സ്വന്തം ലേഖകൻ
കണ്ണൂർ
സ്വർണക്കടത്തും കടത്തുസ്വർണം കവർച്ച ചെയ്യലും വലതുപക്ഷ സാമ്പത്തിക നയത്തിന്റെ ഉപോൽപ്പന്നങ്ങളാണെന്ന് ഡി.വൈ.എഫ്.ഐ സംഘടനാ റിപ്പോർട്ട്. ലോകത്ത് യുവത്വം നേരിടുന്ന വെല്ലുവിളി സമൂഹത്തിൽ നടക്കുന്ന വലതുപക്ഷ വ്യതിയാനമാണെന്നും ജില്ലാ സമ്മേളനങ്ങളിൽ സംസ്ഥാന കമ്മിറ്റിയംഗങ്ങൾ അവതരിപ്പിക്കുന്ന സംഘടനാ റിപ്പോർട്ടിൽ പറയുന്നു.
തൊഴിലില്ലായ്മയടക്കം യുവത്വം നേരിടുന്ന വെല്ലുവിളികളെല്ലാം വലതുപക്ഷ വ്യതിയാനം മൂലമുള്ള സാമ്പത്തിക നയങ്ങളുടെ ഉപോൽപ്പന്നങ്ങളാണ്. ഇതിനെ ചെറുക്കാൻ പന്തം കൊളുത്തി പ്രകടനം പോരാ. മഹാസമരങ്ങൾ വേണം. വലതുപക്ഷ വ്യതിയാനം മൂലമുള്ള സാമ്പത്തിക നയം യുവത്വത്തെയാണ് ബാധിച്ചിരിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യമേഖലയ്ക്ക് വിൽക്കുന്നതിലൂടെ ആ മേഖലയിലെ നിയമനങ്ങൾ ഇല്ലാതാകും. തൊഴിൽ രഹിത യുവത്വം സൃഷ്ടിക്കപ്പെടുന്നതോടെ വേഗത്തിൽ ധനസമ്പാദനം നടത്താൻ സ്വർണക്കള്ളക്കടത്ത് മുതൽ കടത്തുസ്വർണം കവർച്ച ചെയ്യുന്ന സംഘങ്ങളിൽ വരെ യുവാക്കൾ ചേക്കേറും. അരക്ഷിതമായ ഇളംതലമുറ മുതൽ കൗമാരക്കാർ വരെ ലഹരിയടക്കമുള്ളവ ഉപയോഗിക്കും. കലാപത്തിനു വരെ അവരെ ഉപയോഗിക്കാനാകും. അത് പുരോഗമന ആശയങ്ങൾ ഇല്ലാതാക്കും.
വലതു സാമ്പത്തിക നയം യുവത്വത്തിനു മുന്നിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കാൻ പോകുന്നത്. തെറ്റായ സാമ്പത്തിക നയത്തെ മഹാസമരത്തിലൂടെ മാത്രമേ ചെറുക്കാനാകൂ എന്നും റിപ്പോർട്ടിൽ പറയുന്നു.
Comments are closed for this post.