
കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇ-ഗവേണന്‍സ് സംവിധാനം വ്യാപകമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരള പര്യടനത്തിന്റെ ഭാഗമായി കാരപ്പറമ്പ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഏറ്റവും കൂടുതല്‍പേര്‍ ബന്ധപ്പെടുന്ന ഓഫിസെന്ന നിലയില്‍ തദ്ദേശസ്ഥാപനങ്ങളില്‍ ആളുകള്‍ നേരിട്ടുപോകാതെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതാണ് ഉത്തമം. രാഷ്ട്രീയതലത്തില്‍ അഴിമതി ഇല്ലാതാക്കാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍, മറ്റുതലങ്ങളില്‍ ഇത് ബാധകമല്ലെന്ന് ചിന്തിക്കുന്നവരുണ്ട്. ഇത് വച്ചുപൊറുപ്പിക്കാനാവില്ല.
നഗരവികസനത്തില്‍ സീവേജ് സിസ്റ്റം നടപ്പാക്കേണ്ടത് ഏറെ പ്രാധാന്യമുള്ള നിര്‍ദേശമാണ്. പരിഷ്കൃത സമൂഹത്തില്‍ സീവേജ് സിസ്റ്റം നിര്‍ബന്ധമായും നടപ്പാക്കിയേ പറ്റൂ. റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് നല്ല പ്രോത്സാഹനമാണ് സര്‍ക്കാര്‍ നല്‍കിവരുന്നത്. കിഫ്ബി ഇംപ്രൂവ്മെന്റ് പ്രൊജക്ടിന്റെ രണ്ടാംഘട്ടം സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഏഴ് റോഡുകളുടെ ഡി.പി.ആര് തയാറായിക്കഴിഞ്ഞു. ഗെയില്‍ പദ്ധതിയുടെ ഉദ്ഘാടനം ജനുവരി അഞ്ചിന് പ്രധാനമന്ത്രി നിര്‍വഹിക്കും. ഇതിന്റെ ഭാഗമായി സി.എന്‍.ജി സ്റ്റേഷനുകള്‍ കോഴിക്കോട് ജില്ലയില്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് അധ്യക്ഷനായി. മന്ത്രിമാരായ ടി.പി രാമകൃഷ്ണന്, ഇ.ചന്ദ്രശേഖരന്, എളമരം കരീം എം.പി, എം.എല്‍.എ മാരായ സി.കെ നാണു, പി.ടി.എ റഹീം, ഇ.കെ വിജയന്, കെ. ദാസന്, വി.കെ.സി മമ്മദ് കോയ, കാരാട്ട് റസാക്ക്, പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്മാന് ഡോ. വി.കെ രാമചന്ദ്രന് എന്നിവര്‍ സന്നിഹിതരായി. എ.പ്രദീപ് കുമാര്‍ എം.എല്‍.എ സ്വാഗതവും പി.മോഹനന് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.