2021 January 17 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഡി.ജി.പിയെ മാറ്റണം

തിരുവനന്തപുരം: സംസ്ഥാന പൊലിസ് മേധാവി സ്ഥാനത്തു നിന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ മാറ്റണം എന്ന് നിലപാടില്‍ ഉറച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍. നിലപാടില്‍ ഇളവ് വരുത്തണമെന്ന സംസ്ഥാനത്തിന്റെ അഭ്യര്‍ഥന കമ്മിഷന്‍ തള്ളി. ജനുവരി അവസാന വാരത്തിന് മുന്‍പ് ബെഹ്‌റയെ മാറ്റണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു. മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ ഡി.ജി.പി ആയാല്‍ പിന്നീട് തുടരാന്‍ സാധിക്കില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. ഇത് സംസ്ഥാന സര്‍ക്കാരിനെ ചീഫ് സെക്രട്ടറി വഴി കമ്മിഷന്‍ അറിയിക്കും.
നേരത്തെ പൊലിസ് മേധാവി അടക്കം മൂന്ന് വര്‍ഷം ഒരേ തസ്തികയില്‍ തുടരുന്ന ഉദ്യോഗസ്ഥരെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് മാറ്റണമെന്ന് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ ചീഫ് സെക്രട്ടറിക്ക് കത്തു നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് ജോലികളില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന, പൊലിസ് – റവന്യൂ വകുപ്പുകളില്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ ഉദ്യോഗസ്ഥരെ മാറ്റണമെന്നാണ് ചട്ടം. നിയമസഭാ തെരഞ്ഞെടുപ്പ് വരും മുന്‍പെ പൊലിസ് തലപ്പത്തെ മാറ്റങ്ങളുടെ നടപടി തുടങ്ങണമെന്ന് ആഭ്യന്തരസെക്രട്ടറിയും സര്‍ക്കാരിനെ അറിയിച്ചിരുന്നു. ബെഹ്‌റയെ മാറ്റിയാല്‍ പൊലിസ് മേധാവിയാകേണ്ടവരുടെ പട്ടിക കേന്ദ്ര സര്‍ക്കാരിന് നേരത്തെ കൈമാറണം. യു.പി.എസ്.സി തരുന്ന പട്ടികയില്‍ നിന്നും മൂന്ന് പേരെ തെരഞ്ഞെടുത്ത് സംസ്ഥാന സര്‍ക്കാരിന് കൈമാറണം. ഇതില്‍ നിന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഒരാളെ തെരഞ്ഞെടുക്കേണ്ടത്. ഇത്തരം നടപടിക്രമങ്ങള്‍ക്കുള്ള കാലതാമസമാണ് ആഭ്യന്തര സെക്രട്ടറി ചൂണ്ടിക്കാട്ടിയിരുന്നത്. ഇതേ തുടര്‍ന്നാണ് ബെഹ്‌റയെ തന്നെ പൊലിസ് മേധാവി സ്ഥാനത്ത് നില നിര്‍ത്താന്‍ ഇളവു തേടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ സര്‍ക്കാര്‍ സമീപിച്ചത്.
ബെഹ്‌റക്ക് പകരം സാധ്യതാ പട്ടികയില്‍ വരാനുള്ളത് ഋഷിരാജ് സിങ്, ടോമിന്‍ ജെ തച്ചങ്കരി, സുദേഷ് കുമാര്‍ എന്നിവരാണ്. ബെഹ്‌റ മാറണമെന്ന നിലപാട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വീകരിച്ചതോടെ ടോമിന്‍ ജെ തച്ചങ്കരിയെ പൊലിസ് മേധാവി സ്ഥാനത്ത് കൊണ്ടു വന്നേക്കും. അടുത്ത ജൂണ്‍ 30നാണ് ബെഹ്‌റ വിരമിക്കുന്നത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.