
കോഴിക്കോട്: യു.എസിലെ ജോര്‍ജിയയിലെ ഡേവിഡ് ട്വില്ഡിയാനി മെഡിക്കല്‍ യൂനിവേഴ്സിറ്റിയും (ഡി.ടി.എം.യു) കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡ്യൂലാബ്സ് ഫാര്‍മസ്യൂട്ടിക്കല്‍സും സഹകരിച്ച് പ്രവര്‍ത്തിക്കുന്നു.
ഇതിന്റ ഭാഗമായി കേരളത്തിലെ ചില ആശുപത്രികളുമായി കൈകോര്‍ക്കാനും ധാരണയായിട്ടുണ്ട്. സംസ്ഥാനത്തെ പ്രമുഖ മെഡിക്കല്‍ കോളജുകളിലെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഡി.ടി.എം.യുവില്‍ പ്രവേശം നല്‍കാനും ബാക്ടീരിയോഫേജ്, വൈറോളജി, മൈക്രോബയോളജി എന്നീ മേഖലകളില്‍ ഗവേഷണം നടത്താനുമാണ് പുതിയ സഹകരണം നടപ്പാക്കുന്നതെന്ന് സര്‍വകലാശാല പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മെഴ്സ ബാക്ടീരിയയുടെ സാന്നിധ്യം മൂലം രോഗബാധയും മരണസംഖ്യയും കൂടുതലുള്ളത് ഇന്ത്യയിലാണെന്നും അതുകൊണ്ട് ബാക്ടീരിയകളെക്കുറിച്ചുള്ള ഗവേഷണത്തിന് സാധ്യത വര്‍ധിച്ചതാണെന്നും ഡി.ടി.എം.യു വൈസ് റെക്ടറും അന്താരാഷ്ട്ര കാര്യവിഭാഗം മേധാവിയുമായ ഡേവിഡ് ട്വില്ഡിയാനി പറഞ്ഞു.
ഡി.ടി.എം.യുവിലെ ആറുവര്‍ഷ എം.ഡി കോഴ്സുകളില്‍ പഠിക്കുന്നവരില്‍ 20ശതമാനം പേരും ഇന്ത്യയില്‍ നിന്നുള്ളവരാണ്. കേരളത്തില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളുള്ളത്. ഡി.ടി.എം.യു സെക്രട്ടറിയും പബ്ലിക്ക് റിലേഷന്‍സ് മാനേജറുമായ ജോര്‍ജ് സവിന്സെ, ഡോ. മുഹമ്മദ് ഷീദ്, ഡ്യൂലാബ്സ് എം.ഡി റമീസ് അസീസ്, ഡയറക്ടര്‍ മുസഫര്‍ അബ്്റാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.