2022 July 03 Sunday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

Editorial

തമിഴകത്ത് ദ്രാവിഡരാഷ്ട്രീയത്തിന്റെ ഭാവി


താരാരാധനാരാഷ്ട്രീയത്തില്‍നിന്നും കുടുംബാധിപത്യരാഷ്ട്രീയത്തില്‍നിന്നും തമിഴ്‌നാട്ടിലെ ദ്രാവിഡ രാഷ്ട്രീയം മോചിതമാകുന്നതിന്റെ ചടുല നീക്കങ്ങളാണിപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. എം.ജി.ആര്‍ മുതല്‍ ജയലളിത വരെയുള്ള താരപരിവേഷരാഷ്ട്രീയത്തിനും കരുണാനിധികുടുംബത്തിന്റെ സമഗ്രാധിപത്യത്തിനും വിരാമം കുറിക്കുവാന്‍ ഇപ്പോഴത്തെ അനിശ്ചിതാവസ്ഥ ഇടം നല്‍കിയേക്കാം.
ലയനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളിപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കിലും മുന്‍ മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വവും ഇപ്പോഴത്തെ മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമിയും അനുരഞ്ജനത്തിന്റെ പാതയിലാണുള്ളത്. ലയനം നടക്കുകയാണെങ്കില്‍ത്തന്നെ അതു ശാശ്വതമായിക്കൊള്ളണമെന്നില്ല. അധികാരംതന്നെയാണ് എല്ലാവരെയും മോഹിപ്പിക്കുന്നത്. ധനവും കുടുംബാധിപത്യവുമായി അണ്ണാ ഡി.എം.കെയെ വരുതിയിലാക്കാന്‍ വന്ന ശശികലയെയും അവരുടെ സഹോദരീപുത്രനായ ടി.ടി.വി ദിനകരനെയും പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയാണു പനീര്‍ശെല്‍വവും പളനിസാമിയും യോജിപ്പിന്റെ മേഖല കണ്ടെത്തിയത്.
താരാധിപത്യവും കുടുംബാധിപത്യവും തമിഴ്‌രാഷ്ട്രീയത്തില്‍നിന്ന് തുടച്ചുനീക്കാനുള്ള താല്‍ക്കാലിക ഒത്തുതീര്‍പ്പാണിത്. പക്ഷേ, ഇതിന്റെ അനന്തരഫലം തമിഴകത്ത് ദ്രാവിഡരാഷ്ട്രീയം ക്ഷയിക്കുകയെന്നതു തന്നെയായിരിക്കും. കേന്ദ്രസര്‍ക്കാറിന്റെ അദൃശ്യമായ ചരടുവലിക്കൊത്താണ് തമിഴ്‌രാഷ്ട്രീയം ഇപ്പോള്‍ ചലിക്കുന്നത്. അനധികൃതസ്വത്തുസമ്പാദനത്തിന്റെ പേരില്‍ ശശികല ജയിലില്‍ കഴിയുന്നതും വോട്ടിന് പണം വാഗ്ദാനംചെയ്ത മന്ത്രിയുടെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയതും രണ്ടില ചിഹ്നം സ്വന്തമാക്കാന്‍ ടി.ടി.വി ദിനകരന്‍ തെരഞ്ഞെടുപ്പു കമ്മിഷനു രണ്ടുകോടി കോഴ നല്‍കാനുള്ള ശ്രമത്തില്‍ പൊലിസ് കസ്റ്റഡിയിലായതും മന്നാര്‍ഗുഡി സംഘത്തെ തമിഴ്‌രാഷ്ട്രീയത്തില്‍നിന്ന് തൂത്തെറിഞ്ഞുവെങ്കില്‍ ഇതില്‍ ബി.ജെ.പി ഭരിക്കുന്ന കേന്ദ്രസര്‍ക്കാറിനു പങ്കില്ലാതെ പോകുമോ തമിഴകരാഷ്ട്രീയത്തില്‍ വേരുറപ്പിക്കാന്‍ കഴിയാത്ത ബി.ജെ.പി ദ്രാവിഡരാഷ്ട്രീയത്തെ ദുര്‍ബ്ബലപ്പെടുത്തി ആശൂന്യതയില്‍ ഇടംനേടാനാണു ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
