഫ് ഇലക്ടറില്‍ ഓഫിസര്‍ സത്യബ്രത സാഹൂ വ്യക്തമാക്കി. പരിപാടിക്കു മുന്നോടിയായി സംഘാടകര്‍ ചടങ്ങിനുള്ള അനുമതി ലഭ്യമാക്കിയിരുന്നു. എന്നാല്‍, ഇപ്പോള്‍ പ്രസംഗത്തെ കുറിച്ചുള്ള അധിക വിവരമാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്നും സാഹു അറിയിച്ചു.
ഈ മാസം 13നാണ് ചെന്നെയിലെ സ്റ്റെല്ലാ മേരിസ് കോളജ് വിദ്യാര്‍ഥിനികളോട് രാഹുല്‍ സംസാരിച്ചത്. ചോദ്യങ്ങളെ നേരിടാന്‍ മടിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയേ രാഹുല്‍ വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെ അനുമതിയില്ലാതെയാണ് രാഹുല്‍ പരിപാടി നടത്തിയതെന്ന ബി.ജെ.പി നേതാക്കളുടെ പരാതി പ്രകാരമാണ് ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ ഇലക്ടറല്‍ ഓഫിസര്‍ പ്രാദേശിക പോളിങ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്.