തിരുവനന്തപുരം: ഡി.ജിപിയായി സ്ഥാനക്കയറ്റം ലഭിച്ച ടോമിന്‍ ജെ. തച്ചങ്കരിയെ പൊലിസ് ഫോഴ്‌സിനു പുറത്ത് നിയമിച്ച് ഉത്തരവിറങ്ങി. കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ സി.എം.ഡിയായാണ് നിയമനം. ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ സി.എം.ഡി പദവി വിജിലന്‍സ് ഡയറക്ടറുടെതിനു തുല്യമാക്കിയാണ് നിയമനം. നിലവില്‍ ക്രൈംബ്രാഞ്ച് മേധാവിയാണ്. ഒരു വകുപ്പില്‍ രണ്ടു ഡി.ജി.പി തസ്തിക സാധ്യമല്ലാത്തതിനാലാണ് തച്ചങ്കരിയെ പുറത്തുള്ള തസ്തികയില്‍ നിയമിച്ചത്. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം കേഡര്‍ പോസ്റ്റ് ആണെങ്കിലും വിജിലന്‍സ് കേസ് നിലനില്‍ക്കുന്നതിനാല്‍ വിജിലന്‍സില്‍ നിയമിക്കാന്‍ കഴിയില്ല. മറ്റു രണ്ടു കേഡര്‍ പോസ്റ്റുകളായ ഫയര്‍ഫോഴ്‌സ് മേധാവി സ്ഥാനത്ത് ഡി.ജി.പി ആര്‍. ശ്രീലേഖയെയും ജയില്‍ മേധാവി സ്ഥാനത്ത് ഡി.ജി.പി ഋഷിരാജ് സിങ്ങിനെയും നിലവില്‍ നിയമിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് പൊലിസ് സേനയ്ക്കു പുറത്ത് കേഡര്‍ തസ്തിക സൃഷ്ടിച്ച് ഡപ്യൂട്ടേഷനില്‍ നിയമിച്ചത്.
1986 ബാച്ച് ഐ.പി.എസ് ഓഫിസറാണ് ടോമിന്‍ ജെ. തച്ചങ്കരി. അടുത്ത വര്‍ഷം ജൂണില്‍ സംസ്ഥാന പൊലിസ് മേധാവി പദവിയില്‍നിന്ന് ലോക്‌നാഥ് ബെഹ്‌റ വിരമിക്കുമ്പോള്‍ സംസ്ഥാന പൊലിസ് മേധാവിയാകും. ആ സമയത്ത് സംസ്ഥാനത്തെ ഏറ്റവും സീനിയര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായിരിക്കും ടോമിന്‍ ജെ. തച്ചങ്കരി.
തച്ചങ്കരി കെ.എസ്.ആര്‍.ടി.സിയിലും ക്രൈംബ്രാഞ്ചിലും നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജനശ്രദ്ധ നേടിയിരുന്നു. കോഴിക്കോട്, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളുടെ പൊലിസ് മേധാവി ആയിരുന്നു. കണ്ണൂര്‍ റേഞ്ച് ഐ.ജി, പൊലിസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് എ.ഡി.ജി.പി, ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍, ഫയര്‍ ഫോഴ്‌സ് മേധാവി തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. പരേതയായ അനിത തച്ചങ്കരി ആണ് ഭാര്യ. ഇലക്ട്രോണിക്‌സ് രംഗത്തുള്ള മേഘയും കാവ്യയുമാണ് മക്കള്‍.
Comments are closed for this post.