നാലുനാള്‍ മുന്‍പ് ഒഡീഷയിലെ ഭുവനേശ്വറില്‍ സമാപിച്ച ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവിന്റെ ടാര്‍ജറ്റില്‍ തമിഴ്‌നാട് ഭരണം പിടിച്ചടക്കുക എന്നും കൂടിയുണ്ട്. അതിനു പാകമായ അന്തരീക്ഷം തമിഴകത്തുണ്ടാക്കുകയെന്ന പ്രവൃത്തിയിലാണിപ്പോള്‍ ബി.ജെ.പിയും കേന്ദ്രസര്‍ക്കാറും. ഇതിനുവേണ്ടി മാത്രമാണ് ഒ.പനീര്‍ശെല്‍വത്തിനു നിര്‍ലോഭ പിന്തുണ കേന്ദ്രസര്‍ക്കാര്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. ജയലളിതയുടെ വിശ്വസ്ഥ അനുയായികളായിരുന്ന പനീര്‍ശെല്‍വവും പളനിസാമിയും പക്ഷേ, പരസ്പരം അകല്‍ച്ചയിലായിരുന്നു. ജയലളിതയുടെ മരണാനന്തരം ഒ.പനീര്‍ശെല്‍വത്തിനൊപ്പം കേന്ദ്രസര്‍ക്കാര്‍ നിലയുറപ്പിച്ചുവെങ്കിലും കോടീശ്വരിയായ ശശികലയുടെ പിന്‍ബലത്തോടെ പളനിസാമി അധികാരത്തില്‍ വന്നപ്പോള്‍ ബി.ജെ.പി പതുക്കെ പിന്‍വലിഞ്ഞു.
തുടര്‍ന്ന് അണിയറയിലായി പ്രവര്‍ത്തനം. അതിന്റെ ഫലമാണ് ശശികലയും ദിനകരനും തമിഴ് രാഷ്ട്രീയത്തില്‍ നിന്നും തൂത്തെറിയപ്പെട്ടിരിക്കുന്നത്. എടപ്പാടി പളനിസാമിയും ഒ.പനീര്‍ശെല്‍വവും എക്കാലവും ഒന്നിച്ചുനീങ്ങണമെന്നില്ല. ഭാവിയില്‍ ഇവരെ കേന്ദ്രസര്‍ക്കാര്‍ പിളര്‍ത്തും. ജനപിന്തുണയുള്ള ഒ.പനീര്‍ശെല്‍വത്തിനൊപ്പം കേന്ദ്രസര്‍ക്കാര്‍ നിലയുറപ്പിക്കുകയും ചെയ്യും.
രണ്ടില ചിഹ്നം കിട്ടുവാന്‍ പനീര്‍ശെല്‍വത്തിനും പളനിസാമിക്കും ഒന്നിച്ചു നില്‍ക്കേണ്ടതുണ്ട്. ചിഹ്നം കിട്ടിക്കഴിഞ്ഞാല്‍ പളനിസാമി വീണ്ടും ശശികല ക്യാംപിലേക്ക് ചേക്കേറുമോ എന്നത് മാത്രമാണ് ഇനി അറിയേണ്ടത്. . അങ്ങനെ വരികയാണെങ്കില്‍ ഇപ്പോഴത്തെ ലയനം ശശികലയും ടി.ടി ദിനകരനും ചേര്‍ന്നെടുത്ത ഒരു തന്ത്രമായും കാണേണ്ടതുണ്ട്. കോടാനുകോടി പണം കൈയിലുള്ള വ്യക്തിയാണു ശശികല. പണത്തിനൊപ്പം നില്‍ക്കുകയെന്നതാണ് തമിഴകത്തെ എം.എല്‍.എമാരുടെ രീതി. അതിനാലായിരുന്നു യാതൊരു രാഷ്ട്രീയപാരമ്പര്യവും ഇല്ലാതിരുന്ന ശശികലയുടെ ചെലവില്‍ എം.എല്‍.എമാരില്‍ ഭൂരിപക്ഷവും ടൂറിസ്റ്റ് ഹോമില്‍ തമ്പടിച്ചത്. അതിനാല്‍ ഭരണം അവരുടെ കൈയില്‍ വന്നുകൂടായ്കയില്ല. ഇതുവരെ വിനീതവിധേയനായിരുന്ന ഒ.പനീര്‍ശെല്‍വം സട കുടഞ്ഞെഴുന്നേല്‍ക്കുന്നതും അധികാരത്തിനു വേണ്ടിത്തന്നെ. പ്രവചനാതീതമായ തമിഴകരാഷ്ട്രീയത്തിന്റെ ഇപ്പോഴത്തെ അവസ്ഥയാണിതൊക്കെ. ശക്തിസ്തംഭമായിരുന്ന ദ്രാവിഡ രാഷ്ട്രീയത്തിന്റെ ഭാവി തമിഴകത്ത് ഇനി കണ്ടറിയുകതന്നെ വേണം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.