
സംസ്ഥാനത്തു ഡ്രൈവര്‍ തസ്തികയിലേക്കു റാങ്ക് ലിസ്റ്റിലുള്ളവരെ പരിഗണിക്കാതിരിക്കാന്‍ കാരണം ഉദ്യോഗാര്‍ഥികള്‍ തമ്മിലുള്ള കേസുകളാണെന്ന് പി.എസ്.സി. എന്നാല്‍, പി.എസ്.സി അധികൃതരുടെ ഈ വാദം ശരിയല്ലെന്ന ആരോപണവുമായി ഉദ്യോഗാര്‍ഥികളും രംഗത്തെത്തി.
സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഡ്രൈവര്‍ തസ്തികയില്‍ മാത്രമായി 3,057 പേരാണ് മെയിന്‍ ലിസ്റ്റിലുള്ളത്. ഇവരെ പരിഗണിക്കാതെ ഈ തസ്തികയിലേക്കു താല്‍ക്കാലിക നിയമനങ്ങള്‍ നടക്കുന്നതു വാര്‍ത്തയായിരുന്നു.
തുടര്‍ന്നാണ് ഉദ്യോഗാര്‍ഥികള്‍ തമ്മിലുള്ള കേസുകള്‍ കോടതിയില്‍ നിലനില്‍ക്കുന്നതായും അതു കാരണം നിയമനം നടത്താനാകാത്ത സ്ഥിതിയാണെന്നും പി.എസ്.സിയുടെ കാസര്‍കോട്, വയനാട്, പാലക്കാട് ജില്ലാ ഓഫിസുകളില്‍നിന്നു വിശദീകരിച്ചത്.
പാലക്കാട് ജില്ലയില്‍ 117, കാസര്‍കോട്ട് 25, എറണാകുളം 76, തൃശൂര്‍ 119, കൊല്ലം 69, മലപ്പുറം 74, ഇടുക്കി 64, തിരുവനന്തപുരം 21, കോഴിക്കോട് 35 എന്നിങ്ങനെ ഒന്‍പതു ജില്ലകളില്‍ മാത്രമായി 600 തസ്തികകളിലേക്കാണ് താല്‍ക്കാലിക ജീവനക്കാരെ നിയമിച്ചിരിക്കുന്നത്. ഇതുസംബന്ധമായി വാര്‍ത്ത വന്നതോടെ നിരവധി ഉദ്യോഗാര്‍ഥികളാണ് പി.എസ്.സി ഓഫിസുകളുമായി ബന്ധപ്പെട്ടത്. എന്നാല്‍, ബാഡ്ജ് ഉള്ളവരും മൂന്നു വര്‍ഷം പൂര്‍ത്തിയായ ബാഡ്ജ് ഇല്ലാത്തവരും തമ്മില്‍ നിലനില്‍ക്കുന്ന നിയമനടപടികള്‍ പൂര്‍ത്തിയായതിനു ശേഷം നിയമനങ്ങള്‍ നടത്തിയാല്‍ മതിയെന്നു കോടതി ഉത്തരവുണ്ടെന്നാണ് കാസര്‍കോട്, വയനാട്, പാലക്കാട് ജില്ലാ ഓഫിസുകളില്‍നിന്നുള്ള മറുപടി.
എഴുത്തുപരീക്ഷയില്‍ റാങ്ക് ലിസ്റ്റില്‍ ഇടം നേടിയതിനു ശേഷം ടെസ്റ്റ് പൂര്‍ത്തിയാക്കി വെരിഫിക്കേഷന് സമയത്തു മൂന്നു വര്‍ഷം പൂര്‍ത്തിയായ ബാഡ്ജ് ഇല്ലെന്നു ചൂണ്ടിക്കാട്ടി പി.എസ്.സി റാങ്ക് ലിസ്റ്റില്‍നിന്നു പുറത്താക്കിയെന്ന പരാതിയുമായി 2017ല്‍ കാസര്‍കോട് സ്വദേശി ജയപ്രകാശാണ് കോടതിയെ സമീപിച്ചിരുന്നത്. മൂന്നു മാസം പൂര്‍ത്തിയായ ബാഡ്ജ് ഉള്ളവരെയും അല്ലാത്തവരെയും ഒരുപോലെ പരിഗണിക്കണമെന്നായിരുന്നു ഹരജി.
ഇദ്ദേഹത്തിന് അനുകൂലമായി കോടതി വിധി വന്നതോടെ സംസ്ഥാനത്തെ 11 ജില്ലകളില്‍നിന്നായി ബാഡ്ജ് ഉള്ളവരും ഇല്ലാത്തവരുമായ ചിലര്‍ക്കെങ്കിലും ജോലി ലഭിച്ചു. എന്നാല്‍, കാസര്‍കോട് ജില്ലയില്‍നിന്നു പരാതിയുമായി കോടതിയില്‍ പോയ ആള്‍ക്കു മാത്രമാണ് ജോലി ലഭിച്ചത്. വയനാട്, പാലക്കാട്, വയനാട് ജില്ലയില്നിന്നാകട്ടെ, ഒരാള്‍ക്കു പോലും ജോലി ലഭിച്ചതുമില്ല.
മറ്റു ജില്ലകളിലൊക്കെ ചിലര്‍ക്കെങ്കിലും നിയമനം ലഭിച്ചപ്പോള്‍ കോടതിയിലെ കേസിന്റെ പേര് പറഞ്ഞ് പി.എസ്.സി പ്രയാസപ്പെടുത്തുകയാണെന്നു കാസര്‍കോട്, വയനാട്, പാലക്കാട് ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ പറയുന്നു.