2020 October 21 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

തദ്ദേശം: സീറ്റ് വിഭജന ചര്‍ച്ചയും സ്ഥാനാര്‍ഥി നിര്‍ണയവും തുടങ്ങി

ഇ.പി മുഹമ്മദ്

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബറില്‍ നടക്കുമെന്ന് ഉറപ്പായതോടെ രാഷ്ട്രീയപാര്‍ട്ടികള്‍ ഒരുക്കം സജീവമാക്കി. മികച്ച സ്ഥാനാര്‍ഥികളെ കണ്ടെത്താനുള്ള നീക്കം അണിയറയില്‍ സജീവമാണ്. ഇരു മുന്നണികളും സീറ്റ് വിഭജന ചര്‍ച്ചകള്‍ ആരംഭിച്ചു. സംസ്ഥാന തലത്തില്‍ യു.ഡി.എഫ്, എല്‍.ഡി.എഫ് നേതൃയോഗങ്ങള്‍ ചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തിക്കഴിഞ്ഞു. സീറ്റ് വിഭജനം ചര്‍ച്ച ചെയ്യാന്‍ ജില്ലാതലത്തില്‍ യോഗങ്ങള്‍ നടന്നുവരികയാണ്. ഈ മാസം 20 മുതല്‍ 25 വരെ ജില്ലാതല യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കാന്‍ യു.ഡി.എഫ് നേതൃയോഗം തീരുമാനിച്ചിട്ടുണ്ട്. നിയോജകമണ്ഡലം, പഞ്ചായത്ത് തലങ്ങളില്‍ പ്രാഥമിക ചര്‍ച്ചകള്‍ക്കായി നേരത്തെ യോഗം ചേര്‍ന്നിരുന്നു. നിലവിലുള്ള സ്്റ്റാറ്റസ്‌കോ വച്ച് അനൗദ്യോഗിക ചര്‍ച്ചകള്‍ പലയിടത്തും നടന്നു.
കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന്റെ മുന്നണി മാറ്റത്തോടെ ഇക്കാര്യം കൂടി കണക്കിലെടുത്താവും ഇടതുമുന്നണിയുടെ സീറ്റ് വിഭജന ചര്‍ച്ചകള്‍. ജോസ് വിഭാഗത്തിന് സ്വാധീനമുള്ള സ്ഥലങ്ങളില്‍ അവരുടെ കൂടി താല്‍പര്യം പരിഗണിക്കാന്‍ സി.പിഎം സംസ്ഥാന നേതൃത്വം ഏരിയാ, ലോക്കല്‍ കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സ്ഥാനാര്‍ഥി നിര്‍ണയത്തിനായി പ്രധാന പാര്‍ട്ടികളെല്ലാം മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും പ്രാധാന്യം നല്‍കിയാവണം സ്ഥാനാര്‍ഥികളെ നിശ്ചയിക്കേണ്ടതെന്നാണ് സി.പി.എം, കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് നേതൃത്വം കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശം. സ്ഥാനാര്‍ഥി നിര്‍ണയത്തിനായി കെ.പി.സി.സിയുടെ പുതുക്കിയ മാര്‍ഗനിര്‍ദേശം കഴിഞ്ഞ ദിവസം കീഴ്ഘടകങ്ങള്‍ക്ക് ലഭിച്ചു. വാര്‍ഡ് കമ്മിറ്റികളാണ് സ്ഥാനാര്‍ഥികളെ നിശ്ചയിക്കേണ്ടതെന്നാണ് ഇതിലെ പ്രധാന നിര്‍ദേശം. തര്‍ക്കങ്ങള്‍ പരിഹരിക്കാനായി മണ്ഡലം, ബ്ലോക്ക് തലങ്ങളില്‍ ഈ മാസം 25നകം ഉപസമിതി രൂപീകരിക്കണമെന്നും നിര്‍ദേശമുണ്ട്.
വനിതകള്‍ക്ക് അന്‍പത് ശതമാനം സംവരണമുള്ളതിനാല്‍ ജനറല്‍ സീറ്റുകളില്‍ വനിതകളെ മത്സരിപ്പിക്കരുതെന്നും നിര്‍ദേശമുണ്ട്. അതേസമയം, ജനറല്‍ സീറ്റുകളിലും അനുയോജ്യരായ വനിതകളെ മത്സരിപ്പിക്കാമെന്നാണ് സി.പി.എം സംസ്ഥാന കമ്മിറ്റി കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശം. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പുറമെ പ്രാദേശികമായി ജനസമ്മതിയുള്ളവരെയും സി.പി.എം പരിഗണിക്കും. സ്ഥാനാര്‍ഥി നിര്‍ണയം നടത്തുമ്പോള്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ട് ശ്രദ്ധ നേടിയ ആര്‍.ആര്‍.ടി വളണ്ടിയര്‍മാര്‍, ആശ വര്‍ക്കര്‍മാര്‍ എന്നിവര്‍ക്ക് ഊന്നല്‍ നല്‍കണമെന്നും സി.പി.എം നിര്‍ദേശമുണ്ട്.
തദ്ദേശ സ്ഥാപന ഭരണസമിതികളില്‍ മൂന്നു തവണ അംഗങ്ങളായവര്‍ ഇനി മത്സരിക്കരുതെന്നതടക്കമുള്ള പ്രധാന നിര്‍ദേശങ്ങള്‍ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി നേരത്തെ തന്നെ നല്‍കിയിരുന്നു. ഒരു വീട്ടില്‍ നിന്ന് ഒന്നിലധികം പേര്‍ മത്സരിക്കരുതെന്നും ലീഗ് നേതൃത്വം സര്‍ക്കുലറിലൂടെ വ്യക്തമാക്കിയിരുന്നു.
പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും പരിഗണന നല്‍കുമെന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പറയുന്നുണ്ടെങ്കിലും അവസാന ഘട്ടമാവുമ്പോഴേക്കും കാര്യങ്ങള്‍ മാറിമറിയുമെന്ന ആശങ്കയിലാണ് യുവനേതാക്കള്‍. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ യുവജനങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യം വേണമെന്ന് ഇരു മുന്നണികളിലെയും യുവജന സംഘടനകള്‍ മാതൃസംഘടനകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് തവണ മത്സരിച്ചവര്‍ മാറിനില്‍ക്കണമെന്ന നിര്‍ദേശവും പാലിക്കപ്പെടാതെ പോവുമെന്ന ആശങ്ക യുവനേതാക്കള്‍ പങ്കുവയ്ക്കുന്നു. ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ മാറി മാറി മത്സരിക്കരുതെന്ന് കെ.പി.സി.സി സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇതെല്ലാം അട്ടിമറിക്കപ്പെടാറാണ് പതിവെന്ന് കോണ്‍ഗ്രസിലെ യുവനേതാക്കള്‍ പറയുന്നു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.