
തടി അല്‍പ്പം കൂടിയാല്‍ വലിയ പ്രശ്നങ്ങളാണ് ഓരോരുത്തരും അനുഭവിക്കുന്നത്. ആരോഗ്യ, സൗന്ദര്യ പ്രശ്നങ്ങള്‍ അയാളെ വേട്ടയാടിക്കൊണ്ടേയിരിക്കും. തടി കൂടാനുള്ള പ്രധാന കാരണം ഭക്ഷണരീതി തന്നെയാണ്. വ്യായാമം ചെയ്ത് തടി കുറയ്ക്കാന്‍ പെടാപ്പാടു പെടുന്നവരുണ്ടെങ്കിലും ഭക്ഷണം നിയന്ത്രിക്കാന്‍ അധികം പേരും തയാറാവുന്നില്ല.
ഭക്ഷണ നിയന്ത്രണത്തോടൊപ്പമുള്ള വ്യായാമമാണ് തടി കുറയ്ക്കാനുള്ള മാര്‍ഗം. പക്ഷെ, വ്യായാമം ചെയ്തുകഴിഞ്ഞാല്‍ പിന്നെ തീറ്റ ഒന്നുകൂടി ഉഷാറാവാറാണ് പതിവ്. വാരിവലിച്ച് തിന്നാലെന്താ വ്യായാമം ചെയ്യുന്നുണ്ടല്ലോ എന്നു വിചാരിക്കുന്നവരുമുണ്ട്.
ഭക്ഷണനിയന്ത്രണത്തിനു പുതിയ ചികിത്സാ രീതിയുമായി എത്തിയിരിക്കുകയാണ് കാലിഫോര്‍ണിയന്‍ കമ്പനിയായ ഒബാലണ് തെറാപ്യൂടിക്സ്. വയറ്റില്‍ ബലൂണുകള്‍ സ്ഥാപിച്ച് വിശപ്പു കുറയ്ക്കുകയെന്ന തന്ത്രമാണ് ഇവര്‍ ആവിഷ്കരിച്ചിരിക്കുന്നത്. ചികിത്സയ്ക്ക് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്.
ബോഡി മാസ് ഇന്‍ഡക്സ് നോക്കിയാണ് ചികിത്സ നടത്തുക. 12 മാസം വരെയാണ് ചികിത്സാകാലയളവ്. ഓറഞ്ച് വലുപ്പത്തിലുള്ള മൂന്ന് ചെറിയ ബലൂണുകള്‍ വയറ്റില്‍ നിക്ഷേപിക്കും. ഓരോ മാസം ഓരോന്നായാണ് ബലൂണുകള്‍ നിക്ഷേപിക്കുക. എല്ലാ ബലൂണുകളും ആറു മാസം കഴിഞ്ഞാല്‍ ഒന്നിച്ചു പുറത്തെടുക്കും.
ചികിത്സാ രീതി കണ്ട് ഞെട്ടേണ്ട, വെറും പത്തു മിനിറ്റ് കൊണ്ട് കാര്യം സാധിക്കും. ക്യാപ്സൂള്‍ രൂപത്തിലുള്ള ബലൂണ്‍ നേര്‍ത്ത ട്യൂബുമായി ബന്ധിപ്പിച്ച് വയറ്റിനകത്തേക്ക് കടത്തിവിടും. വയറ്റിലെത്തിയാല് ട്യൂബിലൂടെ ബലൂണിലേക്ക് ഗ്യാസ് നിറയ്ക്കുകയും ട്യൂബ് വേര്‍പ്പെടുത്തി പുറത്തെടുക്കുകയും ചെയ്യും. ഇത്രയുമായാല്‍ ചികിത്സയായി.
ആദ്യ മാസം ഒരു ബലൂണായതിനാല് അത്രയും അളവില്‍ ഭക്ഷണം കുറച്ചുകഴിച്ചാല്‍ മതി. അടുത്ത ബലൂണുകള്‍ കൂടി നിക്ഷേപിക്കുന്നതോടെ പിന്നെയും തീറ്റ കുറയും. ശരീരത്തിന് ആവശ്യമുള്ളവ മാത്രം കുറച്ചു കഴിക്കുമ്പോള്‍ തടി താനേ കുറയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.